കണ്ണിമചിമ്മാതെ പൊലീസ്, കണ്ണുവെട്ടിക്കാന്‍ ലഹരി മാഫിയ... വിദ്യാര്‍ത്ഥിനികളെ മറയാക്കി ലഹരിസംഘങ്ങള്‍


കണ്ണിമ ചിമ്മാതെ പൊലീസ്, കണ്ണുവെട്ടിക്കാന്‍ ലഹരി മാഫിയ. പാലാ ഡി.വൈ.എസ്.പി. കെ. സദന്‍ മുതല്‍ എസ്.ഐ. ദിലീപ് കുമാര്‍ വരെയുള്ളവര്‍ കഞ്ചാവ്-മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായി രംഗത്തിറങ്ങി. 
 
പാലാ ടൗണ്‍ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാവിധ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും മുളയിലെ നുള്ളാന്‍ പൊലീസ് ജാഗരൂകരായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡി.വൈ.എസ്.പി. കെ. സദന്‍ നേരിട്ട് രംഗത്തിറങ്ങി ടൗണ്‍ ബസ് സ്റ്റാന്റില്‍ തുടര്‍ച്ചയായി പട്രോളിംഗ് നടത്തി. സംശയാസ്പദമായി കണ്ട വിദ്യാര്‍ത്ഥികളെ വിളിച്ച് താക്കീത് ചെയ്യുകയും എത്രയും വേഗം വീട്ടില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 

പാലാ എസ്.ഐ. ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ ടൗണ്‍ ബസ് സ്റ്റാന്റില്‍ തങ്ങിയ മുഴുവന്‍ സാമൂഹ്യവിരുദ്ധരെയും മറ്റ് അനാശാസ്യക്കാരെയും ഓടിച്ചു. 

ഇതേ സമയം വിദ്യാര്‍ത്ഥികളെ മറയാക്കി കഞ്ചാവ്-മയക്കുമരുന്ന് മാഫിയ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ളതാണ് വസ്തുത. പൊലീസ് പരിശോധന കര്‍ശനമാക്കിയതോടെ വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ മറയാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. 


കംഫര്‍ട്ട് സ്റ്റേഷനിലെത്തി യൂണിഫോം മാറ്റും... 

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏറിയാല്‍ പതിനഞ്ചോ പതിനാറോ വയസ്സ് തോന്നിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനിലെത്തി അവരിട്ടുകൊണ്ടു വരുന്ന യൂണിഫോം മാറ്റി കയ്യില്‍ കരുതിയിരിക്കുന്ന വേറെ വസ്ത്രം ധരിക്കുന്നു. തുടര്‍ന്ന് പുറത്തിറങ്ങി ചില യുവാക്കളോടൊപ്പം ഊരുചുറ്റല്‍ നടത്തുകയാണെന്നാണ് ആരോപണം. ചില ഓട്ടോഡ്രൈവര്‍മാര്‍ ചില പൊതികള്‍ ഇവര്‍ക്ക് കൈമാറുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 4.30 ടൗണ്‍ ബസ് സ്റ്റാന്റില്‍ പൊന്‍കുന്നം ബസ് പാര്‍ക്ക് ചെയ്യുന്ന ഭാഗത്ത് ജീന്‍സും ഷര്‍ട്ടും ധരിച്ച ഒരു പെണ്‍കുട്ടി ആരെയോ കാത്തുനില്‍ക്കുകയാണ്. പ്രതീക്ഷിച്ച ആളെ കാണാത്തതിന്റെ ആശങ്ക മുഖത്ത് നിഴലിക്കുന്നുണ്ട്. ഇതിനിടെ കൈലിമുണ്ട് ധരിച്ച ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന പൊക്കം കുറഞ്ഞ ഒരു യുവാവ് സ്ഥലത്തെത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ സമീപത്ത് പരിചയമില്ലാത്ത രണ്ടുപേരെ കണ്ടിട്ടാവണം യുവാവ് സ്ഥലംവിട്ടു. യുവാവിനെ തേടി പെണ്‍കുട്ടി സ്റ്റാന്റ് മുഴുവന്‍ കറങ്ങി. ഇതിനിടെ പൊന്‍കുന്നം ഭാഗത്തേക്ക് പോകേണ്ട ബസ് വന്നു. പെണ്‍കുട്ടി ബസില്‍ കയറാനൊരുങ്ങവേ പൊടുന്നനെ പ്രത്യക്ഷപ്പെട്ട കൈലമുണ്ടുടുത്ത യുവാവ് ചെറിയ ഒരു പൊതി പെണ്‍കുട്ടിക്ക് നേരെ നീട്ടി. അവളത് സന്തോഷത്തോടെ വാങ്ങി ബാഗിലിട്ടു. എന്തായാലും അത് കഞ്ചാവോ മയക്കുമരുന്നോ ആണെന്നുള്ളത് വ്യക്തം. 

പൊലീസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് മഫ്തിയിലും മറ്റുമായി കര്‍ശന പരിശോധന തുടരുമ്പോഴും കഞ്ചാവ് - മയക്കുമരുന്ന് മാഫിയ അവയെയൊക്കെ തരണം ചെയ്ത് തങ്ങളുടെ പരിപാടികളുമായി ഇപ്പോഴും മുന്നോട്ടാണെന്ന് വ്യക്തം.  



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments