കോഴിക്കോട് പന്നിക്കോട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റിൽ അകപ്പെട്ട ഒന്നര മീറ്ററോളം നീളമുള്ള മൂർഖൻ പാമ്പിനെ സാഹസികമായി പിടികൂടി.
കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശി നജ്മുദ്ദീന്റെ വീട്ടിലെ കിണറിലാണ് പാമ്പിനെ കണ്ടെത്തിയത്. നിർമ്മാണം നടക്കുന്ന കിണറിലെ പടവിൽ പാമ്പിനെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തരായി. ഉടൻ തന്നെ വനംവകുപ്പിന് കീഴിലുള്ള ആർആർടി വളണ്ടിയർ കബീർ കളൻതോടിനെ വിവരം അറിയിക്കുകയായിരുന്നു.
കിണറ്റിലേക്ക് ഇറങ്ങുന്നതിന് പകരം തെങ്ങിന്റെ കൊതുമ്പുകൾ കയറിൽ കെട്ടിത്താഴ്ത്തിയാണ് കബീർ പാമ്പിനെ പുറത്തെത്തിച്ചത്. വെള്ളം ഉണ്ടായിരുന്ന പടവിന് തൊട്ടുമുകളിലായാണ് പാമ്പ് പതുങ്ങിയിരുന്നത്. ഒന്നര മീറ്ററോളം നീളമുള്ള ഇതിനെ വളരെ വേഗത്തിൽ തന്നെ സുരക്ഷിതമായി പുറത്തെടുക്കാൻ കബീറിന് സാധിച്ചു.
ആഴമുള്ള കിണറ്റിൽ മൂർഖൻ എങ്ങനെ എത്തിയെന്നത് വ്യക്തമല്ല. പിടികൂടിയ പാമ്പിനെ പിന്നീട് ജനവാസമില്ലാത്ത വനമേഖലയിൽ തുറന്നുവിട്ടു. കബീർ കളൻതോടിന്റെ സമയോചിതമായ ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു.



0 Comments