കേരള രാഷ്ട്രീയത്തിലെ അതികായനായ പി.ജെ ജോസഫിന്റെ പിന്‍ഗാമിയായി തൊടുപുഴയില്‍ അങ്കത്തിനിറങ്ങിയ അപു ജോണ്‍ ജോസഫ് ഉജ്ജ്വല വിജയം സ്വന്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അപു, കന്നി തെരഞ്ഞെടുപ്പില്‍ തന്നെ 44291 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് നിയമസഭയിലേക്ക് പ്രവേശിക്കുന്നത്. ദശാബ്ദങ്ങളായി പി.ജെ ജോസഫിനെ നെഞ്ചിലേറ്റുന്ന തൊടുപുഴ, മകനെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു എന്നാണ് ഫലം തെളിയിക്കുന്നത്. യുവാക്കളുടെ ഇടയിലുള്ള അപുവിന്റെ സ്വാധീനവും മണ്ഡലത്തിലെ വികസന ചര്‍ച്ചകളും വിജയത്തിന് ആക്കം കൂട്ടി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് ചാഴികാടന്‍ (കേരള കോണ്‍ഗ്രസ് എം), എന്‍ഡിഎ പിന്തുണയുള്ള ട്വന്റി-20 സ്ഥാനാര്‍ത്ഥി റോയ് വരിക്കാട്ട് എന്നിവരെ പിന്നിലാക്കിയാണ് അപുവിന്റെ കുതിപ്പ്. ആരോഗ്യപരമായ കാരണങ്ങളാല്‍ പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്നപ്പോള്‍ ഏല്‍പ്പിച്ചു കൊടുത്ത ദൗത്യം അപു ജോണ്‍ ജോസഫ് ഭംഗിയായി പൂര്‍ത്തിയാക്കി. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ അപുവിനായി. വിജയവാര്‍ത്ത പുറത്തു വന്നതോടെ തൊടുപുഴ നഗരം ആവേശത്തിലായി. പി.ജെ ജോസഫിന്റെയും യുഡിഎഫ് നേതാക്കളുടെയും സാന്നിധ്യത്തില്‍ പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ ഉടനീളം ആഹ്ലാദപ്രകടനം നടത്തി. പി.ജെ ജോസഫ് മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അപു ജോണ്‍ ജോസഫ് പ്രതികരിച്ചു.


0 Comments