കിടങ്ങൂരില്‍ മിനിമാസ്റ്റ് ലൈറ്റുകളില്‍ ഇനിമുതല്‍ നിരീക്ഷണ ക്യാമറ കണ്ണുകള്‍....പദ്ധതി സമര്‍പ്പണം: 02.07.2026, വ്യാഴം


കിടങ്ങൂരില്‍ മിനിമാസ്റ്റ് ലൈറ്റുകളില്‍ ഇനിമുതല്‍ നിരീക്ഷണ ക്യാമറ കണ്ണുകള്‍....പദ്ധതി സമര്‍പ്പണം: 02.07.2026, വ്യാഴം

ജില്ലാ പഞ്ചായത്തിന്റെ 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച്, കിടങ്ങൂര്‍ പഞ്ചായത്തിലെ 11 സ്ഥലങ്ങളില്‍ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള മിനിമാസ്റ്റ് ലൈറ്റുകളില്‍ നിരീക്ഷണ ക്യാമറകള്‍  സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് മിനിമാസ്റ്റ് ലൈറ്റുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാകുന്നത്. മിനിമാസ്റ്റ് ലൈറ്റുകളില്‍ ക്യാമറ സ്ഥാപിച്ചതിനാല്‍ ചെലവിനത്തില്‍ നാല്‍പ്പത് ശതമാനം കുറവുണ്ടായി. നിരീക്ഷണ ക്യാമറയ്ക്കായുള്ള പോസ്റ്റുകള്‍, ആയതിന്റെ ഫൗണ്ടേഷന്‍, വൈദ്യുതി കണക്ഷന്‍ എന്നിവ ആവശ്യം വന്നില്ല. മിനിമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി കണക്ഷനില്‍ നിന്നുതന്നെ ക്യാമറയ്ക്ക് ആവശ്യമായിട്ടുള്ള വൈദ്യുതിയും ലഭ്യമായിട്ടുണ്ട്. മിനിമാസ്റ്റ് ലൈറ്റുകളുടെ പ്രകാശത്തിന്‍ കീഴില്‍ ക്യാമറകള്‍ സ്ഥാപിച്ചതുകൊണ്ട് കൂടുതല്‍ ക്യാമറ ക്ലാരിറ്റി ലഭിക്കുന്നുണ്ട്. 


5 എം.പി.യുടെ ബുള്ളറ്റ് വെരിഫോക്കല്‍ മോഡല്‍ ക്യാമറകളാണ് പദ്ധതിയ്ക്കായി സ്ഥാപിച്ചിരിക്കുന്നത്്. ഒരു യൂണിറ്റില്‍ രണ്ട് ക്യാമറകള്‍ ആണ് സ്ഥാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെല്‍ മുഖേനയാണ് ക്യാമറകള്‍ സ്ഥാപിച്ചത്. 3 വര്‍ഷത്തേക്ക് ആയതിന്റെ പരിപാലന ചുമതല പൊതുമേഖലാ സ്ഥാപനം തന്നെ നടത്തുന്നതാണ്.  കേബിള്‍ നെറ്റ്‌വര്‍ക്ക് മുഖേനയാണ് ക്യാമറ പ്രവര്‍ത്തിക്കുന്നത്. ഒരേസമയം 20 ഫോണിലേക്കും 5 ടി.വി.യിലേക്കും നിരീക്ഷണ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമറ നിരീക്ഷണത്തിനായി കിടങ്ങൂര്‍ പഞ്ചായത്തില്‍ പ്രത്യേക ടി.വി. സ്ഥാപിച്ചിട്ടുണ്ട്. പോലീസ്, എക്‌സൈസ്, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ജനപ്രതിനിധികള്‍ ഓരോ സ്ഥലത്തെയും പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമറ നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
രാത്രികാലങ്ങളിലെ മാലിന്യം തള്ളല്‍, വാഹന അപകടങ്ങള്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മോഷണം എന്നിവ കൃത്യമായി നിരീക്ഷിച്ച് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.


 
ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ കുമ്മണ്ണൂര്‍ മന്ദിരം ജംഗ്ഷന്‍, കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ ജംഗ്ഷന്‍, ചേര്‍പ്പുങ്കല്‍-ചെമ്പിളാവ് റോഡില്‍ ചേര്‍പ്പുങ്കല്‍ പള്ളി ജംഗ്ഷന്‍,  കുമ്മണ്ണൂര്‍-മറ്റക്കര റോഡില്‍ ചെമ്പിളാവ് ക്ഷേത്ര ജംഗ്ഷന്‍, ചെമ്പിളാവ്-കിടങ്ങൂര്‍ ക്ഷേത്രം റോഡില്‍ കിടങ്ങൂര്‍ ക്ഷേത്രം കിഴക്കേനട, കിടങ്ങൂര്‍-മണര്‍കാട് റോഡില്‍ കിടങ്ങൂര്‍ പാലം, കിടങ്ങൂര്‍-കിഴക്കേ കൂടല്ലൂര്‍ റോഡില്‍ പിറയാര്‍ ക്ഷേത്ര ജംഗ്ഷന്‍, കുമ്മണ്ണൂര്‍-കിഴക്കേ കൂടല്ലൂര്‍-കടപ്പൂര്‍ റോഡില്‍ കൂടല്ലൂര്‍ പള്ളി ജംഗ്ഷന്‍, കൂടല്ലൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രം, കിടങ്ങൂര്‍ -പാദുവ റോഡില്‍ ശിവപുരം ക്ഷേത്ര ജംഗ്ഷന്‍  എന്നീ സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകളില്‍ 20 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കിടങ്ങൂര്‍ പഞ്ചായത്തിലെ എല്ലാ പ്രധാനപ്പെട്ട റോഡുകളും ബന്ധിപ്പിച്ചാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി പൂര്‍ത്തീയാക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് ഫണ്ട് 5 ലക്ഷം രൂപ ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതി കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മുഖേനയാണ് നിര്‍വഹണം നടത്തിയത്. 
മിനിമാസ്റ്റ് ലൈറ്റുകളില്‍ നിരീക്ഷ ക്യാമറ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യപദ്ധതിയുടെ ഉദ്ഘാടനം 02.07.2026, വ്യാഴം ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ പഞ്ചായത്ത് ഹാളില്‍ വച്ച് ജലവിഭവഭവനനിര്‍മ്മാണ വകുപ്പുമന്ത്രി അഡ്വ. മോന്‍സ് ജോസഫ് നിര്‍വ്വഹിക്കുന്നതാണ്. യോഗത്തില്‍ ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, നിമ്മി ട്വിങ്കിള്‍രാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു,  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബോബി തോമസ്, ജ്യോതി ബാലകൃഷ്ണന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി, കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് നെച്ചിക്കാട്ടില്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പ്രസംഗിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments