ആഴക്കടലിൽ യോഗാസനങ്ങളുമായി ഇന്ത്യൻ നാവികസേന; അന്താരാഷ്ട്ര യോഗാ ദിനത്തിൽ വേറിട്ട ദൃശ്യവിരുന്ന്


  പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനം (2026) വ്യത്യസ്തവും അതിശയിപ്പിക്കുന്നതുമായ രീതിയില്‍ ആഘോഷിച്ച് ഇന്ത്യന്‍ നാവികസേന. ഐ.എന്‍.എസ് ശതവാഹന'യില്‍ കടലിനടിയില്‍ വെച്ച് നടത്തിയ അണ്ടര്‍വാട്ടര്‍ യോഗാ സെഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. നാവികസേനയിലെ 40 അന്തര്‍വാഹിനി (സബ്മറൈന്‍) ഉദ്യോഗസ്ഥരാണ് വെള്ളത്തിനടിയില്‍ ഒരേസമയം യോഗാസനങ്ങള്‍ അവതരിപ്പിച്ചത്. നാവിക ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ശാരീരികക്ഷമതയും കഠിനമായ മാനസിക അച്ചടക്കവും വ്യക്തമാക്കുന്നതായിരുന്നു ഈ വേറിട്ട പ്രകടനം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐ.എന്‍.എസ് ശതവാഹന തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വെള്ളത്തിനടിയില്‍ കൃത്യമായ ഏകോപനത്തോടെ, ശ്വാസനിയന്ത്രണവും ഏകാഗ്രതയും നിലനിര്‍ത്തിക്കൊണ്ടാണ് സൈനികര്‍ വിവിധ യോഗാസനങ്ങള്‍ ചെയ്തത് . 


കഠിനമായ സാഹചര്യങ്ങളിലും യോഗ എങ്ങനെ ഫലപ്രദമായി പരിശീലിക്കാമെന്നും, സമ്മര്‍ദ്ദമേറിയ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന നാവികര്‍ക്ക് മാനസിക ഉന്മേഷവും ആത്മവിശ്വാസവും വീണ്ടെടുക്കാന്‍ ഇത് എങ്ങനെ സഹായിക്കുമെന്നും ഈ സെഷന്‍ കാണിച്ചുതരുന്നു. പ്രത്യേകിച്ച് കപ്പലുകളിലും അന്തര്‍വാഹിനികളിലും മാസങ്ങളോളം ഒരേ അന്തരീക്ഷത്തില്‍ ജോലി ചെയ്യേണ്ടിവരുന്ന സബ്മറൈന്‍ ജീവനക്കാര്‍ക്ക് ഏകാഗ്രതയും മാനസിക സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍ ഇത്തരം പരിശീലനങ്ങള്‍ അത്യന്താപേക്ഷിതമാണ്. പ്രചരിക്കുന്ന വീഡിയോകളില്‍ ഭുജംഗാസനം ഉള്‍പ്പെടെയുള്ള ആസനങ്ങള്‍ നാവികര്‍ വെള്ളത്തിനടിയില്‍ കൃത്യതയോടെ ചെയ്യുന്നത് കാണാം. ലെഫ്റ്റനന്റ് കമാന്‍ഡര്‍ ആരുഷ് ശര്‍മ്മയുടെ മേല്‍നോട്ടത്തില്‍ നാവികസേനയിലെ തന്നെ ഇന്‍-ഹൗസ് യോഗാ വിദഗ്ധരാണ് ഈ സെഷന് നേതൃത്വം നല്‍കിയത്. നിയന്ത്രിതമായ ശ്വസനരീതികള്‍ (പ്രാണായാമം), മനസ്സിനെ ശാന്തമാക്കുന്ന ചലനങ്ങള്‍ എന്നിവയിലൂടെ കടുത്ത സമ്മര്‍ദ്ദമുള്ള ഘട്ടങ്ങളില്‍പ്പോലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ യോഗ സൈനികരെ പ്രാപ്തരാക്കുന്നു.


 സൈനികരുടെ സമഗ്രമായ ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനുമായി നാവികസേന നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ പരിപാടിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി 'നാവികരുടെ സമഗ്രമായ ആരോഗ്യ സംരക്ഷണത്തോടും ഫിറ്റ്‌നസ് രംഗത്തെ നൂതനമായ പരീക്ഷണങ്ങളോടുമുള്ള ഇന്ത്യന്‍ നാവികസേനയുടെ പ്രതിജ്ഞാബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ പരിപാടി. ഇതോടൊപ്പം ഈ വര്‍ഷത്തെ യോഗാ ദിന സന്ദേശത്തെ ഇത് കൂടുതല്‍ ശക്തമാക്കുന്നു.'  ഐ.എന്‍.എസ് ശതവാഹനയുടെ എക്‌സ് കുറിപ്പില്‍ പറയുന്നു. ശാരീരിക വഴക്കം, ബാലന്‍സ്, മാനസിക വ്യക്തത, സമ്മര്‍ദ്ദ മാനേജ്‌മെന്റ് എന്നിവയ്ക്ക് യോഗ ഏറെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതിനാല്‍ വിവിധ സായുധ സേനാ വിഭാഗങ്ങള്‍ തങ്ങളുടെ ഫിറ്റ്‌നസ് പ്രോഗ്രാമുകളില്‍ യോഗയെ ഉള്‍പ്പെടുത്തിവരുന്നുണ്ട്. ഇന്ത്യയില്‍ ഉടനീളം വിപുലമായ പരിപാടികളോടെയാണ് പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നടന്ന വന്‍ യോഗാ പ്രദര്‍ശനത്തില്‍ പങ്കുചേരുകയും യോഗയുടെ ആഗോള സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments