ബിയറും വൈനുമല്ലാതെ എന്താണ് വീര്യം കുറഞ്ഞ മദ്യം? ബെവ്‌കോ കൗണ്ടറുകളിലെത്തും റെഡി ടു ഡ്രിങ്ക് ബിവറേജസ്; ലക്ഷ്യം കോടികളുടെ വരുമാനം




 മുഖ്യമന്ത്രി വിഡി സതീശന്‍ വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഏറെ ചര്‍ച്ചയായ പ്രഖ്യാപനങ്ങളിലൊന്നാണ് വീര്യം കുറഞ്ഞ മദ്യത്തിനായുള്ള പ്രത്യേക വില്‍പ്പന നികുതി ഘടന. സംസ്ഥാനത്ത് കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള പുതിയ ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കാനും നികുതി വ്യവസ്ഥയില്‍ വ്യക്തത വരുത്താനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. സംസ്ഥാനത്ത് നിലവിലുള്ള ബിയര്‍, വൈന്‍, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം എന്നിവയുടെ നികുതിയിലോ വീര്യത്തിലോ യാതൊരു മാറ്റവും വരുത്താതെ, പൂര്‍ണമായും പുതിയൊരു വിഭാഗമായാണ് ‘വീര്യം കുറഞ്ഞ മദ്യത്തെ’ ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. 


 ആല്‍ക്കഹോളിന്റെ അളവ് അടിസ്ഥാനമാക്കി ഈ വിഭാഗത്തെ രണ്ടായി തിരിച്ചാണ് വില്‍പ്പന നികുതി നിശ്ചയിച്ചിരിക്കുന്നത്: 0.5% മുതല്‍ 10% വരെ വീര്യമുള്ളവയ്ക്ക് – 120%, 10% മുതല്‍ 20% വരെ വീര്യമുള്ളവയ്ക്ക് – 175% വില്‍പ്പന നികുതി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി, 0.5% മുതല്‍ 20% വരെ ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളെ ‘വീര്യം കുറഞ്ഞ മദ്യം’ എന്ന പ്രത്യേക കാറ്റഗറിയായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വിഭാഗത്തില്‍ നിന്നുള്ള നികുതി എത്രയെന്ന കാര്യത്തില്‍ ഇതുവരെ കൃത്യതയുണ്ടായിരുന്നില്ല. ബജറ്റിലൂടെ ഈ നികുതി ഘടന കൃത്യമായി നിര്‍വചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ബിയര്‍, വൈന്‍ എന്നിവയൊഴികെ വിപണിയിലിറങ്ങാന്‍ പോകുന്ന പുതിയ തരം ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ നികുതി ബാധകമാകുക. പുതിയ നികുതി വ്യവസ്ഥ നടപ്പിലാകുന്നതോടെ വലിയ ബിസിനസ്സ് സാധ്യതയാണ് സംസ്ഥാനത്ത് തുറക്കുന്നത്. ആഗോളതലത്തില്‍ തന്നെ വലിയ ജനപ്രീതിയുള്ള ‘റെഡി-ടു-ഡ്രിങ്ക്’ ബിവറേജുകള്‍, ഫ്‌ളേവേര്‍ഡ് ലോ-ആല്‍ക്കഹോള്‍ ഡ്രിങ്കുകള്‍ എന്നിവയ്ക്ക് ബെവ്‌കോ വഴി ഔദ്യോഗികമായി വിപണിയിലെത്താന്‍ ഇത് വഴിയൊരുക്കും. 


 എന്നാല്‍, ഈ പ്രഖ്യാപനം സഭയ്ക്കകത്തും പുറത്തും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഈ നീക്കത്തെ വിമര്‍ശിക്കുകയുണ്ടായി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷിക വിളകളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും ചെറുകിട വ്യവസായങ്ങളിലൂടെ മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും, എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ നയം വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ മദ്യം വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments