ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും വനിതാ കോച്ചുകളെ നിയമിക്കണമെന്ന കർശന നിർദ്ദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

 

സംസ്ഥാനത്ത് ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും വനിതാ കോച്ചുകളെ നിയമിക്കണമെന്ന കർശന നിർദ്ദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കെ.സി.എയുടെ കീഴിലെ പരിശീലന കേന്ദ്രങ്ങളിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവ് പുറപ്പെടുവിച്ചത്. വനിതാ കോച്ചുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരിശീലന സമയത്ത് മുതിർന്ന വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യം നിർബന്ധമായും ഉറപ്പാക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. പരിശീലനത്തിനെത്തുന്ന പെൺകുട്ടികൾ വസ്ത്രം മാറുന്ന മുറികളിൽ പുരുഷന്മാരുടെ പ്രവേശനം പൂർണമായും തടയുകയും ഇതിനായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണം. 


പരിശീലന സ്ഥലത്ത് തുടരാൻ താൽപ്പര്യമുള്ള മാതാപിതാക്കളെ അതിനനുവദിക്കണം. കൂടാതെ, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പരിശീലന സ്ഥലങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും, രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ദൃശ്യങ്ങൾ പരിശോധിച്ച് സംശയകരമായ കാര്യങ്ങൾ കണ്ടെത്തിയാൽ പോലീസിനെ അറിയിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. കെ.സി.എയിൽ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും, പെൺകുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക 'ചൈൽഡ് പ്രൊട്ടക്ഷൻ പോളിസി'ക്ക് രൂപം നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു. പരിശീലകർക്കെതിരെ പരാതി ലഭിച്ചാൽ ഉടൻ പൊലീസിന് കൈമാറുകയും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയാൻ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുകയും വേണം.


 കെ.സി.എയിലെ യുവ പരിശീലകർക്ക് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി കൃത്യമായ ബോധവൽക്കരണം നൽകണം. തിരുവനന്തപുരം ജില്ല ക്രിക്കറ്റ് അസോസിയേഷൻ അസിസ്റ്റന്റ് കോച്ചിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പീഡനാരോപണം ഉൾപ്പെടെയുള്ള കേസുകൾ അതീവ ഗൗരവത്തോടെ കാണണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. പ്രതിയായ പരിശീലകൻ പോക്സോ കേസിൽ വിചാരണ നേരിടുന്നയാളായതിനാൽ മറ്റ് അസോസിയേഷനുകൾ ഇയാളുമായി സഹകരിക്കരുതെന്ന കെ.സി.എയുടെ നിർദ്ദേശം ജില്ല തലങ്ങളിൽ കർശനമായി നടപ്പിലാക്കണം. ഈ പരിശീലകനെതിരെ നിലവിൽ ആറ് പോക്സോ കേസുകളാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെ.സി.എയുടെ ഈ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments