പോലീസുകാരൻ യാത്ര ചെയ്തത് ഹെൽമറ്റ് ധരിക്കാതെ; വേറിട്ട ‘ശിക്ഷ’ വിധിച്ച് ഡിഐജി




 ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷനോ പിഴയോ നൽകാതെ ജീവിതകാലം ഓർത്തുവെക്കാവുന്ന പാഠം പഠിപ്പിച്ച തിരുനെൽവേലി റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ തിരുനാവുക്കരശിന്റെ നടപടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. 

 ജൂൺ 28-നാണ് സംഭവം. ഹെഡ് കോൺസ്റ്റബിൾ വെങ്കിടേഷ് ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ സഞ്ചരിക്കുന്നത് ഡിഐജിയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ അദ്ദേഹത്തെ ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചു. കർശന വകുപ്പുതല നടപടികൾ നേരിടേണ്ടിവരുമെന്ന ആശങ്കയോടെയാണ് വെങ്കിടേഷ് ഡിഐജിയെ കണ്ടത്. 

 എന്നാൽ, പതിവ് ശിക്ഷകൾക്ക് പകരം ബോധവൽക്കരണത്തിലൂടെ മാറ്റം കൊണ്ടുവരാനായിരുന്നു ഡിഐജിയുടെ തീരുമാനം. ഹെൽമെറ്റ് ധരിക്കാത്തതിനാൽ അപകടത്തിൽപ്പെട്ട് ഗുരുതര തലയ്ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രോഗികളെ സർക്കാർ ആശുപത്രിയിൽ നേരിട്ട് സന്ദർശിക്കാനാണ് വെങ്കിടേഷിന് നിർദേശം നൽകിയത്. 

 തുടർന്ന് തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെഡ് ഇഞ്ചുറി വാർഡ് സന്ദർശിച്ച വെങ്കിടേഷ്, രോഗികളുമായും അവരുടെ ബന്ധുക്കളുമായും സംസാരിച്ചു. അപകടം അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയ ദുരിതങ്ങളും സാമ്പത്തിക-മാനസിക പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കിയ അദ്ദേഹം, ഹെൽമെറ്റിന്റെ പ്രാധാന്യം ആ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞതായി പിന്നീട് വ്യക്തമാക്കി. 


ആശുപത്രിയിൽ എത്തിയ വെങ്കിടേഷിനോട് സന്ദർശനത്തിന്റെ കാരണം ഡ്യൂട്ടി ഡോക്ടർ അന്വേഷിച്ചു. ഡിഐജിയുടെ നിർദേശത്തെക്കുറിച്ച് അറിഞ്ഞ ഡോക്ടർ, ശിക്ഷയേക്കാൾ ബോധവൽക്കരണത്തിന് പ്രാധാന്യം നൽകിയ ഉദ്യോഗസ്ഥന്റെ സമീപനത്തെ അഭിനന്ദിച്ചു. നിർദേശം വൈകാതെ നടപ്പാക്കിയ കോൺസ്റ്റബിളിനെയും അദ്ദേഹം പ്രശംസിച്ചു. 

 ശേഷം ഡിഐജിയെ നേരിൽ കണ്ട് സന്ദർശനത്തിന്റെ വിശദാംശങ്ങൾ വെങ്കിടേഷ് റിപ്പോർട്ട് ചെയ്തു. റോഡ് സുരക്ഷയുടെയും ഹെൽമെറ്റ് ഉപയോഗത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഡിഐജി വീണ്ടും അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വെങ്കിടേഷ് തന്റെ അനുഭവം വിവരിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇനി ഒരിക്കലും ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കില്ലെന്ന് അദ്ദേഹം വീഡിയോയിൽ ഉറപ്പുനൽകി. വൈറലായ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ, ഡിഐജിയുടെ വേറിട്ട നടപടി റോഡ് സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ബോധവൽക്കരണ സന്ദേശമായും മാറിയിരിക്കുകയാണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments