നടനും മിമിക്രി കലാകാരനുമായ സലിം കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. സലിം കുമാറിന്റെ വിയോഗം തനിക്ക് വ്യക്തിപരമായ വലിയ നഷ്ടമാണെന്നും, സഹോദരതുല്യമായ ആത്മബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും സതീശൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
തന്റെ രാഷ്ട്രീയ നിലപാടുകളും കോൺഗ്രസ് അനുകൂലതയും തുറന്നുപറയാൻ ഒരിക്കലും മടിക്കാത്ത ധീരനായ കലാകാരനായിരുന്നു സലിം കുമാറെന്ന് അദ്ദേഹം അനുസ്മരിച്ചു.
പാർട്ടിയുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിക്കുകയും പ്രവർത്തകരോടൊപ്പം ആവേശം പങ്കിടുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും സതീശൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് തന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടത്താനുള്ള അവകാശം സ്നേഹപൂർവം ഏറ്റെടുത്ത വ്യക്തിയായിരുന്നു സലിം കുമാർ. രാഷ്ട്രീയത്തെയും വ്യക്തിബന്ധങ്ങളെയും ഒരുപോലെ വിലമതിച്ച അദ്ദേഹത്തിന്റെ സൗഹൃദവും പിന്തുണയും എന്നും ഓർമ്മിക്കപ്പെടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
വി.ഡി സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചിരിയുടെ മണവാളൻ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ. അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാൾ. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാൾ. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അൽപ്പം പോലും ഓർക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവർത്തിച്ച് പറയുന്ന ഒരാൾ. ഞാൻ കോൺഗ്രസുകാരനാണെന്ന് പറയാൻ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരൻ.
എന്റെ തിരഞ്ഞൈടുപ്പുകളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാർ, പാർട്ടിയുടെ വിജയങ്ങളിൽ അത്രമേൽ സന്തോഷിച്ച കൂടപിറപ്പ്, ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാർ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോൾ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാർ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട.
70 12 23 03 34




0 Comments