ശ്രീമദ് ഭാഗവതത്തിലെയും ഭഗവദ്ഗീതയിലെയും തത്ത്വങ്ങള്‍ വളരെ ലളിതമായി ജനങ്ങളിലേക്ക് എത്തിച്ച് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഒന്‍പതുകാരി.

  

മുതിര്‍ന്നവര്‍ക്ക് പോലും മനസ്സിലാക്കാനും വിശദീകരിക്കാനും വര്‍ഷങ്ങള്‍ വേണ്ടി വരുന്ന ശ്രീമദ് ഭാഗവതത്തിലെയും ഭഗവദ്ഗീതയിലെയും തത്ത്വങ്ങള്‍ വളരെ ലളിതമായി ജനങ്ങളിലേക്ക് എത്തിച്ച് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഒന്‍പതുകാരി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബെലിപാര്‍ സ്വദേശിയായ ശ്വേതിമ പാണ്ഡെയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ബാല ഭാഗവത പ്രഭാഷകയായി ഔദ്യോഗിക ലോകറെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ 'ബാല വ്യാസന്‍' എന്ന പദവിയും ഈ കൊച്ചുമിടുക്കിക്ക് ലഭിച്ചുകഴിഞ്ഞു. ഗോരഖ്പൂര്‍ ജില്ലാ ആസ്ഥാനത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഭാസ്മ ഗ്രാമത്തിലാണ് ശ്വേതിമ താമസിക്കുന്നത്.


 ശ്വേതിമയ്ക്ക് ആറ് വയസ്സുള്ളപ്പോഴാണ് ഭാഗവത പാരായണത്തിലേക്കും ആത്മീയ പ്രഭാഷണങ്ങളിലേക്കും തിരിയുന്നത് എന്ന് പിതാവ് ഡോ. സൗരഭ് പാണ്ഡെ പറഞ്ഞു. ഇതുവരെ മുപ്പത്തിയാറോളം സപ്താഹ യജ്ഞങ്ങള്‍ക്കും (ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഭാഗവത പാരായണം) നൂറിലധികം മറ്റ് ആത്മീയ-മതപരമായ ചടങ്ങുകള്‍ക്കും ശ്വേതിമ നേതൃത്വം നല്‍കി. ഇതിലൂടെ ഭാരതീയ സംസ്‌കാരത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും ധാര്‍മ്മിക മൂല്യങ്ങളുടെയും സന്ദേശം ഈ കൊച്ചുമിടുക്കി ജനങ്ങളിലേക്ക് എത്തിക്കുന്നു. 


സംസ്‌കൃതം, ഹിന്ദി ഭാഷകളില്‍ മികച്ച പാണ്ഡിത്യമുള്ള ശ്വേതിമയുടെ പ്രഭാഷണം കേള്‍ക്കാന്‍ നിരവധി ഭക്തരാണ് ദൂരദേശങ്ങളില്‍ നിന്ന് പോലും ഒഴുകിയെത്തുന്നത്. സാമൂഹിക സേവനത്തിനും ആത്മീയതയ്ക്കും പ്രാധാന്യം നല്‍കുന്ന കുടുംബ പശ്ചാത്തലമാണ് ശ്വേതിമയുടേത്. സമൂഹത്തില്‍ മതാഹാര്‍ദ്ദത്തിനും അവയവ-ശരീര ദാനത്തിനുമായി നിലകൊള്ളുന്ന വ്യക്തിയാണ് പിതാവ് സൗരഭ് പാണ്ഡെ. അദ്ദേഹവും ഭാര്യ ഡോ. രാഗിണി പാണ്ഡെയും തങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ ശരീരം മരണാനന്തരം എയിംസ് ഗോരഖ്പൂരിന് ദാനം ചെയ്യാനുള്ള പത്രങ്ങളില്‍ ഒപ്പുവെച്ച് മാതൃകയായിട്ടുണ്ട്. 


മകളുടെ ഈ അപൂര്‍വ്വ നേട്ടം ഗോരഖ്പൂരിനും ഉത്തര്‍പ്രദേശിനും രാജ്യത്തിനാകെയും അഭിമാനമാണെന്ന് സന്യാസിമാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും സാമൂഹിക സംഘടനകളും പ്രശംസിച്ചു. അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച ഈ അംഗീകാരം സംസ്‌കൃത ഭാഷയെയും ആത്മീയതയെയും സംരക്ഷിക്കാനുള്ള ശ്വേതിമയുടെ യാത്രയ്ക്ക് കൂടുതല്‍ കരുത്തുപകരുമെന്ന് അവളുടെ കുടുംബം പ്രത്യാശ പ്രകടിപ്പിച്ചു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments