കോളിളക്കം സൃഷ്ടിച്ച ഹണി ട്രാപ്പ് ആരോപണത്തിൽ നിർണായക വഴിത്തിരിവ്. ....വിജയകുമാർ തന്‍റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്‍റെ പിതാവാണെന്നും വെളിപ്പെടുത്തി റോഷ്നി സുരേഷ്

 

തിരുവനന്തപുരത്ത് കോളിളക്കം സൃഷ്ടിച്ച ഹണി ട്രാപ്പ് ആരോപണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ പരാതിക്കാരനായ വ്യവസായി മാർക്ക് വിജയകുമാർ തന്‍റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്‍റെ പിതാവാണെന്നും വെളിപ്പെടുത്തി ഒന്നാം പ്രതിയായ റോഷ്നി സുരേഷ് രംഗത്തെത്തി. കേസിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് അറസ്റ്റ് റദ്ദാക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശമാണ് യുവതി പുറത്തുവിട്ടത്. തന്‍റെ ബിസിനസ് തകർക്കാനും സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാനുമാണ് ഇത്തരത്തിലൊരു വ്യാജ ആരോപണവുമായി വിജയകുമാർ രംഗത്തെത്തിയതെന്നും റോഷ്നി ആരോപിക്കുന്നു.


 തെളിവായി തങ്ങളുടെ വിവാഹ ചിത്രങ്ങളും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ഇവർ പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്‍റെ സ്ഥാനത്ത് വിജയകുമാറിന്‍റെ പേരാണുള്ളതെന്നും ജർമൻ ഭാഷാ പഠന കേന്ദ്രത്തിൽ ഇരുവരും ഓഹരി ഉടമകളാണെന്നും ഇവർ വ്യക്തമാക്കി. കേവലം ബിസിനസ് തർക്കങ്ങളാണ് ഈ കേസിന് പിന്നിലെന്നാണ് യുവതിയുടെ വാദം. അതേസമയം, നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനിയായ റോഷ്നി സുരേഷിനെ (37) കഴിഞ്ഞ ദിവസമാണ് വഞ്ചിയൂർ പോലീസ് എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.


 ഹൈദരാബാദ് സ്വദേശിയായ വ്യവസായി മാർക്ക് വിജയകുമാറിനെ ഭീഷണിപ്പെടുത്തി അഞ്ചു കോടി രൂപയോളം തട്ടിയെടുത്തു എന്നായിരുന്നു പരാതി. വിജയകുമാറിന്‍റെ ഭാര്യ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണയെ നേരിൽ കണ്ട് പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നാല് വർഷം മുൻപ് ആരംഭിച്ച സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന റോഷ്നി, ഗർഭിണിയാക്കിയെന്ന വിഷയം കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി തൃപ്പൂണിത്തുറയിൽ 1.5 കോടിയുടെ ഫ്ലാറ്റും മലയിൻകീഴിൽ 20 സെന്‍റ് ഭൂമിയും സ്വർണാഭരണങ്ങളും കൈക്കലാക്കി എന്നായിരുന്നു പ്രധാന ആരോപണം. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments