സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം ജീര്‍ണിച്ച് നശിക്കുന്നു



സുനില്‍ പാലാ

ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ മൂലം ളാലം മഹാദേവ ക്ഷേത്രത്തിന് സമീപത്തുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ഇരുനില മന്ദിരം ജീര്‍ണിച്ച് നശിക്കുന്നു.

1980 ല്‍ നിര്‍മ്മിച്ച മന്ദിരം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രണ്ട് നിലകളിലായി പത്ത് മുറികള്‍ ഇവിടെ വാടകക്ക് കൊടുത്തിരുന്നു. കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ  പരിഹാരം ആവശ്യപ്പെട്ട് വാടകക്കാര്‍ ദേവസ്വം ബോര്‍ഡ് ളാലം സബ് ഗ്രൂപ്പ് ഓഫീസറെയും ഏറ്റുമാനൂര്‍ എ.സി. ഓഫീസറെയും സമീപിച്ചു. പരിഹാരമില്ലാതെ വന്നതോടെ  ഗത്യന്തരമില്ലാതെ മുകള്‍നിലയിലെ വാടകക്കാര്‍ ഓരോരുത്തരായി മുറി ഒഴിഞ്ഞു. വാടകയിനത്തില്‍ പതിനായിരങ്ങള്‍ പ്രതിമാസം ദേവസ്വത്തിന് നഷ്ടപ്പെട്ടിട്ടും അധികാരികള്‍ അനാസ്ഥ തുടര്‍ന്നു എന്നാണാക്ഷേപം.              

മുകള്‍നിലയിലെ ചോര്‍ച്ച വര്‍ദ്ധിച്ച് വെളളം കെട്ടിക്കിടന്ന് താഴത്തെ നിലയും ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. ഇതോടെ പരിഹാരംതേടി വീണ്ടും താഴത്തെ വാടകക്കാരും പരാതിയുമായി  ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ സമീപിച്ചു. ഇതോടെ പ്രശ്നപരിഹാര നടപടി വേഗത്തിലായി. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി കെട്ടിടം ബലപ്പെടുത്താന്‍ കരാര്‍ നല്‍കുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് കരാറുകാരന്‍ മുകള്‍നിലയുടെ കോണ്‍ക്രീറ്റും ഭിത്തിയും ഇടിച്ചു നിരത്തി. ലക്ഷങ്ങള്‍ വിലവരുന്ന കമ്പിയും ചുടുകട്ടയും അവിടെനിന്ന് മാറ്റിയതല്ലാതെ പിന്നീട് ഈ സ്ഥലത്തേക്ക് വന്നിട്ടേയില്ല എന്നാണാക്ഷേപം. ഫലത്തില്‍ നവീകരണം കെട്ടിടം പൊളിക്കലായി മാറി. ദേവസ്വം ഉദ്യോഗസ്ഥരുടെ അന്വേഷണമോ മേല്‍നോട്ടമോ ഇക്കാര്യത്തില്‍ ഉണ്ടായില്ലയെന്നും പറയപ്പെടുന്നു.


വിജിലന്‍സിനെയും സമീപിച്ചു, ഒരു ഫലവുമില്ല.

വാര്‍ക്ക പൊളിച്ചുമാറ്റിയപ്പോള്‍ ആവശ്യമായ സംരക്ഷണമില്ലാതെ കെട്ടിടത്തിന്റെ താഴത്തെ നിലയും  ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. അഡ്വക്കേറ്റ്സ് ഓഫീസ്, ആയുര്‍വേദ ഫാര്‍മസി, ഇലക്ട്രോണിക്സ് ഷോപ്പ്, ലെയ്ത്ത് തുടങ്ങിയ സ്ഥാപനങ്ങളാണ് താഴത്തെ നിലയിലുള്ളത്. അവിടെയും മഴവെള്ളം ചോര്‍ന്നൊലിച്ച് ഫയലുകള്‍ നശിച്ചും വൈദ്യുതി ബന്ധങ്ങള്‍ തകര്‍ന്നും നിരവധിയായ നഷ്ടങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകാന്‍ തുടങ്ങിയതോടെ പരാതിയുമായി വടകക്കാരായ സ്ഥാപന ഉടമകള്‍  ദേവസ്വം വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഉത്തരവാദപ്പെട്ട ബോര്‍ഡ് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നു പറയപ്പെടുന്നു.

ഒരു മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്ന കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കാത്തതു മൂലം ദേവസ്വത്തിന് ഉണ്ടായിരിക്കുന്ന വരുമാന നഷ്ടം ലക്ഷങ്ങളാണ്. പ്രതിമാസം ഒരു ലക്ഷത്തോളം രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments