യുവാക്കളെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച കേസിൽ മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രധാന പ്രതി അറസ്റ്റിൽ.
നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശി സുരേഷിനെയാണ് കല്ലമ്പലം പൊലീസ് പിടികൂടിയത്. ഖത്തറിൽ വെൽഡിങ് ജോലി ചെയ്തിരുന്ന സുരേഷ്, നാട്ടിലെത്തിയതിന് പിന്നാലെയാണ് പിടിയിലായത്. 2023 ഡിസംബർ 31ന് രാത്രി ഒൻപത് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഐരമൺനിലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരേഷിനെയും സുഹൃത്തുക്കളെയും മറ്റൊരു സംഘം ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടെ വിനേഷ്, നൗഫൽ, മനു, മുഹമ്മദ്, കൃഷ്ണപ്രസാദ് എന്നിവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ കേസിലെ രണ്ടാം പ്രതി പ്രദീപിനെയും മൂന്നാം പ്രതി അൻസാറിനെയും കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ഒന്നാം പ്രതിയായ സുരേഷ് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഖത്തറിൽ ജോലി ചെയ്തിരുന്ന സുരേഷിനെ പിടികൂടുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷിനെ കല്ലമ്പലം പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് വർഷത്തോളം നീണ്ട ഒളിവിന് ശേഷമാണ് കേസിലെ പ്രധാന പ്രതി പൊലീസിന്റെ പിടിയിലാകുന്നത്.
70 12 23 03 34




0 Comments