ബാങ്ക് സമരം ജനദ്രോഹം; 28ന് പാലായിൽ ഉപഭോക്തൃ പ്രതിഷേധം
ബാങ്ക് സമരങ്ങളുടെ പേരിൽ ഇടപാടുകാരെ പെരുവഴിയിലാക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും സേവനങ്ങൾ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 28 ന് തിങ്കളാഴ്ച പാലായിൽ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11.30ന് പാലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയ്ക്ക് മുന്നിലാണ് പ്രതിഷേധ ധർണ്ണ.
ആശുപത്രികളും പൊലീസ് സ്റ്റേഷനുകളും പോലെ ബാങ്കിങ് രംഗവും അത്യാവശ്യ സേവന മേഖലയായി പ്രഖ്യാപിക്കണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ആവശ്യപ്പെട്ടു.
ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തി പരമാവധി ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിപ്പിക്കണം. എല്ലാ ശനിയാഴ്ചകളിലും അവധി നൽകുന്നതിന് പകരം പ്രവൃത്തിസമയം വർധിപ്പിച്ച് ജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് വേണ്ടത്.
അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെന്ന പേരിലും എടിഎം, എസ്എംഎസ്, ചെക്ക് ബുക്ക് എന്നിവയ്ക്കും അധിക സർവീസ് ചാർജുകൾ ഈടാക്കി ഉപഭോക്താക്കളെ പിഴിയുന്ന നയം അവസാനിപ്പിക്കണം.
ശാഖകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുക, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കർഷകർ, പെൻഷൻകാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
നിലവിൽ ബാങ്ക് നിക്ഷേപങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ മാത്രമുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്ക് പകരം, നിക്ഷേപിച്ച മുഴുവൻ തുകയ്ക്കും കേന്ദ്ര സർക്കാരിന്റെ പൂർണ സുരക്ഷ ഉറപ്പാക്കണം. ബാങ്ക് അധികൃതരുടെ വീഴ്ചകൾ മൂലമുണ്ടാകുന്ന നഷ്ടത്തിന്റെ ഭാരം സാധാരണക്കാരുടെ നിക്ഷേപങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കരുത്.
ശമ്പളവും പെൻഷനും സബ്‌സിഡിയും ഉൾപ്പെടെയുള്ള പണമിടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കാൻ നിർബന്ധിതരാക്കിയ സാഹചര്യത്തിൽ ജനങ്ങളുടെ നിക്ഷേപങ്ങൾക്ക് സർക്കാരാണ് പൂർണ ഗ്യാരന്റി നൽകേണ്ടതെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.
ബാങ്കുകളിൽ ടോക്കൺ സംവിധാനം, കുടിവെള്ളം, ശൗചാലയം, കാത്തിരിപ്പ് കേന്ദ്രം, പാർക്കിങ്, പരാതി പരിഹാര സെൽ, ഡിജിറ്റൽ ബാങ്കിങ് സഹായ കൗണ്ടർ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, ബിനു പെരുമന തുടങ്ങിയവർ പ്രസംഗിച്ചു.
70 12 23 03 34





0 Comments