ചരിത്രത്തിലാദ്യമായാണ് കേരളാ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നല്‍കുന്നത്. ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി ഡി സതീശന് കൈമാറി.
ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും കൂടുതല്‍ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്‌ആർടിസിക്ക് ബസ് വാങ്ങി നല്‍കാൻ ഇടവരട്ടെയെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചെക്ക് ഏറ്റുവാങ്ങി ഗതാഗത മന്ത്രി സി പി ജോണിന് കൈമാറിയത്.
ജോസേട്ടന്റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. മന്ത്രി റോജി എം ജോണിന്റെ മണ്ഡലത്തില്‍ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്.
കെഎസ്‌ആർടിസിയെ പിന്തുണച്ച് ജനങ്ങള്‍ രംഗത്തുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് ബസ് വാങ്ങി നല്‍കാൻ തീരുമാനിച്ച ജോസ് ഇക്കാര്യം ആദ്യം അറിയിച്ചത് മന്ത്രി റോജി എം ജോണിനെയാണ്. ചൊവ്വാഴ്ച മന്ത്രി സി പി ജോണിനെ കണ്ടപ്പോള്‍ റോജി എം ജോണ്‍ ഇക്കാര്യം പറയുകയും ജോസേട്ടനെ നേരിട്ട് വിളിച്ച് തുക കൈമാറാമെന്ന് അറിയിക്കുകയുമാ യിരുന്നു.
താൻ നല്‍കുന്ന ബസ് അങ്കമാലി ഡിപ്പോയില്‍ നിന്ന് സർവീസ് നടത്തണമെന്നത് മാത്രമാണ് ജോസേട്ടന്റെ ഡിമാന്റ്. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ റൂട്ട് വേണമെന്നും അദ്ദേഹം ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. അതേ ആവശ്യം റോജി എം ജോണും ഉന്നയിച്ചു.
ജോസ് പറയുന്ന റൂട്ടില്‍ ബസ് സർവീസ് നടത്തുന്ന കാര്യത്തില്‍ ഗതാഗത മന്ത്രി ഉറപ്പുനല്‍കി. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നേരത്തെ കെഎസ്‌ആർടിസിക്ക് ഒരു ബസ് വാങ്ങാൻ തുക സംഭാവന ചെയ്തപ്പോള്‍ ഈ മാതൃക പിന്തുടരാൻ കൂടുതല്‍ പേർ വരുമെന്ന് പ്രതീക്ഷിച്ചിരു ന്നതായി സി.പി ജോണ്‍ വ്യക്തമാക്കി.
കെഎസ്‌ആർടിസിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിതെന്നും കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതല്‍ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജോസ് നല്‍കിയ ചെക്ക് ഗതാഗത മന്ത്രി കെഎസ്‌ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കറിനെ ഏല്‍പ്പിച്ചു. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ബസുകള്‍ സ്പോണ്‍സർ ചെയ്യാൻ കെഎസ്‌ആർടിസി അവസരമൊരുക്കുന്നത്.
70 12 23 03 34




0 Comments