പാലാ-രാമപുരം റൂട്ടിലെ പയപ്പാറില്‍ ക്ഷേത്രത്തിന് എതിര്‍ വശത്തുള്ള റബര്‍തോട്ടത്തില്‍ നിന്ന് പട്ടാപ്പകല്‍ രണ്ടുതവണയായി 650 കിലോയിലധികം ഒട്ടുപാല്‍ മോഷണം പോയതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ സഹിതമാണ് തോട്ടം പാട്ടത്തിനെടുത്ത പൂവരണി ഓടയ്ക്കല്‍ ഷിബു പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഒരുമാസം മുമ്പായിരുന്നു ആദ്യമോഷണം. ആദ്യ തവണ മോഷണം നടന്നതിനെ തുടര്‍ന്ന് ഷിബു പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തോട്ടത്തില്‍ സിസിടിവി സ്ഥാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ റബര്‍ തോട്ടത്തിലെ ചെറിയ കെട്ടിടത്തില്‍ ശേഖരിച്ചുവെച്ചിരുന്ന ഒട്ടുപാലാണ് പ്രതികള്‍ കടത്തിക്കൊണ്ടുപോയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഫോണില്‍ പതിഞ്ഞപ്പോള്‍ അലാറം അടിച്ചു. ഇത് നോക്കിയപ്പോഴാണ് മോഷ്ടാക്കള്‍ തന്റെ തോട്ടത്തില്‍ നിന്ന് ഒട്ടുപാല്‍ കൊണ്ടുപോകുന്നത് ഷിബു കണ്ടത്.
സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ ഓട്ടോയില്‍ റബ്ബര്‍ തോട്ടത്തിനരികില്‍ എത്തുന്നതും തോട്ടത്തിലേക്ക് കടക്കുന്നതുമൊക്കെ വ്യക്തമായി കാണാം .
സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പാലാ പോലീസ് അറിയിച്ചു. ദൃശ്യങ്ങളില്‍ പതിഞ്ഞ നീക്കങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
പിന്നില്‍ സ്ഥിരം മോഷ്ടാക്കളോ...?
സംഭവത്തിന് പിന്നില്‍ സ്ഥിരം മോഷ്ടാക്കളെന്ന് സൂചന. മുമ്പ് രാമപുരം പ്രദേശത്ത് സമാനമായ മോഷണക്കേസില്‍ ഉള്‍പ്പെട്ടിരുന്ന ഒരു യുവാവിനെയും പയപ്പാര്‍ സ്വദേശിയായ മറ്റൊരു യുവാവിനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് സൂചന. ഇവരുടെ സാന്നിധ്യവും സിസിടിവി ദൃശ്യങ്ങളുമായുള്ള ബന്ധവും പരിശോധിച്ചുവരികയാണ്.
പ്രദേശത്ത് പട്ടാപ്പകല്‍ ഒട്ടുപാല്‍ മോഷണങ്ങള്‍ ആവര്‍ത്തിക്കുന്നത് തോട്ടം ഉടമകളിലും കര്‍ഷകരിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.





0 Comments