ഡോക്ടർമാരുടെ അതിരൂക്ഷമായ ക്ഷാമം നേരിടുകയാണ് കേരളം. എല്ലാ ജില്ലകളിലുമായി 783 മെഡിക്കൽ ഓഫീസർ തസ്തികകൾ കാലിയായി കിടക്കുകയാണ്. എൻട്രി ലെവൽ അസിസ്റ്റന്റ് സർജന്മാർ മുതൽ സീനിയർ ഭരണനിർവഹണ തസ്തികകളും ചീഫ് കൺസൾട്ടന്റുമാരും വരെയുള്ള പൊതുജനാരോഗ്യ ശൃംഖലയുടെ എല്ലാ തലങ്ങളിലും ഡോക്ടർമാരുടെ കുറവ് പ്രകടമാണ്.
ഡോക്ടർമാരുടെ ക്ഷാമം നേരിടാൻ അടിയന്തര നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ് ആരോഗ്യവകുപ്പ്. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ സാരമായി ബാധിക്കുന്ന പ്രധാന പ്രശ്നമായി ഡോക്ടർമാരുടെ ക്ഷാമം മാറിയിരിക്കുകയാണ്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന എൻട്രി ലെവൽ അസിസ്റ്റന്റ് സർജൻ കേഡറിലാണ് ഏറ്റവും രൂക്ഷമായ ജീവനക്കാരുടെ കുറവുള്ളത്. സംസ്ഥാനത്തൊട്ടാകെ 431 അസിസ്റ്റന്റ് സർജന്മാരുടെ ഒഴിവുകളാണുള്ളത്. 113 അസിസ്റ്റന്റ് സർജൻ ഒഴിവുകളുമായി കാസർഗോഡ് ജില്ലയാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായിരിക്കുന്നത്.
പാലക്കാട് (87), കണ്ണൂർ (70) എന്നിവയാണ് തൊട്ടുപിന്നിൽ. ഇടുക്കി (41), പത്തനംതിട്ട (25) എന്നീ മലയോര, അതിർത്തി ജില്ലകളും അസിസ്റ്റന്റ് സർജന്മാരുടെ കുറവുമൂലം പ്രവർത്തന പ്രതിസന്ധി നേരിടുന്നുണ്ട്. എൻട്രി ലെവൽ അസിസ്റ്റന്റ് സർജൻ തസ്തികകളിലും ഗൈനക്കോളജി, അനസ്തെഷ്യ, ജനറൽ സർജറി അടക്കം വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലും നൂറുകണക്കിന് തസ്തികകൾ നികത്തപ്പെടാതെ കിടക്കുന്നു. പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന് പുറമെ, പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ വിദഗ്ദ്ധ മെഡിക്കൽ സേവനങ്ങളിലും വലിയ കുറവുണ്ട്.
കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, സീനിയർ കൺസൾട്ടന്റ് റാങ്കുകളിലായി 300ലധികം സ്‌പെഷ്യലിസ്റ്റ് തസ്തികകൾ നികത്തപ്പെടാതെ കിടക്കുന്നു. ഗൈനക്കോളജി, അനസ്തെഷ്യ, ജനറൽ സർജറി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ തുടങ്ങിയ പ്രധാന ക്ലിനിക്കൽ വിഭാഗങ്ങളെയാണ് ഡോക്ടർമാരുടെ ക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ-ജനറൽ ആശുപത്രികളിൽ ജനറൽ മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി എന്നിവയിൽ 24 മണിക്കൂറും വിദഗ്ദ്ധ സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള 'പ്രതീക്ഷാ കേന്ദ്രങ്ങൾ' എന്ന പദ്ധതി ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചിട്ടുണ്ട്.
വകുപ്പ് അടുത്തിടെ നൽകിയ 430 നിയമന ഉത്തരവുകളിൽ 134 എണ്ണം മാത്രമാണ് കൈപ്പറ്റിയതെന്നും അതിൽ പകുതിയോളം പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചതെന്നുമാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. പി.എസ്.സി വഴി നിയമനം ലഭിക്കുന്ന പല യുവ ഡോക്ടർമാരും ആ സമയത്ത് പി.ജി ചെയ്യുന്നതിനാലാണ് ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്തത് എന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. ഇതും ഒഴിവുകൾ വർദ്ധിക്കാൻ കാരണമായി.
സ്പെഷ്യാലിറ്റി കെയർ ശക്തിപ്പെടുത്തുന്നതിനായി വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ജീവനക്കാരെ പുനർവിന്യസിക്കുന്നത് മറ്റ് സ്ഥലങ്ങളിലെ ദൈനംദിന, അടിയന്തര സേവനങ്ങളെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. പുതുതായി നിയമിക്കപ്പെട്ട പല ഡോക്ടർമാരും പോസ്റ്റ് ഗ്രാജുവേഷൻ പഠനം നടത്തുന്നതിനാലാണ് ജോലിയിൽ പ്രവേശിക്കാത്തതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ആവശ്യത്തിന് നഴ്സിംഗ്, പാരാമെഡിക്കൽ, ടെക്നിക്കൽ പിന്തുണയില്ലാതെ അല്ലെങ്കിൽ പുതിയ സ്ഥിരം തസ്തികകൾ സൃഷ്ടിക്കാതെ സ്പെഷ്യലൈസ്ഡ് സേവനങ്ങൾ കൂട്ടിച്ചേർക്കുന്നത് ഡോക്ടർമാരുടെ ജോലിഭാരം വർദ്ധിപ്പിക്കുമെന്നും, ചികിത്സയുടെ ഗുണനിലവാരം കുറയ്ക്കുമെന്നും, ഡോക്ടർ-രോഗി ബന്ധത്തെ ബാധിക്കുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒഴിവുകൾ വരുന്ന മുറയ്ക്ക് പി.എസ്.സി വഴി അടിയന്തര നിയമനങ്ങൾ നടത്തുകയും, പ്രവേശന സമയം ;ലഘൂകരിക്കുകയും ചെയ്യുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. സ്ഥിരം നിയമനങ്ങൾ നടക്കുന്നത് വരെ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെയും നാഷണൽ ഹെൽത്ത് മിഷൻ വഴി കൂടുതൽ ജീവനക്കാരെയും നിയമിക്കുന്നതും പരിഗണനയിലാണ്. വിദൂര, മലയോര മേഖലകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് മെച്ചപ്പെട്ട താമസസൗകര്യവും പ്രോത്സാഹന ആനുകൂല്യങ്ങളും നൽകും. ജനസംഖ്യയ്ക്കും ആശുപത്രികളിലെ തിരക്കിനും അനുസൃതമായി താൽക്കാലിക പുനർവിന്യാസങ്ങൾക്ക് പകരം സ്ഥിരം തസ്തികകൾ സൃഷ്ടിക്കുകയാണ് പരിഹാരമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ പറയുന്നു.
70 12 23 03 34


0 Comments