പ്ലാസ്റ്റിക് റീസൈക്ലിംഗ് ഖാദി യൂണിറ്റിൽ ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി യുവാവിന്റെ രണ്ട് വിരലുകൾ അറ്റു...



  പ്ലാസ്റ്റിക് റീസൈക്ലിംഗ് ഖാദി യൂണിറ്റിൽ ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി യുവാവിന്റെ രണ്ട് വിരലുകൾ അറ്റുപോയി

കോന്നി അട്ടച്ചാക്കലിലാണ് സംഭവം. അതുമ്പുംകുളം കൊച്ചുമേലേതിൽ ഷിബു (36)വിനാണ് ഗുരുതരമായി പരുക്കേറ്റത്.  

 ജൂലൈ 12നായിരുന്നു അപകടം. യന്ത്രത്തിൽ കൈ കുടുങ്ങിയതിനെ തുടർന്ന് ഷിബുവിന്റെ രണ്ട് വിരലുകൾ അറ്റുപോയെന്നാണ് കുടുംബം പറയുന്നത്. ഉടൻ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിബുവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടവിവരമറിഞ്ഞ് യൂണിറ്റ് ഉടമ ആശുപത്രിയിലെത്തിയെങ്കിലും തുടർ ചികിത്സയ്ക്കാവശ്യമായ സഹായം നൽകിയില്ലെന്നാണ് ഷിബുവിന്റെ കുടുംബത്തിന്റെ പരാതി. അപകടം നടന്നിട്ട് രണ്ട് മാസം പിന്നിട്ടിട്ടും സാമ്പത്തിക സഹായം നൽകാൻ ഉടമ തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ച് നൽകുന്ന 5000 രൂപ മാത്രമാണ് ചികിത്സാ സഹായമായി ലഭിച്ചതെന്നും കുടുംബം പറയുന്നു.  


 അപകടവിവരം കുടുംബത്തെ കൃത്യമായി അറിയിക്കുന്നതിലും കമ്പനി അധികൃതർ വീഴ്ച വരുത്തിയെന്നാണ് മറ്റൊരു ആരോപണം. ഫോൺ വിളിച്ച് പോലും മകന്റെ വിവരങ്ങൾ അന്വേഷിക്കാൻ ഉടമ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. മകന്റെ പരിചരണത്തിനായി കൂടെ നിൽക്കേണ്ടി വരുന്നതിനാൽ തനിക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ലെന്ന് ഷിബുവിന്റെ അമ്മ പറയുന്നു. തുടർചികിത്സയ്ക്കും കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്കുമായി സുമനസ്സുകളുടെ സഹായം തേടേണ്ട അവസ്ഥയാണെന്നും കുടുംബം വ്യക്തമാക്കുന്നു. അപകടത്തെ തുടർന്ന് രണ്ട് വിരലുകൾ നഷ്ടപ്പെട്ട ഷിബുവിന് തുടർചികിത്സയും ഉപജീവനത്തിനുള്ള മാർഗവും ഉറപ്പാക്കാൻ അടിയന്തര സഹായം ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments