നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും.
മറയൂര്‍ നാച്ചിവയല്‍ പുളിക്കരവയല്‍ സ്വദേശിനി കുട്ടിയമ്മ എന്ന റോസ്മേരി (46)യെയാണ് തൊടുപുഴ ജില്ലാ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും ജില്ലാ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആഷ് കെ. ബാല്‍ ഉത്തരവിട്ടു. 2014 മേയ് 13നാണ് കേസിനാസ്പദമായ സംഭവം. റോസ്മേരിയുടെ വീട്ടിലെ കന്നുകാലിത്തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ നിലയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രഹസ്യമായി പ്രസവിച്ച റോസ്മേരി കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് കന്നുകാലിത്തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ഉപേക്ഷിച്ചെന്നാണ് കേസ്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റോസ്മേരി പ്രതിയായത്. കുട്ടി ആരുടേതാണെന്ന് അറിയില്ലെന്ന നിലപാടിലായിരുന്നു കുട്ടിയമ്മ എന്ന റോസ് മേരി. എന്നാല്‍ അവശയായ കുട്ടിയമ്മയെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു.
പരിശോധനയില്‍ ഇവര്‍ ഏറ്റവും അടുത്ത ദിവസം പ്രസവിച്ചതാണെന്ന് വ്യക്തമായി. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ കുട്ടിയുടെ അമ്മ കുട്ടിയമ്മ തന്നെയാണെന്ന് തെളിഞ്ഞു. കുട്ടിയെങ്ങനെ കന്നുകാലിത്തൊഴുത്തിലെത്തിയെന്നതിന് കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടായില്ല.
ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യ, മെഡിക്കല്‍ തെളിവുകളും നാട്ടുകാരുടെ മൊഴിയുമാണ് നിര്‍ണായകമായത്. മുന്‍ മൂന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ.ആര്‍. ഷാനിഖാന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തുടര്‍ന്ന് മുന്‍ മൂന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സാം ജോസ് കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.എസ്. രാജേഷ് ഹാജരായി.
70 12 23 03 34




0 Comments