പാലാ നഗരസഭയില്‍ റവന്യു-നഗരസഭ, അധികാരികളുടെ മൂക്കിന്‍തുമ്പില്‍ വന്‍തോതില്‍ അനധികൃത പാടം നികത്തല്‍, ''ഒന്നുമറിയാതെ'' അധികൃതര്‍.





പാലാ നഗരസഭയില്‍ റവന്യു-നഗരസഭ, അധികാരികളുടെ  മൂക്കിന്‍തുമ്പില്‍ വന്‍തോതില്‍ അനധികൃത പാടം നികത്തല്‍, ''ഒന്നുമറിയാതെ'' അധികൃതര്‍.

പാലാ നഗരസഭ മൂന്നാം വാര്‍ഡില്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ബില്‍ഡിങ്ങിന് സമീപം പതിറ്റാണ്ടുകളായി പാടമായി കിടന്ന സ്ഥലമാണ് കരിങ്കല്ലും മണ്ണും മാലിന്യങ്ങളുമൊക്കെ ഇറക്കി ഘട്ടംഘട്ടമായി നികത്തുന്നതായി ആക്ഷേപമുയര്‍ന്നിട്ടുള്ളത്.

നഗരസഭ അധികാരികളുടെയും റവന്യൂ അധികാരികളുടെയും ഓഫീസിന് സമീപത്താണ് മണ്ണിടല്‍ നടക്കുന്നതെന്നും ആവശ്യമായ അനുമതികളില്ലാതെയാണ് പാടം നികത്തുന്നതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. നിലവില്‍ നാലടിയോളം ഉയരത്തില്‍ പാടത്ത് മണ്ണിട്ട് ഉയര്‍ത്തിക്കഴിഞ്ഞു. ചുറ്റും കെട്ടാന്‍ ഇന്നലെ കരിങ്കല്ലുമിറക്കിയിട്ടുണ്ട്.


കഴിഞ്ഞ മഴക്കാലത്ത് ഈ പ്രദേശത്ത് വെള്ളം പൊങ്ങി പല വീടുകളിലേക്കും റോഡിലേക്കും വെള്ളം കയറിയിരുന്നു. പാടം നികത്തിയതുമൂലമാണ് ഇത് സംഭവിച്ചത്. ഇനിയും പാടം നികത്തിയാല്‍ ഭാവിയില്‍ വെള്ളക്കെട്ട് കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്കയും നാട്ടുകാര്‍ ഉയര്‍ത്തുന്നു.

പ്രദേശത്ത് കഴിഞ്ഞ ദിവസം കരിങ്കല്ലും ഇറക്കിയിട്ടുണ്ട്.  പാടം നികത്തിയാല്‍ ചുറ്റും കരിങ്കല്ല് കെട്ടാനാണ് സ്വകാര്യ വ്യക്തിയുടെ നീക്കമെന്നാണ് സൂചന. യാതൊരു അനുമതിയും ഇല്ലാതെയാണ് ഇവിടെ പാടം നികത്തുന്നതെന്ന് മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ ജോസിന്‍ ബിനോ വാര്‍ത്താ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

പ്രദേശത്ത് കരിങ്കല്ല് ഇറക്കി അതിന് മുകളിലൂടെ മണ്ണിട്ട് പാടത്തിന്റെ സ്വഭാവം മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.


നിയമം പറയുന്നത്...

കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 പ്രകാരം, നെല്‍വയല്‍ അനുമതിയില്ലാതെ നികത്താന്‍ പാടില്ല. നഗരസഭാ പരിധിയില്‍ അഞ്ചു സെന്റ് വരെയുള്ള ഭൂമിയില്‍ ഉടമയുടെ സ്വന്തം വീട് നിര്‍മ്മിക്കുന്നതിനുള്ള പ്രത്യേക സാഹചര്യങ്ങളില്‍ പോലും ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയും തുടര്‍നടപടികളും ആവശ്യമാണ്. അഞ്ച് സെന്റില്‍ കൂടുതലാണെങ്കില്‍ അതിനപ്പുറത്തേക്കുള്ള അനുമതിക്രമം ബാധകമാണ്. എന്നാല്‍ ഇവിടെ ഇത്തരം ഒരു അനുമതിയും വാങ്ങാതെയാണ് പാടം നികത്തുന്നത് എന്നാണാക്ഷേപം.
നിയമപ്രകാരം പാടം നികത്തല്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കാനും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും പൊതുജനങ്ങളുടെ പരാതികളില്‍ ഇടപെടാനുമുള്ള അധികാരം എല്‍.എല്‍.എം.സി.യ്ക്കാണ്. 

ഈ കമ്മിറ്റിയുടെ കണ്‍വീനര്‍ കൃഷി ഓഫീസറാണ്. നഗരസഭ ചെയര്‍പേഴ്സണ്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ അംഗങ്ങളുമാണ്. എന്നാല്‍ വിവരം പുറത്തായിട്ടും ഒരു തുടര്‍നടപടിയും സ്വീകരിക്കാന്‍ ഇവരാരും തയ്യാറാകാത്തതാണ് ദുരൂഹത ഉയര്‍ത്തുന്നത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments