സുനില്‍ പാലാ
ഐങ്കൊമ്പ് പാറേക്കാവിലമ്മയുടെ സന്നിധിയില്‍ 36 വര്‍ഷം നീണ്ട സേവനകാലത്തിന് ശേഷം ഐങ്കൊമ്പ് പാറേക്കാവ് ശ്രീഭദ്രകാളി ക്ഷേത്രം ദേവസ്വം പ്രസിഡന്റ് എന്ന നിലയില്‍ നിന്ന് ഡോ. എന്‍. കെ. മഹാദേവന്‍ കൃതാര്‍ത്ഥതയോടെ പടിയിറങ്ങി.
കഴിഞ്ഞ ദിവസം നടന്ന ദേവസ്വം പൊതുയോഗത്തില്‍ അധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ടാണ് ദീര്‍ഘകാലത്തെ ദേവസ്വം ഭരണരംഗത്തുനിന്ന് അദ്ദേഹം വിടവാങ്ങിയത്. നീണ്ട 36 വര്‍ഷമായി ഭരണസമിതിയംഗമായിരുന്ന ഡോ. എന്‍.കെ. മഹാദേവന്‍ പിന്നീട് ട്രഷറര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് മുന്‍ പ്രസിഡന്റ് കെ. പി. നാരായണനില്‍ നിന്ന് ദേവസ്വം അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.
ആത്മീയതയ്ക്കൊപ്പം വികസനവും
ഡോ. മഹാദേവന്‍ പ്രസിഡന്റായിരുന്ന കാലത്ത് ക്ഷേത്രത്തിന്റെ ആത്മീയചൈതന്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്ന നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഭരണസമിതിയുടെയും ഭക്തജനങ്ങളുടെയും കൂട്ടായ സഹകരണത്തോടെയാണ് പദ്ധതികളേറെയും യാഥാര്‍ഥ്യമായത്.
ഗോപുരത്തിന് സമീപം പുതിയ വഴിപാട് കൗണ്ടര്‍ ഒരുക്കുകയും വിശാലമായ ഓഡിറ്റോറിയവും സ്റ്റേജും ക്രമീകരിക്കുകയും ക്ഷേത്രക്കുളം പുനരുദ്ധരിക്കുകയും ക്ഷേത്രത്തിനു മുന്നിലെ റോഡിന്റെ ടാറിങ് നടത്തുകയും പുതിയ മണ്ഡപവും ഗോപുരവും നിര്‍മ്മിക്കുകയും ചെയ്തത് ഡോ. മഹാദേവന്റെ നേതൃത്വ കാലത്തെ പ്രധാന നേട്ടങ്ങളാണ്.
ക്ഷേത്രമുറ്റത്തെ സ്റ്റേജും അനുബന്ധ ചെറിയ പന്തലും നിര്‍മ്മിച്ചതിനൊപ്പം ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദക്ഷിണവഴിയില്‍ കരിങ്കല്‍ പാളികള്‍ വിരിച്ചതും ഭക്തജനങ്ങള്‍ക്ക് സൗകര്യം വര്‍ധിപ്പിച്ചു. ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്നായ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ നവീകരണവും കൂട്ടായ സഹകരണത്തോടെ പൂര്‍ത്തിയാക്കാനായി.
ആത്മീയരംഗത്തോടൊപ്പം വിദ്യാഭ്യാസമേഖലയിലും ഡോ. മഹാദേവന്റെ ദീര്‍ഘവീക്ഷണത്തിന്റെ അടയാളങ്ങള്‍ പാറേക്കാവിലുണ്ട്. ക്ഷേത്രവളപ്പില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നഴ്സറി സ്‌കൂള്‍ പിന്നീട് നാടിന്റെ തന്നെ അഭിമാനമായ വിദ്യാഭ്യാസ സ്ഥാപനമായ അംബികാ വിദ്യാഭവനായി മാറി. ദീര്‍ഘകാലം സ്‌കൂളിന്റെ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന്റെ സ്ഥാപക നേതാവാണ്.
പടിയിറക്കം വിടവാങ്ങലല്ല - ഡോ. മഹാദേവന്‍
'പടിയിറക്കം വിടവാങ്ങലല്ലെന്നും പുതിയ തലമുറയ്ക്ക് വഴിയൊരുക്കി, അനുഭവത്തിന്റെ വെളിച്ചത്തില്‍ അവരെ നയിക്കാനുള്ള പുതിയൊരു ദൗത്യത്തിന്റെ തുടക്കമാണെന്നും ഡോ. എന്‍.കെ. മഹാദേവന്‍ പറഞ്ഞു. ബിജു കൊല്ലപ്പള്ളിയാണ് പുതിയ ദേവസ്വം പ്രസിഡന്റ്.




0 Comments