സുനില്‍ പാലാ
വെള്ളപ്പൊക്കത്തിന് പിന്നാലെ മീനച്ചിലാറ്റിലെ പാലാ കളരിയാമ്മാക്കല്‍ ചെക്ക് ഡാമില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യാന്‍ ഇന്നലെ പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ വിളിച്ചു ചേര്‍ത്ത വിവിധ സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനമായി. സെപ്റ്റംബര്‍ 6 മുതല്‍ 8 വരെ മൂന്ന് ദിവസങ്ങളിലായി വിപുലമായ ശുചീകരണ പ്രവര്‍ത്തനം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഈരാറ്റുപേട്ട ടീം എമര്‍ജന്‍സി സംഘം മാലിന്യ നീക്കത്തിന് നേതൃത്വം നല്‍കും.
വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മരക്കൊമ്പുകള്‍, ചവറുകള്‍, ചെളി എന്നിവ ചെക്ക് ഡാമില്‍ കെട്ടിക്കിടക്കുന്നത് ജലപ്രവാഹത്തെ തടസപ്പെടുത്തുകയും പരിസ്ഥിതി മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. അടുത്തിടെ വെള്ളപ്പൊക്കത്തിന് ശേഷം പാലായിലെ പ്രധാന വെല്ലുവിളികളിലൊന്നായി മീനച്ചിലാറിലെ മാലിന്യക്കൂമ്പാരങ്ങള്‍ മാറിയിരുന്നു.
ടീം എമര്‍ജന്‍സിയുടെ നേതൃത്വത്തില്‍ ജനകീയ ദൗത്യം
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈരാറ്റുപേട്ട ടീം എമര്‍ജന്‍സിയാണ് നേതൃത്വം നല്‍കുന്നത്. റവന്യൂ, ഇറിഗേഷന്‍, പാലാ നഗരസഭ, മീനച്ചില്‍ പഞ്ചായത്ത്, മീനച്ചിലാര്‍ നദീസംരക്ഷണ സമിതി, പാലാ പൗരാവകാശ സമിതി എന്നിവയിലെ അംഗങ്ങളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും പ്രവര്‍ത്തനത്തിന് ആവശ്യമായ പിന്തുണ നല്‍കും. വിവിധ സന്നദ്ധസംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പങ്കാളിത്തവും ഇക്കാര്യത്തില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ ഒന്നര ലക്ഷം രൂപ വിനിയോഗിക്കും
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി നഗരസഭയ്ക്ക് ലഭിച്ച രണ്ടുലക്ഷം രൂപയില്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ ചെലവുകള്‍ക്കുശേഷം ബാക്കിയുണ്ടായ ഒന്നര ലക്ഷം രൂപ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. മാലിന്യം നീക്കം ചെയ്യുന്നതിനുള്ള യന്ത്രസഹായം, തൊഴിലാളികള്‍, സുരക്ഷാ സംവിധാനങ്ങള്‍, മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം തുടങ്ങിയ ചെലവുകള്‍ ഈ തുകയില്‍ നിന്നാണ് വഹിക്കുക. മറ്റ് സന്നദ്ധ സംഘടനകളുടെ സാമ്പത്തിക സഹായവും പ്രതീക്ഷിക്കുന്നുണ്ട്.
സര്‍ക്കാര്‍ നടപടിക്ക് കാത്തുനില്‍ക്കാതെ ഇടപെടല്‍
ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വൈകുന്നതാണ് ജനകീയ ഇടപെടലിലേക്ക് നയിച്ചത്. മഴക്കാലം പൂര്‍ണമായി അവസാനിക്കുന്നതിന് മുമ്പ് ചെക്ക് ഡാം ശുചിയാക്കുന്നത് ഭാവിയില്‍ ജലപ്രവാഹം സുഗമമാക്കാനും നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട് രൂക്ഷമാകുന്നത് കുറയ്ക്കാനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
സംയുക്ത പ്രവര്‍ത്തനത്തിന് ആഹ്വാനം
മീനച്ചിലാറിന്റെ ശുചിത്വം സംരക്ഷിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും ജനപങ്കാളിത്തത്തിലൂടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിജയകരമാകുന്നതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ശുചീകരണ ദിനങ്ങളില്‍ കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരും സാമൂഹിക സംഘടനകളും വ്യാപാര സ്ഥാപനങ്ങളും പൊതുജനങ്ങളും പങ്കാളികളാകണമെന്ന് നഗരസഭ ആഹ്വാനം ചെയ്തു.
മീനച്ചിലാറിന്റെ പരിസ്ഥിതി സംരക്ഷണത്തിനും പാലാ നഗരത്തിന്റെ ജലസുരക്ഷയ്ക്കും മാതൃകാപരമായ ജനകീയ ഇടപെടലായി ഈ ശുചീകരണ പ്രവര്‍ത്തനം മാറുമെന്ന പ്രതീക്ഷയിലാണ് നഗരസഭയും സംഘാടകരും.
ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജിതാ പ്രകാശ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടോണി തൈപ്പറമ്പില്‍, ടീം എമര്‍ജന്‍സി ഭാരവാഹികളായ മുഹമ്മദ് റാഫി, അബ്ദുള്‍ കരീം, അന്‍സിഫ് ലത്തീഫ്, മീനച്ചില്‍ പഞ്ചായത്ത് മെമ്പര്‍ സതീഷ് കുമാര്‍, ഇറിഗേഷന്‍ വകുപ്പ് എ.ഇ. ഫൈസി, റവന്യു ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ സെക്രട്ടറി എം. ആകാശ്, പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



0 Comments