പാലാ നഗരസഭയിൽ കൂറുമാറ്റക്കേസ്...... ചെയർ പേഴ്സൺ മായാ രാഹുലിനും നാല് വിമത കോൺഗ്രസ് കൗൺസിലർമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
സുനിൽ പാലാ
പാലാ നഗരസഭയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് പുതിയ വഴിത്തിരിവായി ചെയർപേഴ്സൺ മായാ രാഹുലിനും നാല് വിമത കോൺഗ്രസ് കൗൺസിലർമാർക്കും കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നോട്ടീസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ചു. പരാതിയിൽ ഹിയറിങ് നടത്തുന്നതിനായി ഈ മാസം 22-ന് കമ്മീഷൻ മുമ്പാകെ നേരിട്ട് ഹാജരാകാനാണ് നിർദേശം.
കോൺഗ്രസ് സ്ഥാനാർഥികളായി കൈപ്പത്തി ചിഹ്നത്തിൽ വിജയിച്ചിട്ടും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നൽകിയ വിപ്പ് ലംഘിച്ച് പ്രവർത്തിച്ചെന്നാണ് വിമത കൗൺസിലർമാർക്കെതിരായ പ്രധാന ആരോപണം. ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്.
കോൺഗ്രസ് കൗൺസിലർ സെബാസ്റ്റ്യൻ പനയ്ക്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിമത കൗൺസിലർമാർക്ക് നോട്ടീസ് നൽകിയത്. അതേസമയം, ചെയർപേഴ്സൺ മായാ രാഹുലിനെതിരെ സ്വതന്ത്ര മുന്നണി കൂട്ടായ്മ കൗൺസിലർ ബിനു പുളിക്കക്കണ്ടം നൽകിയ പരാതിയിലാണ് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുള്ളത്
22-ന് ഹിയറിങ്
നോട്ടീസ് ലഭിച്ച എല്ലാവരും ഈ മാസം 22-ന് കമ്മീഷന് മുമ്പാകെ ഹാജരായി വിശദീകരണം നൽകേണ്ടതുണ്ട്. പരാതിക്കാരുടെയും എതിർകക്ഷിയുടെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും കമ്മീഷൻ തുടർനടപടി തീരുമാനിക്കുക.
കൂറുമാറ്റം തെളിഞ്ഞാൽ അംഗത്വം നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള ഗുരുതര നടപടികൾക്ക് നിയമത്തിൽ വ്യവസ്ഥയുള്ളതിനാൽ കേസിന്റെ ഫലം പാലാ നഗരസഭയിലെ നിലവിലെ ഭരണസമവാക്യത്തെ നേരിട്ട് ബാധിക്കാനിടയുണ്ട്.



0 Comments