ഡോക്ടര്‍മാര്‍ ചെണ്ട കൊട്ടിയപ്പോള്‍ ആവേശമേറെ; ഐഎംഎ ഓണാഘോഷത്തിന് താളമായി പഞ്ചാരിമേളം




സുനില്‍ പാലാ

സ്റ്റെതസ്‌കോപ്പില്‍ നിന്ന് ചെണ്ടക്കോലിലേക്ക് ''കൈമാറി'' പിടിച്ച ഡോക്ടര്‍മാര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പാലാ ശാഖയുടെ ഓണാഘോഷ വേദിയെ ആവേശ ലഹരിയിലാഴ്ത്തി. ഡോക്ടര്‍മാര്‍ അവതരിപ്പിച്ച പഞ്ചാരിമേളമാണ് പരിപാടിയിലെ കൗതുക കാഴ്ചയായി മാറിയത്.

ഡോ. ശബരിനാഥ് സി. ദാമോദരന്‍, ഡോ. തോമസ് വാവാനിക്കുന്നേല്‍, ഡോ. കിരണ്‍ കെ. പ്രഭാകര്‍, ഡോ. ഹരികുമാര്‍ ജി., ഡോ. ജോസ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ് പഞ്ചാരിമേളം അവതരിപ്പിച്ചത്. വൈദ്യരംഗത്തെ തിരക്കേറിയ ജീവിതത്തിനിടയിലും ചെണ്ടയുടെയും താളവാദ്യങ്ങളുടെയും പരിശീലനം നടത്തി വേദിയിലെത്തിയ ഡോക്ടര്‍മാര്‍ക്ക് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്.

ചെണ്ട, ഇലത്താളം ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ മേളക്കൊട്ടോടെ അരങ്ങേറിയ അവതരണം ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറി. രോഗികളെ ചികിത്സിക്കുന്ന കൈകള്‍ തന്നെ താളത്തിന്റെ ലോകത്തും മികവ് തെളിയിച്ചപ്പോള്‍, ഡോക്ടര്‍മാരുടെ ഈ വേറിട്ട കലാവിരുന്ന് കാണികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
പ്രമുഖ സോപാന സംഗീത കലാകാരനും കടപ്പാട്ടൂര്‍ ഓംകാര കലാപീഠം ഡയറക്ടറുമായ വിനോദ് സൗപര്‍ണികയുടെ നേതൃത്വത്തിലും പരിശീലനത്തിലുമാണ് ഇവര്‍ പഞ്ചാരിമേളം അഭ്യസിച്ചത്. തുടര്‍ന്നും തങ്ങളുടെ കലാസപര്യയെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ ആതുരശുശ്രൂഷകര്‍ ആഗ്രഹിക്കുന്നത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments