നിര്‍ത്തിയിട്ട ഓട്ടോയിലും ഫോണ്‍? പാലായില്‍ അത് 'കോളല്ല', വെഹിക്കിള്‍ കണ്ടാല്‍ വെറുതെ ചീത്ത കേള്‍ക്കാം.
പാലായിലും പാലാ ജോയിന്റ് ആര്‍.ടി. ഓഫീസിന് കീഴിലുള്ള പ്രദേശങ്ങളിലും ഇനി ഓട്ടോറിക്ഷ നിര്‍ത്തിയിട്ട ശേഷവും ഫോണ്‍ എടുക്കുന്നതിന് മുമ്പ് ചുറ്റും നോക്കുന്നതാണ് നല്ലതെന്ന പുതിയ 'ട്രാഫിക് ബോധവത്കരണം' ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍ പടരുകയാണ്. ഇന്നലെ ഉച്ചയോടെ ഐങ്കൊമ്പില്‍ നടന്ന ഒരു സംഭവമാണ് ഇതിന് പിന്‍ബലം.
ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച വാഹനം ഐങ്കൊമ്പിലെത്തിയപ്പോള്‍ പെട്ടെന്ന് നിര്‍ത്തി, വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇരുന്ന് ഫോണ്‍ ചെയ്ത ഡ്രൈവറെ 'ഇവിടെ വാടാ ഇവിടെയെന്ന്' ആക്രോശത്തോടെ വിളിച്ചു.
ഇറങ്ങിച്ചെന്ന ഡ്രൈവര്‍ക്ക് ലഭിച്ചത് ഉപദേശമല്ല, പകരം ശകാരം. 'മേലില്‍ ഫോണ്‍ ചെയ്യരുത്... വാഹനം ഓടിച്ചുകൊണ്ട് ഫോണ്‍ ചെയ്യരുത്' തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ നിരത്തിയത്.
'സാര്‍, വണ്ടി നിര്‍ത്തിയിട്ടിരിക്കുകയല്ലേ...' എന്ന ഡ്രൈവറുടെ വിശദീകരണം കേള്‍ക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറയതേയില്ല എന്നാണാക്ഷേപം. ഇതിനിടെ ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന്‍ ഇടപെട്ടപ്പോള്‍, 'നീ നിന്റെ പണി നോക്കെടാ' എന്ന മറുപടിയോടെയാണത്രേ ഉദ്യോഗസ്ഥന്‍ സ്ഥലത്തുനിന്ന് മടങ്ങിയത്.
നിയമപുസ്തകം ഇതുവരെ 'പാര്‍ക്കിംഗ് മോഡില്‍ ഫോണ്‍ ചെയ്താല്‍ ശകാരിക്കാം' എന്ന വകുപ്പ് കണ്ടിട്ടില്ലെങ്കിലും, ഐങ്കൊമ്പിലെ സംഭവം കേട്ടവര്‍ ഇനി ഫോണ്‍ എടുക്കുന്നതിന് മുമ്പ് എന്‍ജിന്‍ ഓഫ് ആണോ, വണ്ടി നില്‍ക്കുകയാണോ, ഉദ്യോഗസ്ഥന്‍ സമീപത്തുണ്ടോ എന്നിങ്ങനെ മൂന്ന് കാര്യവും ഉറപ്പാക്കുന്ന തിരക്കിലാണെന്നാണ് ആക്ഷേപഹാസ്യം.
ഓട്ടോ സ്റ്റാന്‍ഡുകളില്‍ ഇപ്പോള്‍ കേള്‍ക്കുന്ന പുതിയ തമാശയും അതുതന്നെ: 'കോള്‍ വരുമ്പോള്‍ ആദ്യം ഹലോ പറയണ്ട... ചുറ്റും എം.വി.ഡി. ഉണ്ടോയെന്ന് നോക്ക്!'
70 12 23 03 34



0 Comments