സുനില്‍ പാലാ
ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായി പാലാ നഗരസഭയുടെ തെക്കേക്കരയിലെ വിശാലമായ ഷോപ്പിംഗ് കോംപ്ലക്‌സിനെ മാറ്റുന്നതിനുള്ള നീക്കത്തിന് നഗരസഭയില്‍ ആലോചന.
തീര്‍ഥാടനകാലത്ത് പാലാ വഴി കടന്നുപോകുന്ന അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കാനും കഴിയുന്ന രീതിയില്‍ ഷോപ്പിംഗ് കോംപ്ലക്‌സിനെ സജ്ജമാക്കണമെന്ന നിര്‍ദ്ദേശമാണ് ഉയരുന്നത്.
നിലവില്‍ തന്നെ വിശാലമായ പാര്‍ക്കിങ് ഏരിയ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. വലിയ കംഫര്‍ട്ട് സ്റ്റേഷനും ഇവിടെയുണ്ടെങ്കിലും അറ്റകുറ്റപ്പണികളുടെ അഭാവം മൂലം ഇപ്പോള്‍ ശോച്യാവസ്ഥയിലാണ്. കംഫര്‍ട്ട് സ്റ്റേഷന്‍ അടിയന്തരമായി നവീകരിച്ച് ശുചിത്വവും വെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമായ ഇടത്താവളമായി ഇവിടം മാറ്റാനാകുമെന്നാണ് വിലയിരുത്തല്‍.
തീര്‍ഥാടനകാലത്ത് പുലര്‍ച്ചെയും രാത്രിയിലും ഉള്‍പ്പെടെ നിരവധി വാഹനങ്ങളിലാണ് അയ്യപ്പഭക്തര്‍ പാലാ വഴി കടന്നുപോകുന്നത്. ദീര്‍ഘദൂര യാത്രയ്ക്കിടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനും യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ശുചിമുറി സൗകര്യം ഉപയോഗിക്കാനും ലഘുഭക്ഷണം ലഭ്യമാക്കാനും കഴിയുന്ന കേന്ദ്രമെന്ന നിലയില്‍ തെക്കേക്കര ഷോപ്പിംഗ് കോംപ്ലക്‌സിന് വലിയ സാധ്യതയാണുള്ളത്.
രാത്രിയിലും പ്രവര്‍ത്തിക്കുന്ന ചെറിയ കഫേകളും ലഘുഭക്ഷണശാലകളും ആരംഭിക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കാവുന്നതാണ്. തീര്‍ഥാടകരുടെ ആവശ്യത്തിനനുസരിച്ച് ചായ, കാപ്പി, ലഘുഭക്ഷണം, കുടിവെള്ളം. ചുക്കുകാപ്പി തുടങ്ങിയവ ലഭ്യമാക്കാന്‍ കഴിയുന്നതോടെ രാത്രികാല യാത്രക്കാര്‍ക്കും വലിയ ആശ്വാസമാകും. നഗരസഭയുടെ നിയന്ത്രണത്തിലുള്ള കെട്ടിടസമുച്ചയത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്.
ശബരിമല തീര്‍ഥാടനകാലത്ത് പാലാ നഗരത്തെ പ്രധാന ഇടത്താവളമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി തെക്കേക്കര ഷോപ്പിംഗ് കോംപ്ലക്‌സിലെ നിലവിലുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ആവശ്യം നേരത്തേയും ഉയര്‍ന്നിരുന്നു. എന്നാല്‍ ആവശ്യമായ ഇടപെടലുകള്‍ നടക്കാത്തതിനാല്‍ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനായിട്ടില്ല.
ഗൗരവമായി പരിഗണിക്കും - മായാ രാഹുല്‍
തെക്കേക്കരയിലെ ഷോപ്പിംഗ് കോംപ്ലക്‌സ് ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമാക്കുന്നതിനുള്ള സാധ്യത ഗൗരവമായി പരിഗണിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ പറഞ്ഞു. നിലവിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഈ കേന്ദ്രം പ്രയോജനപ്പെടുത്തുന്നതിന് എത്രയും വേഗം അനുകൂലമായ നടപടി സ്വീകരിക്കുന്നതിനുള്ള നീക്കം നടത്തുമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
അയ്യപ്പഭക്ത സൗഹൃദ ഇടത്താവളമായി മാറ്റാം
ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരണം, ശുചീകരണം, കുടിവെള്ള സൗകര്യം, പാര്‍ക്കിങ് ക്രമീകരണം, രാത്രികാല വെളിച്ചം തുടങ്ങിയവ ഉറപ്പാക്കാനായാല്‍ തെക്കേക്കര ഷോപ്പിംഗ് കോംപ്ലക്‌സ് പാലായുടെ 'അയ്യപ്പഭക്ത സൗഹൃദ ഇടത്താവളമായി' മാറും. നഗരസഭയുടെ വരുമാനത്തിനൊപ്പം തീര്‍ഥാടന ടൂറിസം രംഗത്തും പാലായ്ക്ക് പുതിയ സാധ്യതകള്‍ തുറക്കുന്നതായിരിക്കും ഈ പദ്ധതി.





0 Comments