ലോകത്തെ മികച്ച 100 മീൻ വിഭവങ്ങളുടെ പട്ടികയിൽ...കേരളത്തിന്റെ തനത് കരിമീൻ പൊള്ളിച്ചതും തമിഴ്‌നാടിന്റെ നെത്തോലി 65ഉം



 നാടൻ രുചികളുടെ തനിമയും പാചകത്തിലെ വൈവിധ്യവും ലോകശ്രദ്ധ നേടുമ്പോൾ കേരളത്തിനും തമിഴ്‌നാടിനും അഭിമാനനേട്ടം. ആഗോള ഭക്ഷണ-യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് (TasteAtlas) പുറത്തുവിട്ട ലോകത്തെ മികച്ച 100 മീൻ വിഭവങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യൻ വിഭവങ്ങളും ഇടംപിടിച്ചു. 


 കേരളത്തിന്റെ തനത് കരിമീൻ പൊള്ളിച്ചതും തമിഴ്‌നാടിന്റെ ക്രിസ്പി നെത്തോലി 65ഉം പട്ടികയിൽ ഇടംനേടിയതോടെ ദക്ഷിണേന്ത്യയുടെ സമ്പന്നമായ ഭക്ഷണപാരമ്പര്യം വീണ്ടും രാജ്യാന്തര ശ്രദ്ധയിലേക്ക് എത്തുകയാണ്. 


 കേരളത്തിൻ്റെ രുചിപ്പെരുമയായി കരിമീൻ പൊള്ളിച്ചത് 

 മികച്ച മീൻ വിഭവങ്ങളുടെ പട്ടികയിൽ 34-ാം സ്ഥാനമാണ് കേരളത്തിന്റെ സ്വന്തം കരിമീൻ പൊള്ളിച്ചത് നേടിയത്. 5ൽ 4.2 റേറ്റിങ്ങോടെയാണ് ഈ നാടൻ വിഭവം നേട്ടം കൈവരിച്ചതെന്നാണ് നൽകിയിരിക്കുന്ന വിവരം. കേരളത്തിൻ്റെ കായൽ ഭക്ഷണ സംസ്ക്കാരത്തിൻ്റെ പ്രധാന ഭാഗമായ കരിമീൻ, രുചിയിലും പാചകരീതിയിലുമുള്ള തനിമകൊണ്ട് ഏറെ ശ്രദ്ധേയമാണ്. 

 ഗ്രീൻ ക്രോമൈഡ് അഥവാ പേൾ സ്പോട്ട് എന്നറിയപ്പെടുന്ന കരിമീനാണ് ഈ വിഭവത്തിലെ പ്രധാന ചേരുവ. കേരളത്തിന്റെ സംസ്ഥാന മത്സ്യം കൂടിയായ കരിമീൻ കായൽ ടൂറിസത്തിന്റെ്യും പരമ്പരാഗത ഭക്ഷണശൈലിയുടെയും അവിഭാജ്യ ഘടകമാണ്. മസാലക്കൂട്ടുകളുടെ രുചിയും വാഴയിലയിൽ പൊതിഞ്ഞുള്ള പാചകരീതിയും ചേർന്നാണ് കരിമീൻ പൊള്ളിച്ചതിനെ വ്യത്യസ്തമാക്കുന്നത്. 


 മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത മിശ്രിതത്തിൽ മീൻ മാരിനേറ്റ് ചെയ്തശേഷം വെളിച്ചെണ്ണയിൽ ചെറുതായി വറുത്തെടുക്കുന്നതാണ് സാധാരണ രീതി. തുടർന്ന് സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപ്പൊടി, വിനാഗിരി എന്നിവ ചേർത്ത മസാലക്കൂട്ട് തയാറാക്കുന്നു. വറുത്ത മീനിൽ ഈ മസാല പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് വീണ്ടും തവയിലോ ഗ്രില്ലിലോ വച്ച് പൊള്ളിച്ചെടുക്കും. 

 വാഴയില തുറക്കുമ്പോൾ പുറത്തുവരുന്ന മസാലയുടെ മണവും മീനിന്റെ തനത് രുചിയുമാണ് ഈ വിഭവത്തിന്റെ പ്രധാന ആകർഷണം. ചൂടോടെ സവാളയും ചെറുനാരങ്ങാനീരും ചേർത്തോ ചോറിനും അപ്പത്തിനുമൊപ്പം വിളമ്പിയോ കരിമീൻ പൊള്ളിച്ചത് ആസ്വദിക്കാം.തമിഴ്‌നാടിന്റെ ക്രിസ്പി രുചി; നെത്തോലി 65ചെറുമീനുകളുടെ രുചിവൈവിധ്യം ലോകത്തിനു മുന്നിലെത്തിച്ചുകൊണ്ട് തമിഴ്‌നാട്ടിൽ നിന്നുള്ള നെത്തോലി 65ഉം പട്ടികയിൽ ഇടംനേടി. അഞ്ചോവി 65, കൊഴുവാ 65 എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വിഭവം ദക്ഷിണേന്ത്യയിലെ സീഫുഡ് പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 

 ചെറിയ നെത്തോലി മീനുകളിൽ മസാലകൾ പുരട്ടി നല്ലവണ്ണം മൊരിച്ചെടുക്കുന്നതാണ് വിഭവത്തിന്റെ പ്രത്യേകത. തൈര്, ചെറുനാരങ്ങാനീര്, മുളകുപൊടി, ഗരം മസാല, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, അരിപ്പൊടി എന്നിവ ചേർത്ത മിശ്രിതത്തിൽ മീൻ മാരിനേറ്റ് ചെയ്തശേഷം എണ്ണയിൽ വറുത്തെടുക്കുന്നു. പുറംഭാഗം മൊരിഞ്ഞും ഉള്ളിൽ മീനിന്റെ രുചി നിലനിൽക്കുന്ന രീതിയിലും തയാറാക്കുന്നതാണ് ഇതിന്റെ ആകർഷണം.വൈകുന്നേരത്തെ ലഘുഭക്ഷണമായും പ്രധാന ഭക്ഷണത്തിന് മുമ്പുള്ള അപ്പറ്റൈസറായും നെത്തോലി 65 വിളമ്പാറുണ്ട്. ചെറുനാരങ്ങാക്കഷ്ണ ങ്ങൾക്കൊപ്പം ചൂടോടെ കഴിക്കുമ്പോൾ അതിന്റെ രുചി കൂടുതൽ ആസ്വദിക്കാനാകും. ലളിതമായ ചേരുവകൾ ഉപയോഗിച്ച് തയാറാക്കുന്ന ഈ വിഭവത്തിന്റെ നേട്ടം തമിഴ്‌നാടിന്റെ നാടൻ ഭക്ഷണസംസ്കാരത്തിനും അംഗീകാരമാണ്. 


 നാടൻ രുചികൾക്ക് ആഗോള വേദിയിൽ തിളക്കംജപ്പാൻ, ഫിൻലാൻഡ്, സ്വീഡൻ, പെറു തുടങ്ങിയ രാജ്യങ്ങളിലെ വിഭവങ്ങളോടൊപ്പം ഇന്ത്യൻ മീൻ വിഭവങ്ങളും പട്ടികയിൽ ഇടംപിടിക്കുന്നത് ദക്ഷിണേന്ത്യൻ പാചക പാരമ്പര്യത്തിന്റെ വൈവിധ്യം വ്യക്തമാക്കുന്നു. കേരളത്തിന്റെ വെളിച്ചെണ്ണയും ഇഞ്ചി-വെളുത്തുള്ളി മസാലക്കൂട്ടുകളും വാഴയിലയിലെ പാചകരീതിയും തമിഴ്‌നാടിന്റെ മൊരിഞ്ഞ മീൻ വിഭവങ്ങളും പ്രാദേശിക രുചികളുടെ പ്രത്യേകത ഉയർത്തിക്കാട്ടുന്നു. 

 ഭക്ഷണരീതികൾക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കുന്ന സാഹചര്യത്തിൽ ഇത്തരം അംഗീകാരങ്ങൾ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഭക്ഷ്യസംസ്കാരത്തെ ക്കുറിച്ചുള്ള താൽപര്യം വർധിപ്പിക്കാൻ സഹായിക്കും. പ്രത്യേകിച്ച് കേരളത്തിന്റെ കായൽ ടൂറിസവുമായി ചേർന്നുനിൽക്കുന്ന കരിമീൻ വിഭവങ്ങൾ സഞ്ചാരികൾക്കിടയിൽ ഏറെ ആകർഷണമുള്ളവയാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments