ക്ഷേത്രഭരണത്തിന്റെ തിരക്കിനിടയിലും സിനിമയില്‍ ''കുടിയനായ സണ്ണിച്ചന്‍ വക്കീലായി'' സതീഷ് കല്ലക്കുളം; ''ഉദയം കാത്ത്'' വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്




സുനില്‍ പാലാ

ക്ഷേത്രഭരണത്തിന്റെ തിരക്കുകള്‍ക്കിടയിലും വെള്ളിത്തിരയില്‍ മദ്യപാനിയായ അഭിഭാഷകന്‍!

കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രം ദേവസ്വം സെക്രട്ടറി സതീഷ് കല്ലക്കുളം വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ''ഉദയം കാത്ത്'' എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത് ശ്രദ്ധേയമായൊരു കഥാപാത്രം.

ജീവിതത്തെ ലഹരിയുടെ ഇരുട്ടിലേക്കു തള്ളിവിടുന്ന ശീലങ്ങള്‍ക്കെതിരേ തിരിച്ചറിവിന്റെ വെളിച്ചം പകരുന്ന സിനിമയില്‍, ഒന്നാന്തരം കുടിയനായ വക്കീലായാണ് സതീഷ് കല്ലക്കുളം എത്തുന്നത്. കോട്ടിട്ടിട്ടുകൊണ്ടുപോലും കള്ളുഷാപ്പില്‍ കേറുന്ന സണ്ണിച്ചന്‍ വക്കീല്‍.

കഥാപാത്രം ദൈര്‍ഘ്യമേറിയതല്ലെങ്കിലും പ്രേക്ഷകശ്രദ്ധ നേടാന്‍ കഴിയുന്ന വേഷമാണിത്. മദ്യപാനിയായ സണ്ണിച്ചന്‍ വക്കീലിന്റെ ജീവിതത്തിലൂടെ ലഹരി മനുഷ്യന്റെ ജീവിതത്തെയും ബന്ധങ്ങളെയും എങ്ങനെ താറുമാറാക്കുന്നുവെന്ന സന്ദേശം അവതരിപ്പിക്കുന്ന ചിത്രത്തില്‍ സതീഷിന്റെ സാന്നിധ്യവും ശ്രദ്ധേയമാകുന്നു. സിനിമയുടെ പോസ്റ്ററുകളില്‍ സതീഷിന്റെ വലിയ ചിത്രങ്ങള്‍ ഇടംപിടിച്ചതും ഈ കഥാപാത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

ഇതിനോടകം ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സതീഷ് കല്ലക്കുളത്തിന് അഭിനയരംഗം പുതിയതല്ല. വിവിധ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് സാന്നിധ്യമറിയിച്ച അദ്ദേഹം, പുതിയ ചിത്രത്തിലും വ്യത്യസ്തമായ വേഷപ്പകര്‍ച്ചയുമായാണ് എത്തുന്നത്. ജീവിതത്തില്‍ ഉത്തരവാദിത്വമുള്ള ക്ഷേത്രഭരണച്ചുമതല നിര്‍വഹിക്കുമ്പോള്‍, വെള്ളിത്തിരയില്‍ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഈ വേഷത്തിലെ കൗതുകം.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ കെ. പത്മകൃഷ്ണന്‍ അയ്യര്‍ നിര്‍വ്വഹിച്ചിരിക്കുന്ന ''ഉദയം കാത്ത്'' ലഹരിയുടെ പിടിയില്‍ ജീവിതം വഴിതെറ്റിപ്പോകുന്നവര്‍ക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയേണ്ടവര്‍ക്കും ചിന്തിക്കാന്‍ വക നല്‍കുന്ന ചിത്രമാണ്. ലഹരിയുടെ ഇരുട്ടില്‍നിന്ന് തിരിച്ചറിവിന്റെ പുലരിയിലേക്കുള്ള യാത്രയാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്.

കഴിഞ്ഞ ഏഴുമാസമായി പാലാ കടപ്പാട്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രം ദേവസ്വം സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ് പാലാ പൂവരണി സ്വദേശിയായ സതീഷ് കല്ലക്കുളം. ക്ഷേത്രത്തിലെ ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ക്കൊപ്പം അഭിനയത്തെയും ചേര്‍ത്തുപിടിക്കുന്ന സതീഷിന് ഉദയം കാത്ത് മറ്റൊരു ശ്രദ്ധേയമായ സിനിമാനുഭവമാകുമെന്നാണ് പ്രതീക്ഷ.
ജീവിതത്തില്‍ ലഹരിയോട് അകലം പാലിക്കേണ്ടതിന്റെ സന്ദേശം വെള്ളിത്തിരയിലൂടെ പകരുന്ന സിനിമയില്‍, മദ്യപാനിയായ അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ക്ഷേത്രദേവസ്വം സെക്രട്ടറിയുടെ അഭിനയമാണ് പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പ്രൊഫഷണല്‍ നാടക - സിനിമ - രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് സതീഷ് കല്ലക്കുളം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments