ഏഴു പതിറ്റാണ്ടിന്റെ നാദസ്വരമൗനത്തിന് വിരാമം; കാവിന്‍പുറത്ത് വീണ്ടും മംഗളനാദം മുഴക്കാന്‍ വൈക്കം അനിരുദ്ധന്‍; 1250-ാം വേദിയെന്ന സവിശേഷതയും.




സുനില്‍ പാലാ

ഏഴു പതിറ്റാണ്ടിന്റെ നാദസ്വരമൗനത്തിന് വിരാമം; കാവിന്‍പുറത്ത് വീണ്ടും മംഗളനാദം മുഴക്കാന്‍ വൈക്കം അനിരുദ്ധന്‍; 1250-ാം വേദിയെന്ന സവിശേഷതയും.

ഏഴു പതിറ്റാണ്ടിന്റെ നീണ്ട ഇടവേളയ്ക്കുശേഷം കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയില്‍ വീണ്ടും ഇന്ന് നാദസ്വരത്തിന്റെ മംഗളധ്വനികള്‍ ഉയരുന്നു. കാലം മായ്ച്ചുകളയാന്‍ തുടങ്ങിയ ഒരു ക്ഷേത്രപാരമ്പര്യത്തിന് ഭക്തിയുടെ കൈയൊപ്പോടെ പുനര്‍ജന്‍മം നല്‍കുന്ന ഈ സംഗീതസന്ധ്യയ്ക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. പ്രശസ്ത നാദസ്വരവിദ്വാന്‍ വൈക്കം അനിരുദ്ധന്റെ കലാജീവിതത്തിലെ 1250-ാമത് വേദി കൂടിയാണിത്.

ഇന്ന് കാര്‍ത്തിക പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി വൈകിട്ട് നടക്കുന്ന കാര്‍ത്തികവിളക്ക് ഘോഷയാത്രയ്ക്ക് അകമ്പടിയായാണ് നാദസ്വരാവതരണം ഒരുക്കിയിരിക്കുന്നത്. വൈക്കം അനിരുദ്ധന്‍ നാദസ്വരത്തിലൂടെ ഭക്തിഗാനങ്ങള്‍ അവതരിപ്പിക്കും. സതീഷ് മുളക്കുളം തകില്‍ വായിക്കും. കച്ചേരി എന്നതിലുപരി ഘോഷയാത്രയുടെ സമയപരിധിക്കുള്ളില്‍ ഭക്തിഗാനങ്ങള്‍ നാദസ്വരത്തില്‍ അവതരിപ്പിക്കാനാണ് ക്രമീകരണം.

ഏകദേശം 70 വര്‍ഷം മുമ്പ് തുമ്പയില്‍ നീലകണ്ഠന്‍ നായര്‍ ക്ഷേത്രഭരണസമിതി പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് കാവിന്‍പുറം ക്ഷേത്രത്തില്‍ അവസാനമായി നാദസ്വരം മുഴങ്ങിയതെന്ന് കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ പറഞ്ഞു. അന്നത്തെ ഉത്സവാന്തരീക്ഷത്തിന് മംഗളശ്രുതി പകര്‍ന്ന നാദസ്വരത്തിന്റെ ഈണങ്ങള്‍ പിന്നീട് ക്ഷേത്രസന്നിധിയില്‍ ഉയര്‍ന്നിട്ടില്ല. തലമുറകള്‍ മാറി, കാലം കടന്നുപോയി. എന്നാല്‍ ക്ഷേത്രത്തിന്റെ പഴയ പാരമ്പര്യത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഭക്തമനസ്സുകളില്‍ മായാതെ നിന്നു.
ആ ഓര്‍മകളെ വീണ്ടും സംഗീതസാന്ദ്രമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. ശിവപാര്‍വതി ഭക്തജന സമിതിയുടെ നേതൃത്വത്തിലാണ് ഏഴു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ക്ഷേത്രത്തില്‍ നാദസ്വരമേളം തിരിച്ചെത്തിക്കുന്നത്.

ഏഴു പതിറ്റാണ്ടിനുശേഷം കാവിന്‍പുറം ക്ഷേത്രത്തില്‍ നാദസ്വരം തിരിച്ചെത്തിക്കുന്നതിനൊപ്പം നാദസ്വര വിദ്വാന്‍ വൈക്കം അനിരുദ്ധന്റെ 1250-ാമത് വേദി എന്ന ചരിത്രപരമായ നേട്ടത്തിനും ക്ഷേത്രസന്നിധി സാക്ഷ്യം വഹിക്കുന്നു. കലാജീവിതത്തിലെ സുപ്രധാന നാഴികക്കല്ല് ഒരു ക്ഷേത്രപാരമ്പര്യത്തിന്റെ പുനരുജ്ജീവനത്തോടൊപ്പം അടയാളപ്പെടുത്തപ്പെടുന്നു എന്നതും ഈ പരിപാടിയുടെ പ്രത്യേകതയാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments