മുൻ ആർച്ച് ബിഷപ്പ് മാർ തോമസ് മേനാംപറമ്പിൽ (90)കാലം ചെയ്തു....... പാലാ വെള്ളിയേപ്പള്ളിയിലെ പ്രശസ്തമായ മേനാം പറമ്പിൽ കുടുംബാംഗമായിരുന്നു




മുൻ ആർച്ച് ബിഷപ്പ് മാർ തോമസ് മേനാംപറമ്പിൽ (90)കാലം ചെയ്തു....... പാലാ വെള്ളിയേപ്പള്ളിയിലെ പ്രശസ്തമായ മേനാം പറമ്പിൽ കുടുംബാംഗമായിരുന്നു 

ഇന്ന് ബുധനാഴ്ച നവംബർ 25ന് രാവിലെ  ഹൈദരാബാദിലെ എ.ഐ.ജി (AIG) ആശുപത്രിയിൽ വെച്ചാണ് അന്ത്യം..
​ദീബ്രുഗഡ് രൂപതയുടെ ബിഷപ്പ് (1981-1992), ഗുവാഹത്തി രൂപതയുടെ ബിഷപ്പ് (1992-1995), ഗുവാഹത്തി ആർച്ച്ബിഷപ്പ് (1995-2012), ജോവായ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ (2014-2016) എന്നീനിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


​1936 ഒക്ടോബർ 22ന് കോട്ടയം ജില്ലയിലെ വാകക്കാടാണ് ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ ജനിച്ചത്. പാലാ സെന്റ് തോമസ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. പശ്ചിമബംഗാളിലെ ഡാർജിലിംഗിലാണ് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. തമിഴ്നാട്ടിലെ യേർക്കാടിൽ ഒരുവർഷത്തെ സന്യാസപരിശീലനത്തിനുശേഷം 1955 മെയ് 24ന് ഡോൺ ബോസ്കോ സഭയിൽ (സലേഷ്യൻ സഭ) ചേർന്നു. 1965 മെയ് 2ന് പൗരോഹിത്യം സ്വീകരിച്ചു. 1965ൽ മേഘാലയയിലെ ഷില്ലോംഗിലുള്ള സാവിയോ ജൂനിയറേറ്റ് ഹൈസ്കൂളിന്റെ പ്രധാനാധ്യാപകനായി നിയമിതനായി. 1969 മുതൽ 1972 വരെ സെന്റ് ആന്റണീസ് കോളേജ് ഹോസ്റ്റലിന്റെ (സ്റ്റീഫൻ ഹാൾ) വാർഡനായും സേവനമനുഷ്ഠിച്ചു.
​1972 മുതൽ 1975 വരെ വടക്കുകിഴക്കൻ ഇന്ത്യയിലെ ഡോൺ ബോസ്കോ സൊസൈറ്റിയുടെ വൈസ് പ്രൊവിൻഷ്യലായിരുന്നു. 
1981 ജൂലൈ 13ന് ദീബ്രുഗഡ് ബിഷപ്പായി നിയമിതനായി. 1992 ഏപ്രിൽ 21ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുതുതായി രൂപീകരിച്ച ഗുവാഹത്തി രൂപതയുടെ ആദ്യ ബിഷപ്പായി നിയമിച്ചു. 1992 ഓഗസ്റ്റ് 16ന് സ്ഥാനാരോഹണംചെയ്തു.
​1995 ഓഗസ്റ്റ് 1ന് ഗുവാഹത്തി രൂപത അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ ബിഷപ്പ് തോമസ് ആദ്യ ആർച്ച്ബിഷപ്പായി. വർഷങ്ങളോളം ലോവർ അസമിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഹോസ്റ്റലുകളോടുകൂടിയ നിരവധി സ്കൂളുകൾ അദ്ദേഹം ആരംഭിച്ചു. അദ്ദേഹത്തിന്റെ അക്ഷീണപരിശ്രമത്തിന്റെ ഫലമായാണ് 2000ൽ പുതിയ ബൊംഗൈഗാവ് രൂപത നിലവിൽവന്നത്.
​1996ൽ കൊക്രജാർ മേഖലയിലുണ്ടായ രൂക്ഷമായ വംശീയകലാപത്തിൽ അഞ്ഞൂറിലധികം ആളുകൾ കൊല്ലപ്പെടുകയും രണ്ടര ലക്ഷത്തോളം ബോഡോ, ആദിവാസി (പ്രത്യേകിച്ച് സന്താൾ) വിഭാഗക്കാർ അമ്പതിലധികം അഭയാർത്ഥിക്യാമ്പുകളിൽ അഭയംതേടുകയുംചെയ്തപ്പോൾ, ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രായോഗികവൈദഗ്ധ്യം പ്രകടമായി. മറ്റ് ക്രൈസ്തവസഭകളുടെയും പ്രാദേശികഭരണകൂടത്തിന്റെയും പിന്തുണയോടെ സംഘർഷത്തിലേർപ്പെട്ട ഇരുസമുദായങ്ങളുടെയും നേതാക്കളെ സമാധാനചർച്ചകൾക്കായി ഒരുമിച്ചുകൂട്ടാൻ അദ്ദേഹം മുൻകൈയെടുത്തു. 
​സമാനമായ സാഹചര്യം 1999ൽ മണിപ്പൂരിലെ ചുരാചന്ദ്പൂർ മേഖലയിൽ കുക്കികളും പൈറ്റെകളും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും ഉണ്ടായി. അന്ന് നാനൂറിലധികം ആളുകൾ കൊല്ലപ്പെടുകയും അത്രതന്നെ ഗ്രാമങ്ങൾ അഗ്നിക്കിരയാക്കപ്പെടുകയുംചെയ്തിരുന്നു. മറ്റ് സഭാനേതാക്കളുടെ ക്ഷണപ്രകാരം സഹായത്തിനെത്തിയ ആർച്ച്ബിഷപ്പ് തോമസ്, ഇരുവിഭാഗം നേതാക്കളുമായും നടത്തിയ ചർച്ചകളിലൂടെ ഒത്തുതീർപ്പിലെത്തുകയും പിന്നീട് അവിടെ സമാധാനം നിലനിൽക്കുകയുംചെയ്തു.
​ഹാഫ്ലോംഗിന് സമീപമുണ്ടായ ദിമാസ-മാർ സംഘർഷത്തിലും (100 മരണം) ദിഫുവിന് സമീപമുണ്ടായ കുക്കി-കർബി ഏറ്റുമുട്ടലുകളിലും (46 മരണം) അദ്ദേഹം വീണ്ടും ഇടപെട്ടു. രണ്ടിടത്തും സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും പുതിയ സമാധാനശ്രമങ്ങൾ തുടരുകയും ചെയ്യുന്നു.
​2003 ഓഗസ്റ്റിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ എല്ലാസഭകളും ചേർന്ന് രൂപീകരിച്ച സംയുക്ത സമാധാനസമിതിയുടെ  കൺവീനറായിരുന്നു ആർച്ച്ബിഷപ്പ് തോമസ് മേനാംപറമ്പിൽ. സോഷ്യൽ ഫോറം, ഡോൺ ബോസ്കോ യൂത്ത് സർവീസസ്, എൻ.ഇ ഹെൽത്ത് അസോസിയേഷൻസ് എന്നിവയുടെ നേതൃത്വത്തിൽ മേഖലയിൽ ആരംഭിച്ച നിരവധി സമാധാനസംരംഭങ്ങൾക്ക് അദ്ദേഹം പ്രചോദനമായിട്ടുണ്ട്.


​1998ൽ സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള മുംബൈയിലെ പ്രശസ്തമായ മാഷിയോ അവാർഡ് ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിലിന് ലഭിച്ചു. മദർ തെരേസയും ബാബ ആംതെയുമാണ് ഇതിനുമുമ്പ് ഈ പുരസ്കാരം നേടിയ രണ്ടുപേർ. ജനങ്ങൾ അദ്ദേഹത്തെ 'സമാധാനത്തിന്റെ പ്രവാചകൻ' എന്നാണ് സ്നേഹപൂർവ്വം വിളിക്കുന്നത്.
​1998ൽ ആധുനികകാലഘട്ടത്തിൽ ഏഷ്യയ്ക്കുവേണ്ടിയുള്ള ഏറ്റവുംവലിയ സഭാസമ്മേളനമായ റോമിലെ ഏഷ്യൻ സിനഡിന്റെ സ്പെഷ്യൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. റോമിലെ സമർപ്പിതജീവിതത്തിനായുള്ള തിരുസംഘത്തിൽ അംഗമായും നിയമിതനായി. സി.ബി.സി.ഐ വിദ്യാഭ്യാസ-സാംസ്കാരിക കമ്മീഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു. 
2010ൽ ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തിൽ നടന്ന കുരിശിന്റെവഴി പ്രാർത്ഥനകൾ തയ്യാറാക്കാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ആർച്ച് ബിഷപ്പ് തോമസിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്കാരം, വിദ്യാഭ്യാസം, സമാധാനം, പ്രാർത്ഥന എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും ലഘുലേഖകളും എണ്ണമറ്റ ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
​75 വയസ്സ് പൂർത്തിയായതിനെ തുടർന്ന് 2012ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. വിരമിച്ചശേഷവും, അഭിവന്ദ്യ വിൻസെന്റ് കിംപാറ്റിന്റെ ആകസ്മികവിയോഗത്തെ തുടർന്ന് 2014 മുതൽ 2016 വരെ ജോവായ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments