മീനച്ചിൽ കാർഷിക വികസന ബാങ്ക് - എതിരില്ലാതെ വീണ്ടും എൽ. ഡി. എഫ് .





മീനച്ചിൽ കാർഷിക വികസന ബാങ്ക് - എതിരില്ലാതെ വീണ്ടും എൽ. ഡി. എഫ് .
  
മീനിച്ചിൽ താലൂക്ക് സഹകരണ കാർഷിക വികസന ബാങ്ക് ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും  എൽ ഡി എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യു. ഡി. എഫ്. ൽ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം കേരള കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിലാണ് ചരിത്രത്തിലാദ്യമായി എൽ. ഡി. എഫ്. ബാങ്കിൻറെ ഭരണത്തിൽ എത്തുന്നത്.

 താലൂക്കിലെ ഇരുപത്തിയൊന്ന് പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും പ്രവർത്തന പരിധിയായിട്ടുള്ള മീനച്ചിൽ കാർഷിക വികസന ബാങ്കിന് അറുപത്തിനാല് വർഷത്തെ പ്രവർത്തന പാരമ്പര്യമാണുള്ളത്. പാലായിലുള്ള ഹെഡ് ഓഫീസിന് പുറമേ പാലാ, ഈരാറ്റുപേട്ട, കുറവിലങ്ങാട് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും പന്ത്രണ്ടായിരത്തിലേറെ ഓഹരി ഉടമകളുമുണ്ട്.

 നബ്ബാർഡ് ഫണ്ടുകൾ മാത്രം ഉപയോഗിച്ച് എല്ലാത്തരം വായ്പകളും നൽകുന്നു എന്നതും നിക്ഷേപങ്ങൾ ഇൻഷുറൻസ് പരിരക്ഷയോടെ കേന്ദ്രബാങ്കിൽ സുരക്ഷിതമാണ് എന്നതും കാർഷിക വികസന ബാങ്കുകളുടെ മാത്രം പ്രത്യേകതയാണ്. നിക്ഷേപങ്ങൾ വായ്‌പാ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്തതിനാൽ നിക്ഷേപകർ എപ്പോൾ ആവശ്യപ്പെട്ടാലും നിക്ഷേപവും പലിശയും കൃത്യമായി നൽകാൻ കാർഷിക വികസന ബാങ്കിന് കഴിയും.

 കേരളത്തിലെ എഴുപത്തിയേഴ് താലൂക്കുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിവിധ കാർഷിക വികസന ബാങ്കുകളിലെ നിൽപ് വായ്പ എണ്ണായിരം കോടി രൂപയിലേറെയാണ്.വായ്പ കൃത്യമായി അടയ്ക്കുന്നവർക്ക് പലിശയിൽ വീണ്ടും ഇളവ് നൽകുന്ന 'ഗുഡ് പേ മാസ്റ്റർ പദ്ധതി' കാർഷിക വികസന ബാങ്കുകളുടെ വായ്പാ വിതരണത്തെ ആകർഷകമാക്കുന്ന പ്രത്യേകതകളിലൊന്നാണ്. ഈ പദ്ധതിയിലൂടെ മീനച്ചിൽ കാർഷിക വികസന ബാങ്കിൽ കഴിഞ്ഞ ഒരു വർഷം മാത്രം  മുപ്പത് ലക്ഷം രൂപയാണ് പലിശയിനത്തിൽ വായ്പക്കാർക്ക് ഇളവ് നൽകിയത്.
സഹകരണ റിസ്ക് ഫണ്ട് പദ്ധതിയിലും വായ്പക്കാർക്ക് ആനുകൂല്യങ്ങൾ നേടി നൽകുന്നുണ്ട്. 


 കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വായ്പാ തുകയും സ്ഥിരനിക്ഷേപങ്ങളും ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും, എം .എസ്. എസ് ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.
 സമീപകാലത്തുണ്ടായ ബാങ്കിൻറെ വളർച്ചയും നിലവിലെ ഭരണസമിതിയിലുള്ള വിശ്വാസവുമാണ് എല്ലാ വിഭാഗം ഓഹരിയുടമകളുടെയും പിന്തുണയോടെ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെടുവാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്നും, രാഷ്ടിയത്തിനതീതമായി ബാങ്കിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രോൽസാഹനം നൽകുന്ന എല്ലാ ഇടപാടുകാർക്കും നന്ദി അറിയിക്കുന്നതായും ബാങ്ക് പ്രസിഡൻറ് ഔസേപ്പച്ചൻ വാളിപ്ലാക്കലും വൈസ് പ്രസിഡൻറ് അഡ്വ. ബെറ്റി ഷാജുവും പറഞ്ഞു. ഇരുപത്തിനാലാം തീയതി  പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കും.സഹകരണ വകുപ്പിലെ യൂണിറ്റ് ഇൻസ്പെക്ടറാണ് വരണാധികാരി.  കേരള കോൺഗ്രസ് (എം) പത്ത് , സി പി ഐ (എം) രണ്ട്,സി പി ഐ ഒന്ന് എന്നിങ്ങനെയാണ് പുതിയ ഭരണസമതിയിലെ കക്ഷിനില.

 ഔസേപ്പച്ചൻ വാളിപ്ലാക്കൽ, പെണ്ണമ്മ ജോസഫ്,പി എം മാത്യു, ബെന്നി തെരുവത്ത്, സണ്ണി നായിപുരയിടം, അലക്സ് കൊട്ടാരം , ജോബി വർഗീസ് കുളത്തറ, ടോമി വാഴംപ്ലാക്കൽ, തോമസുകുട്ടി വരിക്കയിൽ, എൽസ റോസ് ഐപ്പൻ പറമ്പിക്കുന്നേൽ (കേരള കോൺഗ്രസ്  എം ) പ്രസാദ് കെ ശ്രീഭവൻ, ലതിക അജിത് (സി പി ഐ എം ) ബാബു ടി ജി തലയിണക്കര (സി പി ഐ) എന്നിവരാണ് പുതിയ ഭരണസമതിയംഗങ്ങൾ.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments