കാനാട്ട് പാറയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രം: കോൺഗ്രസ് നിലപാട് മണ്ഡലം കമ്മിറ്റി ചേർന്ന് തീരുമാനിക്കുമെന്ന് പ്രസിഡൻ്റ് തോമസുകുട്ടി നെച്ചിക്കാട്ട്
കാനാട്ട് പാറയിൽ പ്ലാസ്റ്റിക് മാലിന്യ സംവരണ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാട് മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് പ്രഖ്യാപിക്കുമെന്ന് മണ്ഡലം പ്രസിഡൻറ് തോമസ്കുട്ടി നെച്ചിക്കാട്ട് വ്യക്തമാക്കി. വിഷയത്തിൽ ഇന്ന് മുനിസിപ്പാലിറ്റിയിൽ സർവ്വകക്ഷി യോഗം ചേരാനിരിക്കെയാണ് കോൺഗ്രസ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യ സംവരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ദീർഘവീക്ഷണത്തോടുകൂടിയുള്ള നിലപാട് വിവിധ വശങ്ങൾ ചർച്ച ചെയ്തു കൈക്കൊള്ളണം എന്നതാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.
പ്രദേശത്തേക്ക് ജൈവമാലിന്യങ്ങൾ എത്തിക്കുന്ന ഒരു സംവിധാനവും അനുവദിക്കില്ല എന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഭവനങ്ങളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വേണ്ട വിധം വേർതിരിച്ച് സംസ്കരിച്ച് നിർമ്മാർജ്ജനം ചെയ്യുവാനുള്ള സംവിധാനം പുതിയ നിയമമനുസരിച്ച് ഓരോ നഗരസഭയിലും ഉണ്ടാകേണ്ടത് അനിവാര്യതയാണ്. ഈയൊരു ഉദ്ദേശത്തിന് വേണ്ടി വാങ്ങിയ ഭൂമിയിൽ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലും പ്രകൃതിക്ക് ആഘാതമേൽകാത്ത രീതിയിലും ഒരു കേന്ദ്രം സജ്ജീകരിക്കുന്നതിന് തുടക്കത്തിലെ എതിർ നിൽക്കാതെ എല്ലാ വശങ്ങളും പഠിച്ച് തീരുമാനം കൈക്കൊള്ളണം എന്ന പക്വപരമായ നിലപാടാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. നിയമത്തെ വെല്ലുവിളിക്കുവാനോ പൊതുജനങ്ങളുടെ വികാരത്തെ കണ്ടില്ലെന്നു നടിക്കുവാനോ സാധിക്കാത്ത സാഹചര്യത്തിൽ കൂടുതൽ കൂടിയാലോചനകളും പഠനങ്ങളും നടത്തി സമഗ്രമായ നിലപാട് പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പുകൾ മണ്ഡലം കമ്മിറ്റി ആരംഭിച്ചുകഴിഞ്ഞു.
70 12 23 03 34


0 Comments