ഹോണടിച്ച് പാഞ്ഞെത്തും... യാത്രക്കാര്‍ പേടിച്ചോടും... പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകളുടെ മരണപ്പാച്ചില്‍




പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ് യാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കാന്‍ പോലും കഴിയാത്ത ഇടമായി മാറുന്നു. മെയിന്‍ റോഡിലൂടെ അമിതവേഗത്തില്‍ പാഞ്ഞെത്തുന്ന സ്വകാര്യ ബസുകള്‍ ഹോണടിച്ച് അതേ വേഗത്തില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നത് യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാകുകയാണ്.

ബസുകളുടെ മരണപ്പാച്ചിലിന് മുന്നില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടാന്‍ യാത്രക്കാര്‍ ഓടിമാറേണ്ട അവസ്ഥയാണ്. പലപ്പോഴും യാത്രക്കാര്‍ സമയോചിതമായി മാറിനില്‍ക്കുന്നതുകൊണ്ടു മാത്രമാണ് വന്‍ അപകടങ്ങള്‍ ഒഴിവാകുന്നത്.

ഇന്നലെ വൈകിട്ട് 6.30 ഓടെ ബസിന്റെ അമിതവേഗം മൂലം ഒരു സ്ത്രീക്ക് ഓടി വീണു പരിക്കേറ്റു. മെയിന്‍ റോഡിലൂടെ ഹോണടിച്ച് ചീറിപ്പാഞ്ഞെത്തിയ പ്രൈവറ്റ് ബസ് ടൗണ്‍ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനിടെ മുന്നില്‍പ്പെട്ട സ്ത്രീ ഭയന്ന് ഓടിമാറാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണ ഇവരുടെ തലയ്ക്കും ചുണ്ടിനും പരിക്കേറ്റു. പുന്നത്തുറ സ്വദേശിനി അഞ്ജുവിനാണ് പരിക്കേറ്റത്. ഇവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമാണോയെന്ന് പരിശോധിക്കാന്‍ സി.ടി. സ്‌കാന്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍ അറിയിച്ചതായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞു.

സംഭവസമയത്ത് അതുവഴിയെത്തിയ കാര്‍പന്റര്‍ ജയനും സുഹൃത്തുക്കളുമാണ് പരിക്കേറ്റ സ്ത്രീയെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ സമയോചിതമായ ഇടപെടലാണ് അപകടത്തില്‍പ്പെട്ട സ്ത്രീക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ സഹായകമായത്.

ബസ് സ്റ്റാന്‍ഡില്‍ ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നാണ് വ്യാപാരികളും സ്ഥിരം യാത്രക്കാരും പറയുന്നത്. മെയിന്‍ റോഡിലൂടെ അതിവേഗത്തില്‍ എത്തുന്ന സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുമ്പോള്‍ യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നാണ് പരാതി. ബസുകള്‍ ഹോണടിച്ച് പാഞ്ഞുകയറുമ്പോള്‍ യാത്രക്കാര്‍ പരിഭ്രാന്തരായി മാറിനില്‍ക്കേണ്ടിവരുന്നു. പ്രായമായവരും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് ഇത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്.

ബസുകളുടെ അമിതവേഗം സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനത്തില്‍ മാത്രമല്ല പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മെയിന്‍ റോഡിലൂടെ വേഗത്തില്‍ എത്തി പെട്ടെന്ന് ബസ് സ്റ്റാന്‍ഡിലേക്ക് തിരിയുന്ന ബസുകള്‍ കാരണം തൊട്ടുപിന്നാലെ വരുന്ന മറ്റു വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടിവരുന്നു. ഇതുമൂലം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങളും ഉണ്ടായിട്ടുണ്ടെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തിരക്കേറിയ സമയങ്ങളില്‍ ബസുകളുടെ ഇത്തരം അശ്രദ്ധമായ പ്രവേശനം വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയും ശക്തമാണ്.

ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ പോലീസ് ഇടപെടല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ പ്രവേശന കവാടത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നു.

ബസ് സ്റ്റാന്‍ഡ് യാത്രക്കാര്‍ക്ക് സുരക്ഷിതമായ ഇടമായിരിക്കേണ്ടതിനു പകരം ബസുകളുടെ വേഗപ്പാച്ചിലില്‍ നിന്ന് ഓടി രക്ഷപ്പെടേണ്ട സ്ഥലമായി മാറുന്നത് അധികൃതര്‍ ഗൗരവത്തോടെ കാണണം. വലിയൊരു അപകടം സംഭവിച്ചശേഷം മാത്രം നടപടിയെടുക്കുന്ന പതിവ് ഒഴിവാക്കി അടിയന്തരമായി വേഗനിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്നാണ് പൊതുവായ ആവശ്യം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments