യു.ഡി.എഫിന്റേത് രാഷ്ട്രീയ പകപോക്കല്‍. ഇതുകൊണ്ടൊന്നും തളരില്ലെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്; ഏത് അന്വേഷണവും നേരിടാനും തയ്യാർ





സ്വന്തം ലേഖകൻ

രാമപുരം പഞ്ചായത്ത് ഭരണ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കുമെതിരെ യു.ഡി.എഫ്. ഇന്ന് പത്രസമ്മേളനം നടത്തി ആക്ഷേപങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും ഇതുകൊണ്ടൊന്നും തളരില്ലെന്നും രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്. 

പഞ്ചായത്ത് സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരും അന്വേഷിച്ചോട്ടെ. ഇടതുമുന്നണിക്കും പഞ്ചായത്ത് ഭരണനേതൃത്വത്തിനും ഒന്നും ഒളിക്കാനില്ലെന്നും ഷൈനി പറഞ്ഞു. 

കഴിഞ്ഞ ജൂലൈ 23 ന് നടന്ന 2022-23 വാര്‍ഷിക പദ്ധതി അംഗീകരിക്കുന്ന കമ്മറ്റിയില്‍ 10 അംഗങ്ങളുടെ വിയോജനക്കുറിപ്പുണ്ടായി. അതിനുശേഷം 27 ന് ഭരണമാറ്റം വന്നു. 
10 അംഗങ്ങളുടെ പരാതി പ്രകാരം പ്രസിഡന്റ് എന്ന നിലയില്‍ ഓഗസ്റ്റ് 1-ാം തീയതി കമ്മറ്റി വിളിച്ചുകൂട്ടുകയും ആ കമ്മറ്റിയിലെ ചര്‍ച്ച പ്രകാരം വാര്‍ഷിക പദ്ധതിയില്‍ ചില ഭേദഗതികള്‍ വരുത്തുകയും ചെയ്തു. രാമപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ഉച്ചകഴിഞ്ഞുള്ള സേവനത്തിനും ഡോക്ടറിനെ നിയോഗിക്കുന്നത് ഉള്‍പ്പെടെ ജനങ്ങള്‍ക്ക് വളരെയേറെ പ്രയേജനം കിട്ടുന്ന പദ്ധതികള്‍ ഉള്‍പ്പെടെ ഇതില്‍ അവതരിപ്പിക്കപ്പെട്ടു. കൂടുതല്‍ തുകയുണ്ടായിരുന്ന വാര്‍ഡുകളില്‍ നിന്നും കുറവുള്ള വാര്‍ഡുകളിലേക്കും തുക മാറ്റി. ഈ പദ്ധതി ഓഗസ്റ്റ് 3 ന് ജില്ലാ പ്ലാനിംഗ് സമിതിക്ക് സമര്‍പ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തു. 

ഇടതു മുന്നണി ഭരിക്കുന്ന ഉഴവൂർ ബ്ലോക്കിനു കീഴിലുള്ള രാമപുരം ഗവ. ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് ഒരു കാരണവശാലും രാമപുരം പഞ്ചായത്ത് സമിതി തീരുമാനമെടുത്ത് ഡോക്ടറെ നിയോഗിക്കാൻ പാടില്ല എന്ന് അഭിപ്രായപ്പെട്ട രണ്ട് യു.ഡി.എഫ്. മെമ്പർമാർക്ക് ഈ തീരുമാനം ഉൾക്കൊള്ളാനായില്ല. പാവപ്പെട്ട രോഗികളെ സഹായിക്കുന്ന കാര്യത്തിൽ പോലും രാഷ്ട്രീയം കണ്ടത് പ്രസിഡൻ്റ് / വൈസ് പ്രസിഡൻറ് പദവി മോഹിച്ച രണ്ട് മെമ്പർമാരാണെന്നും ഷൈനി സന്തോഷ് ചൂണ്ടിക്കാട്ടുന്നു.





പഞ്ചായത്ത് സമിതി അംഗീകാരം വാങ്ങിയ പദ്ധതികൾക്കെതിരെ  ചില മെമ്പര്‍മാര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയാണ് ഉണ്ടായത്. ഡി.പി.സി.യുടെ അംഗീകാരം ലഭിച്ചതിനാലും പഞ്ചായത്തിൻ്റെ  ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടന്നുപോകേണ്ടതിനാലും ഈ വിഷയത്തില്‍ ഒരു മാസത്തിനകം തീര്‍പ്പ് കല്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആ ഒരു മാസം കാലാവധി ഈ 20-ാം തീയതി അവസാനിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 23 ന് കമ്മറ്റി വിളിച്ചുകൂട്ടി ഗ്രാമസഭയുടെ തീയതി തീരുമാനിച്ചത്. 

ഇതിനിടയില്‍ കഴിഞ്ഞദിവസം പഞ്ചായത്ത് തീരുമാനം അനുസരിച്ചുള്ള പദ്ധതി തല്‍ക്കാലം നിര്‍ത്തി വയക്കാനുള്ള അറിയിപ്പ് സര്‍ക്കാരില്‍ നിന്നും ലഭിച്ചു. ഇനി സര്‍ക്കാരില്‍ നിന്നും ഒരു തീരുമാനം എടുക്കുന്നതുവരെ തല്‍ക്കാലത്തേക്ക് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കാനേ പറഞ്ഞിട്ടുള്ളൂവെന്നും ഷൈനി സന്തോഷ് പറയുന്നു. 



ആര് ആര്‍ക്കെതിരെ കേസ് കൊടുത്താലും അന്വേഷണം നടത്താന്‍ കോടതി പറയും. ഇവിടെയും അത്രയേ സംഭവിച്ചിട്ടുള്ളൂ. ഇതാണ് വലിയ ആനക്കാര്യമായി യു.ഡി.എഫിലെ ചിലര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. താമസിക്കാതെ തന്നെ സര്‍ക്കാരില്‍ നിന്നും അനുമതി കിട്ടി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് വിശദീകരിക്കുന്നു.

Post a Comment

0 Comments