ആൻ്റോ ജോസ് പാലാ നഗരസഭാ ചെയർമാൻ കസേരയിൽ നിന്നിറങ്ങുന്നു; തികഞ്ഞ ചാരിതാർഥ്യത്തോടെ.... ലാളിത്യം നിറഞ്ഞ ഇടപെടലും കുലീനമായ പെരുമാറ്റവും സദാ മുഖത്തു വിളയാടുന്ന പുഞ്ചിരിയും കൊണ്ട് പരിചയപ്പെടുന്ന ആരെയും ആകർഷിച്ച വ്യക്തിത്വം... കേന്ദ്ര- കേരള സർക്കാരുകളുടെ കൂടി സഹായത്തോടെ ഒട്ടേറെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നഗരത്തിൽ നടപ്പാക്കിയാണ് ആൻ്റോയുടെ പടിയിറക്കം....ചെയർമാൻ സ്ഥാനം 28-ന് രാജിവെയ്ക്കും



സുനിൽ പാലാ

പിതാവ് ജോസ് തോമസ് പടിഞ്ഞാറേക്കര , അമ്മ പൊന്നമ്മ ജോസ് എന്നിവരുടെ പാത പിന്തുടർന്ന് പൊതുജന സേവന രംഗത്തേക്കിറങ്ങിയ ആൻ്റോ ജോസ് എന്ന അടുപ്പക്കാരുടെ  "അന്തോണിച്ചൻ " അതേ വഴിയിൽ പാലാ നഗരസഭയുടെ ഒന്നാം പൗരനുമായത് അപൂർവ്വ ചരിത്രം.


കൊവിഡും പിന്നിട്ട് ലഭിച്ച പരിമിതമായ സമയപരിധിയിൽ നിന്നു കൊണ്ട് ഒട്ടേറെ വികസന  കാര്യങ്ങൾ പൂർത്തീകരിക്കാനും പലതിനും തുടക്കമിടാനും ആൻ്റോയ്ക്ക് കഴിഞ്ഞു.

കൊവിഡാണ് ഭരണ തുടക്കത്തിൽ ആൻ്റോയും നഗരസഭയും നേരിട്ട പ്രധാന വെല്ലുവിളി.  അക്കാലത്ത് 200-ൽ പരം പേർക്ക് സൗജന്യ ചികിത്സയും ഭക്ഷണവും താമസും സജ്ജീകരിക്കാൻ പാലാ  നഗരഭരണാധികാരികൾക്ക് കഴിഞ്ഞു. 


ഒട്ടേറെ താൽക്കാലിക ചികിത്സാ വിശ്രമ കേന്ദ്രങ്ങൾ തുറക്കുകയും  അവിടങ്ങളിലെ രോഗികൾക്ക് യഥാസമയം ഭക്ഷണവും മറ്റ് സൗകര്യങ്ങളുമൊരുക്കുകയും ചെയ്ത് മാതൃകാപരമായ സേവനമാണ് പാലാ നഗരസഭ നടത്തിയത്.

നഗരസഭയുടെ സുവർണ്ണ ജൂബിലിക്ക് പിതാവ് ജോസ് തോമസ് പടിഞ്ഞാറേക്കര ചുക്കാൻ പിടിച്ചപ്പോൾ അടുത്തിടെ ഭംഗിയായി ആഘോഷിച്ച പ്ലാറ്റിനം ജൂബിലിക്ക് നടുനായകത്വം വഹിച്ചത് ആൻ്റോയാണ്.

കേന്ദ്ര-കേരള സർക്കാരുകളുടെ സഹായവും മന്ത്രി റോഷി അഗസ്റ്റ്യൻ, എം.പി.മാരായ ജോസ്. കെ. മാണി, തോമസ് ചാഴികാടൻ, മാണി. സി. കാപ്പൻ എം. എൽ. എ എന്നിവരുടെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകളും വഴി പാലായിൽ  വിവിധ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും, പലതിനും തുടക്കമിടാനും ആൻ്റോയ്ക്കും കൂട്ടർക്കും കഴിഞ്ഞു.

പാലാ റിംങ്ങ് റോഡ് രണ്ടാം ഘട്ടത്തിനായി മുനിസിപ്പൽ ചെയർമാൻ കൃത്യമായ ഇടപെടലുകളാണ്  നടത്തിയത്. നഗരത്തിൽ ജലവിതരണം കാര്യക്ഷമമാക്കുന്നതിന് ഫണ്ട് അനുവദിപ്പിച്ചു.രണ്ട് മിനി വെൽനെസ് സെൻ്റെറുകൾ അനുവദിപ്പിക്കാനും കഴിഞ്ഞു.

പിതാവ് ജോസ് തോമസിൻ്റെ  കാലത്ത്  തുടങ്ങിയ പുത്തൻ പള്ളിക്കുന്നിലെ  പൊതുശ്മശാനം "ആത്മവിദ്യാലയം" പരമ്പരാഗത വിറക് ചൂളയിൽ നിന്നും  മാറ്റി മകൻ വാതക ശ്മശാനമാക്കി മാറ്റിയത് ആൻ്റോയുടെ വികസന വഴിയിലെ ഒടുവിലത്തെ ഉദാഹരണമാണ്.
നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക്  പ്രത്യേകിച്ച്, ഹൈന്ദവ ജന സമൂഹത്തിന് വളരെയേറെ അനുഗ്രഹമാകുന്ന കാര്യമാണിത്.

പാലാ ജനറൽ ആശുപത്രി അടിമുടി നവീകരിച്ചതിൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ മുനിസിപ്പൽ ചെയർമാന് നിർണ്ണായക റോളുണ്ടായിരുന്നു.

ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് സജ്ജീകരിച്ചു.
ഒ.പി മാത്രമുണ്ടായിരുന്ന ക്യാൻസർ വിഭാഗം പ്രത്യേക വാർഡ് സ്ഥാപിച്ച് കിടത്തി ചികിത്സയും കീമോതെറാപ്പിയും ലഭ്യമാക്കി.

ആദ്യം ആശുപത്രിയിൽ കൊണ്ടു വരികയും പിന്നീട് തിരികെ കൊണ്ടുപോവുകയും ചെയ്ത  ഡയാലിസിസ് മെഷീനുകൾ വീണ്ടും തിരികെ എത്തിച്ച് പ്രവർത്തനക്ഷമമാക്കുന്നതിനും തൻ്റേതായ പങ്ക് വഹിക്കാൻ  ആൻ്റോ ജോസിനു കഴിഞ്ഞു.
ആശുപത്രി വളപ്പിൽ വിശാലമായ പാർക്കിംഗ് ഗ്രൗണ്ട് സജ്ജീകരിച്ചു.
പോസ്റ്റ് മാർട്ടം പുനരാരംഭിച്ചു.
ഇപ്പോൾ കാഷ്വാലിറ്റി ഗ്രൗണ്ട് ടൈൽ പാകി സൗകര്യപ്രദമാക്കി.

24 മണിക്കൂർ പ്രവർത്തിക്കുന്ന ആർ ജി.സി.ബി   ഹൈടെക് ലാബ് ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്ന കാര്യത്തിലും നേതൃത്വം വഹിച്ചു.
ദേശീയ അംഗീകാരത്തിനും ഇ-ഹെൽത്ത് പ്രോഗ്രാമിനും വേണ്ട നടപടികൾ ആരംഭിച്ചു.
കെ.എം.മാണി ക്യാൻസർ സെൻ്റെറിനായുള്ള പ്രാരംഭ നടപടികൾ തുടങ്ങി വച്ചു.

പന്ത്രണ്ടാം മൈലിലെ  കുമാരനാശാൻ സ്മാരക കുട്ടികളുടെ പാർക്ക് ലൈവ് ആക്കുന്നതിനും ഇവിടെ കാൻ്റീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും നേതൃത്വപരമായ പങ്ക് വഹിക്കാൻ ആൻ്റോ ജോസിനു കഴിഞ്ഞു. ശ്രീനാരായണ സമൂഹത്തിൻ്റെ നിരന്തരമായ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായത്.

നഗരത്തിൽ  മോഡുലാർ ടോയ് ലെറ്റുകളും ജൈവ സംസ്കരണ പ്ലാൻ്റും സ്ഥാപിച്ചു.

പാലാ മുനിസിപ്പൽ ടൗൺ ഹാൾ ശീതീകരിച്ചതോടെ യശ്ശശരീരനായ കെ.എം.മാണിയുടെ ആഗ്രഹം സഫലമാക്കാനും ആൻ്റോയ്ക്കും ഭരണ സമിതിക്കും കഴിഞ്ഞു.



 മൂന്നാനിയിലെ മുടങ്ങിക്കിടന്ന  ലോയേഴ്സ് ചേമ്പർ നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുത്തതിൻ്റെ ക്രഡിറ്റും മുനിസിപ്പൽ ചെയർമാനു തന്നെ.

കെ.എം.മാണി ബൈപാസിലെ കുപ്പി കഴുത്തുകൾ നിവർ ക്കുന്നതിനായുള്ള സമഗ്ര ഇടപെടൽ നടത്താനും ആൻ്റോയ്ക്ക് കഴിഞ്ഞു.

ളാലം തോട്ടിലെയും മീനച്ചിലാറ്റിൽ കളരിയാം മാക്കൽ കടവിലേയും  ചെക്ക്ഡാമുകളും  ശുചീകരിച്ചു.

പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിലെ പൊട്ടിപ്പൊളിഞ്ഞ സിന്തറ്റിക് ട്രാക്കുകൾ നന്നാക്കുന്ന കാര്യത്തിലും ചെയർമാൻ മുൻകൈ എടുത്തിട്ടുണ്ട്.


സാമ്പത്തികമായി അടി പറിഞ്ഞു നിൽക്കുന്ന ഒരു നഗരസഭയെ വലിയ കുഴപ്പങ്ങളില്ലാതെ ഇത്ര നാൾ  നയിക്കാൻ കഴിഞ്ഞതും ആൻ്റോയുടെ ഭാഗ്യമായി.

വിവിധ വികസന പ്രവർത്തനങ്ങൾ യഥാസമയം നടപ്പാക്കുന്നതിന് ആൻ്റോയ്ക്ക് ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ  അകമഴിഞ്ഞ പിന്തുണ ഈ രണ്ടു വർഷവും  ലഭിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. 

ഒപ്പം കേരളാ കോൺഗ്രസ്സ് എം. പാലാ മണ്ഡലം പ്രസിഡൻ്റ് ബിജു പാലൂപ്പടവൻ്റെ സഹകരണം എടുത്തു പറയാതെ വയ്യ.
രാഷ്ട്രീയപരമായി ഏറെ പഴി കേട്ടെങ്കിലും അതൊന്നും ഗൗനിക്കാതെ വികസന കാര്യങ്ങളിൽ  ബിജു, ആൻ്റോയുടെ നിഴൽ പോലെ എന്നും  ഒപ്പം നിന്നു.

 

 

നഗരസഭയുടെ വിവിധ വികസന പ്രവർത്തനങ്ങൾ  അതാത് സമയങ്ങളിൽ മുഴുവൻ മാധ്യമങ്ങളിലൂടെയും പൊതുജന ശ്രദ്ധയിൽ  എത്തിക്കാൻ ചെയർമാന് സഹായി ആയി നിന്ന പൊതു പ്രവർത്തകനും ജനറൽ ആശുപത്രി വികസന സമിതി അംഗവും കൂടിയായ  ജയ്സൺ മാന്തോട്ടം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, എന്നിവരും മുനിസിപ്പൽ ചെയർമാന് പരിപൂർണ്ണ പിന്തുണയാണു നൽകിയത്.

ബിജുവിൻ്റെയും  ജെയ്സൻ്റെയും ബൈജുവിൻ്റെയും പല വികസന നിർദ്ദേശങ്ങളും അപ്പാടെ സ്വീകരിക്കാൻ ആൻ്റോ കാണിച്ച വിശാല മനസ്ഥിതിയും വികസന കാര്യങ്ങൾ വേഗത്തിലാക്കി.

ഭരണ തുടക്കം കൊവിഡിൽ കലങ്ങിയെങ്കിലും രണ്ടു വർഷത്തിനുള്ളിൽ  കഴിയുന്നത്ര ജനക്ഷേമകരമായ പദ്ധതികൾ പാലാ നഗരത്തിൽ  നടപ്പാക്കിയത് മുനിസിപ്പൽ ചെയർമാൻ എന്ന നിലയിൽ ആൻ്റോ ജോസിൻ്റെ വിജയം തന്നെയാണ് എന്നത് പറയാതെ വയ്യ.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments