കാവുംകണ്ടത്ത് തോട്ടിൽ മാലിന്യം തള്ളുന്നതായി പരാതി... പരാതി പറയാൻ മെമ്പറെ കിട്ടുന്നില്ലെന്നും ആക്ഷേപം.... വാർഡുമെമ്പർ താമസിച്ചിരുന്ന വീടിനു സമീപത്തെ തോട് മാലിന്യകൂമ്പാരമെന്ന് ആക്ഷേപം.
കടനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഉറുമ്പുകാട്ട് ഭാഗം മുതൽ കെ.പി.എഫ് ഫാക്ടറി വരെയുള്ള തോടാണ് വൃത്തിഹീനമായി കിടക്കുന്നത്. ഈ ഭാഗത്ത് മാലിന്യനിക്ഷേപവും വ്യാപകമാണ്. ഇതു മൂലം തോട്ടിൽ കുളിക്കുന്നവർക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നത് സാധാരണയായി. തോട്ടിൽ ഒന്നു മുഖം കഴുകാൻ പോലും പറ്റുന്നില്ലെന്നാണ് ആക്ഷേപം.
ഒട്ടേറെയാളുകൾ എത്തുന്ന ജ്യോതിക്കയം വെള്ളച്ചാട്ടം ഇവിടെയാണ്. കഴിഞ്ഞ ദിവസം ചത്ത ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന ഒരു പന്നി ഈ തോട്ടിൽ ഒഴുകി എത്തിയിരുന്നു. ഈ വെള്ളച്ചാട്ടത്തിനു സമീപമാണ് ഇത് കണ്ടത്. പരസ്യ മദ്യപാനവും ഇവിടെ നടക്കുന്നതായി പരാതിയുണ്ട്. ഈ പ്രദേശങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. മുമ്പ് എലിവാലി - കാവുംകണ്ടം റോഡിൽ തോണിക്കുഴി പാലത്തിനു സമീപം സിസിടിവി കാമറ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തനരഹിതമാണ്.
ഇതിനിടെ വാർഡ് മെമ്പർ സ്ഥലത്തില്ല എന്ന ആക്ഷേപവും ശക്തമാവുകയാണ്. മെമ്പർ കാവുംകണ്ടം വാർഡിലുണ്ടായിരുന്ന വീട്ടിൽ നിന്നും മറ്റൊരു പഞ്ചായത്തിൽ താമസിക്കുന്നതായാണ് വിവരം. ഇതുമൂലം വാർഡിലെ ജനങ്ങൾക്ക് പഞ്ചായത്തിൽ ഒരു വിവരം അറിയിക്കണമെങ്കിൽ മെമ്പറെ തേടിപ്പോകേണ്ട ഗതികേടിലാണ്.
0 Comments