''ഓപ്പറേഷന്‍ ഡ്രിങ്ക്സ്'' തുടരുന്നു. 15 പേര്‍കൂടി പിടിയില്‍.




സുനില്‍ പാലാ

പാലായിലും പരിസരപ്രദേശങ്ങളിലുമുള്ള ലഹരി സംഘത്തിനെതിരെയുള്ള 'ഓപ്പറേഷന്‍ ഡ്രിങ്ക്സ്' പരിശോധനയില്‍ രണ്ടു ദിവസത്തിനിടെ വീണ്ടും 15 പേര്‍കൂടി പാലാ പോലീസിന്റെ പിടിയിലായി. 

തുടര്‍ച്ചയായ പരിശോധന നടന്ന ഇടമറ്റത്ത് പൊതുസ്ഥലത്ത് മദ്യപിച്ച 4 പേര്‍ കൂടി പിടികൂടി. നാട്ടുകാരുടെ വാഹനം തടഞ്ഞുനിര്‍ത്തി മദ്യപിച്ചു മദ്യക്കുപ്പി റോഡിലെറിഞ്ഞ സംഘത്തെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടനെന്നും പോലീസ് അറിയിച്ചു.
 
പാലാ സി.ഐ കെ.പി തോംസന്റെ നേതൃത്വത്തില്‍ രൂപീകരിച്ച 'ഓപ്പറേഷന്‍ ഡ്രിങ്ക്സ്' സ്‌പെഷ്യല്‍ സ്‌ക്വഡ് പാലാ, പൈക, ഇടമറ്റം, പ്രവിത്താനം, പാമ്പൂരാംപാറ, കരൂര്‍ പ്രദേശങ്ങളില്‍  നടത്തിയ പരിശോധനയിലാണ് മദ്യപിച്ചു ബഹളം വച്ചതിനും അനുബന്ധ കുറ്റകൃത്യങ്ങള്‍ക്കുമായി 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് ആകെ 6, മദ്യപിച്ചു വാഹനം ഓടിച്ചതിന് 5, മദ്യപിച്ചു ബഹളം വച്ചതിന് 2, കഞ്ചാവ്, ഹാന്‍സ് ഉപയോഗത്തിന് ഒന്ന് വീതം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം 21 പേര്‍ പോലീസ് പിടിയിലായിരുന്നു. മേഖലയില്‍ വ്യാപകമായ പരിശോധനകള്‍ തുടരുകയാണ്.  'ഓപ്പറേഷന്‍ ഡ്രിങ്ക്സ്' സ്‌പെഷ്യല്‍ സ്‌ക്വഡിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിലേക്ക് കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 25 ഓളം ഫോണ്‍ സന്ദേശങ്ങളാണ് വന്നത്. ഫോണ്‍ സന്ദേശങ്ങളില്‍ കിടങ്ങൂര്‍, രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പരാതികളും ലഭിച്ചിരുന്നു. അവ ബന്ധപ്പെട്ട സി ഐമാര്‍ക്ക് പാലാ പോലീസ് കൈമാറി.

ഇടമറ്റം പൊന്‍മല - കോട്ടേമാപ്പിലക റോഡില്‍ കഴിഞ്ഞ ദിവസം രാത്രി കുടുംബസമേതം കാറില്‍ വന്ന മാധ്യമ പ്രവര്‍ത്തകന് യാത്രാ തടസം ഉണ്ടാക്കി മദ്യപിക്കുകയും, മദ്യകുപ്പി റോഡില്‍ എറിഞ്ഞുടയ്ക്കുകയും ചെയ്ത സംഭവത്തില്‍ ഓട്ടോറിക്ഷയും  പ്രതികളും സംബന്ധിച്ച്  പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും സി ഐ കെപി തോംസണ്‍ അറിയിച്ചു. ഈ റോഡില്‍ പകല്‍ സമയത്ത് നടന്നുപോയ സ്ത്രീകളെ ശല്യം ചെയ്ത ബൈക്കിലെത്തിയ സംഘത്തെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മദ്യ - ലഹരി മാഫിയകളുടെ പ്രവര്‍ത്തനം നഗരത്തില്‍ നിന്നും പാലായുടെ ഉള്‍പ്രദേശങ്ങളിലേയ്ക്ക് വ്യാപകമായത് സംബന്ധിച്ച മാധ്യമ വാര്‍ത്തയുടെ  അടിസ്ഥാനത്തിലായിരുന്നു പോലീസ് സ്‌പെഷ്യല്‍ സ്‌ക്വഡ് രൂപീകരിച്ച് പരിശോധനകള്‍ ആരംഭിച്ചിരിക്കുന്നത്. ഇത് വരുംദിവസങ്ങളിലും തുടരുമെന്ന് പോലീസ് അറിയിച്ചു.



ഇടമറ്റം പൊന്‍മല - കോട്ടേമാപ്പിലക റോഡ് കഴിഞ്ഞ കുറെ കാലങ്ങളായി മദ്യ - ലഹരി മാഫിയകളുടെ പിടിയിലായിരുന്നു. രാത്രി 8 മണി കഴിഞ്ഞാല്‍ ഇതുവഴി നാട്ടുകാര്‍ക്ക് യാത്ര അസാധ്യമായിരുന്നു. പുലര്‍ച്ചെ മൂന്നുമണി വരെ മറ്റു പ്രദേശങ്ങളില്‍ നിന്നും ഓട്ടോറിക്ഷയിലും ബൈക്കിലുമായി ഈ റോഡില്‍ വന്നു തമ്പടിക്കുന്ന ലഹരി സംഘവും അവരുടെ വാഹനങ്ങളും കാരണം നാട്ടുകാര്‍ക്ക് ഇതുവഴി യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.

ലഹരി സംഘത്തെ പേടിച്ച് അത്യാവശ്യ കാര്യങ്ങള്‍ക്ക് വാഹനങ്ങളുമായി ഇറങ്ങുന്ന നാട്ടുകാര്‍ പല തവണ തിരിച്ചു പോകുന്നതായിരുന്നു പതിവ്. നാട്ടുകാരുടെ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യം നല്‍കാന്‍ പോലും ഈ സംഘം തയ്യാറല്ലായിരുന്നു.

പോലീസിന്റെ ശ്രദ്ധ പതിയില്ലെന്നതും പോലീസ് എത്തിയാല്‍ രക്ഷപെടാന്‍ നിരവധി ആളൊഴിഞ്ഞ വഴികള്‍ ഉണ്ടെന്നതുമാണ് ലഹരി സംഘം ഇടമറ്റവും പരിസരങ്ങളും താവളമാക്കാന്‍ കാരണം. പോലീസ് പരിശോധനകള്‍ തുടര്‍ച്ചയായി നടന്നിട്ടും ഇടമറ്റത്തുനിന്നും വീണ്ടും പൊതുസ്ഥലത്ത് മദ്യപിക്കുന്ന സംഘത്തെ പിടികൂടി എന്നതാണ് ശ്രദ്ധേയം.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments