അപ്രോച്ച് റോഡുകളില്ലാതെ ഇതെന്തിനാണ് ഇങ്ങനെയൊരു പാലം. വര്‍ഷമെത്രയായി, ഇതിനായി എത്ര കോടികള്‍ തുലച്ചു. നാട്ടുകാരുടെ ചോദ്യത്തിന് അധികാരികള്‍ക്ക് മറുപടിയില്ല.
പാലാ ടൗണിനെയും മീനച്ചില്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെത്തിമറ്റം കളരിയാമാക്കല്‍ കടവ് പാലത്തിന് അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച പാലം നോക്കുകുത്തിയാവുകയാണ്.
ഇതില്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ ഇപ്പോള്‍ പ്രതിഷേധ സമരവുമായി രംഗത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാറപ്പള്ളിയില്‍ ചേര്‍ന്ന യോഗം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.
പതിമൂന്നു വര്‍ഷം മുമ്പ് പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്ത പാലമാണ് പ്രയോജനമില്ലാതെ പോവുന്നത്. പാലത്തിന്റെ ഇരു കരകളിലും, ചെത്തിമറ്റം ഭാഗത്തും കിഴപറയാര്‍ ഭാഗത്തും അപ്രോച്ച് റോഡും റോഡിനുള്ള സ്ഥലവും ഇല്ലാതെയാണ് പതിമൂന്നു വര്‍ഷം മുമ്പ് പാലം പണി പൂര്‍ത്തിയാക്കിയത്. ചെത്തിമറ്റം ഭാഗത്ത് റോഡുണ്ടെങ്കിലും പണി പൂര്‍ത്തീകരിച്ചിട്ടില്ല.
കിഴപറയാര്‍ ഭാഗത്ത് റോഡിനുള്ള സ്ഥലം ഏറ്റെടുത്തിട്ടില്ല. കിഴപറയാര്‍ ഭാഗത്ത് നിന്നും പാലത്തിലേയ്ക്ക് കയറാന്‍ നാട്ടുകാര്‍ ഇരുമ്പുഗോവണി പണിത് സ്ഥാപിച്ചിട്ടുണ്ട്. കാല്‍നടക്കാരുടെ ആശ്രയം ഈ ഗോവണിയാണ്. മതിയായ നഷ്ടപരിഹാരം നല്‍കിയാല്‍ സ്ഥലം വിട്ടു നല്‍കാമെന്ന് സ്ഥലമുടമകള്‍ ജനപ്രതിനികളെയും അധികൃതരെയും അറിയിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ മുന്നോട്ടുപോയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലം നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാനുള്ള നടപടികള്‍ ഇല്ലാതെ വന്നതോടെ നടപ്പാതയുടെ ഉപയോഗം മാത്രമായി പാലം മാറി.
പാലത്തിനൊപ്പം ചെക്കുഡാമും
പാലത്തിനൊപ്പം ചെക്കുഡാമും നിര്‍മ്മിച്ചിരുന്നു. ഇതിനായി 5.61 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 7.5 മീറ്റര്‍ വീതിയിലും 75 മീറ്റര്‍ നീളത്തിലും തീര്‍ത്തിരിക്കുന്ന പാലം നിര്‍മ്മിച്ചത് ജലസേചന വകുപ്പായിരുന്നു.
കോടികള്‍ മുടക്കി പണി പൂര്‍ത്തിയാക്കിയ പാലം പ്രയോജനമില്ലാതെ കിടക്കുന്നത് മാണി സി കാപ്പന്‍ എം എല്‍ എ ഒരു വര്‍ഷം മുമ്പ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. റോഡിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മീനച്ചില്‍ പഞ്ചായത്തിനെ പാലാ നഗരത്തോട് അടുപ്പിക്കാനും വികസന പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാനും റോഡ് പൂര്‍ത്തിയാകുന്നതോടെ സാധിക്കും.
നാളെ നാട്ടുകാരുടെ ധര്‍ണ്ണ സമരം
ഒരു പതിറ്റാണ്ട് മുമ്പു പണി പൂര്‍ത്തികരിച്ച പാറപ്പള്ളി കളരിയാമ്മാക്കല്‍ കടവ് പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പാറപ്പള്ളി തരംഗിണി സാംസ്‌കാരിക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ പി.ഡബ്ല്യു.ഡി. ഓഫീസിനു മുമ്പില്‍ നാളെ രാവിലെ 10 ന് ധര്‍ണ നടത്തും. സമരങ്ങള്‍ക്ക് പ്രസിഡന്റ് ജോസഫ് വെട്ടിക്കല്‍, സെക്രട്ടറി ജോയി കളരിയ്ക്കല്‍, സജീവ് നിരപ്പേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.




0 Comments