ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി അകലക്കുന്നത്ത് ആദ്യ സ്നേഹ വീട് നിർമ്മിക്കുന്നു.... അകലക്കുന്നത്തേത് 28 - മത് സ്നേഹവീട്



ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വത്തില്‍ ഭവനരഹിതരായ ഏറ്റവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നതിനായി ആവിഷ്‌കരിച്ച സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അകലക്കുന്നം പഞ്ചായത്തിലും ആരംഭിക്കുകയാണ്. 

നിലവില്‍ കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, എലിക്കുളം പഞ്ചായത്തുകളിലായി 27 വീടുകളുടെ നിര്‍മ്മാണം ആണ് ഈ പദ്ധതി പ്രകാരം ഏറ്റെടുത്തത്. 26 വീടുകളുടെ താക്കോല്‍ സമര്‍പ്പണം ഇതിനോടകം നടത്തി. അകലക്കുന്നം പഞ്ചായത്തില്‍ അടുത്ത ഒരു വര്‍ഷംകൊണ്ട് പന്ത്രണ്ട് വീടുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. അകലക്കുന്നം പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ആദ്യ സ്‌നേഹവീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.

നിലവില്‍ അകലക്കുന്നം പഞ്ചായത്തില്‍ 250 സുമനസ്സുകളാണ് കണ്ണികളായിട്ടുള്ളത്. കൊഴുവനാല്‍, കിടങ്ങൂര്‍, മുത്തോലി, എലിക്കുളം പഞ്ചായത്തുകളിലായി ആയിരത്തോളം സുമനസ്സുകള്‍ നിലവില്‍ സ്‌നേഹദീപത്തില്‍ കണ്ണികളായിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പെന്‍ഷനേഴ്‌സ്, പുതിയതായി വീട് നിര്‍മ്മിക്കുന്നവര്‍, വിദേശത്ത് ജോലിയുള്ളവര്‍, ഇതിനോട് സഹകരിക്കാന്‍ സന്മനസ്സുള്ള മറ്റുള്ളവര്‍ എന്നിവരെയാണ് സ്‌നേഹദീപത്തിലെ സുമനസ്സുകളായി കണ്ടെത്തുന്നത്. ഓരോ സുമനസ്സുകളും മാസം മിനിമം ആയിരം രൂപ വീതം ഒരു വര്‍ഷത്തേയ്ക്ക് നല്കുന്ന തുക ഉപയോഗിച്ചാണ് സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അകലക്കുന്നം സ്‌നേഹദീപം ചാരിറ്റബിള്‍ സൊസൈറ്റി രജിസ്ട്രര്‍ ചെയ്യുകയും സൊസൈറ്റിയുടെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് പള്ളിക്കത്തോട് ശാഖയില്‍ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു. 

സ്‌നേഹദീപം പദ്ധതിയുടെ കഴിഞ്ഞ ഒന്നരവര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിലൂടെ ഒരുകോടി ഇരുപത് ലക്ഷം രൂപ ആയിരം സുമനസ്സുകളില്‍ നിന്നായി സമാഹരിക്കുവാനും 8 പേര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി 40 സെന്റ് സ്ഥലം സൗജന്യമായി ലഭ്യമാക്കുവാനും സാധിച്ചു. 

അര്‍ഹതാമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌നേഹദീപം ഭരണസമിതി ഐക്യകണ്‌ഠ്യേന തീരുമാനിക്കുന്ന ആളുകള്‍ക്കാണ് ഈ പദ്ധതി പ്രകാരം വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നത്. വീടിന്റെ തറയുടെ നിര്‍മ്മാണം ഗുണഭോക്താവിന്റെ ഉത്തരവാദിത്വത്തിലും ചെലവിലും നിര്‍മ്മിച്ചു നല്കണം. ബാക്കി മുഴുവന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമാണ് സ്‌നേഹദീപത്തിലൂടെ നടത്തുന്നത്. 3 കിടപ്പുമുറി, 2 ശുചിമുറി, അടുക്കള, ഹാള്‍, സിറ്റൗട്ട് എന്നിവയോടുകൂടിയ വീട് നാല് ലക്ഷം രൂപയ്ക്കാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. ഓരോ വീടുകളുടെയും നിര്‍മ്മാണത്തിനായി പ്രത്യേക സബ്കമ്മറ്റികള്‍ രൂപീകരിക്കുന്നതാണ്. സ്‌നേഹദീപം ഭരണസമിതിയുടെയും സബ്കമ്മറ്റിയുടെയും നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മ്മാണം നടത്തുന്നത്. ചെലവുകുറഞ്ഞ രീതിയിലുള്ള നിര്‍മ്മാണം നടത്തുന്നതുകൊണ്ടാണ് നാലുലക്ഷം രൂപയ്ക്ക് ഈ സ്‌നേഹവീടുകള്‍ നിര്‍മ്മിക്കുവാന്‍ സാധിക്കുന്നത്. 


അകലക്കുന്നം സ്‌നേഹദീപം സൊസൈറ്റിക്കായി 13 അംഗഭരണസമിതിയാണ്  തെരഞ്ഞെടുത്തിരിക്കുന്നത്. ഫിലിപ്പ് വെള്ളാപ്പള്ളില്‍ (പ്രസിഡന്റ്), റ്റോമിച്ചന്‍ പിരിയംമാക്കല്‍ (സെക്രട്ടറി), ബെന്നി കോട്ടേപ്പള്ളില്‍ (ട്രഷറര്‍), വി. സുധീര്‍ ദേവീ വിലാസ് (വര്‍ക്കിംഗ് പ്രസിഡന്റ്), ജിമ്മി പാലാപ്പറമ്പില്‍ (വൈസ് പ്രസിഡന്റ്), റ്റെസി രാജു മാവേലിത്തടം, ജോജി ജോസ് ആലയ്ക്കല്‍ (ജോ. സെക്രട്ടറിമാര്‍), ജോയി കെ. മാത്യു കണിപറമ്പില്‍, ചന്ദ്രമോഹനന്‍നായര്‍ വടക്കേപ്പറമ്പില്‍, ജോബി ജോമി കിഴക്കേല്‍, നിഖില്‍ ജോസ് തുരുത്തിയില്‍, ജെ.ജെ മറ്റം, ജില്‍സ് തോമസ് തുണ്ടിയില്‍ (ഭരണസമിതിയംഗങ്ങള്‍).




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments