പാലാ രൂപതാ കോടതിയിലെ ജഡ്ജി ഇനി പൊതുസമൂഹത്തിന്റെ സ്വന്തം വക്കീല്‍. പാലാ രൂപതയിലെ യുവ വൈദികനായ റവ. ഫാ. ജോസഫ് താഴത്തുവരിക്കയിലിനാണ് ഈ അപൂര്‍വ്വ ബഹുമതി.
ഇന്നലെ എറണാകുളത്ത് അഭിഭാഷകനായി സന്നത് എടുത്ത ഫാ. ജോസഫ് താഴത്തുവരിക്കയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പാലാ രൂപതാ കോടതിയിലെ ജഡ്ജിയാണ്. പാലാ രൂപതാ കോടതി ജഡ്ജി എന്ന സ്ഥാനത്തിനൊപ്പം രൂപതയിലെ കരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ മാനേജരുമാണ്. മൈസൂര്‍ കെ.എന്‍. നാഗഗൗഡ ലോ കോളേജില്‍ നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്.
പാലാ രൂപതയിലെ വൈദീകരില്‍ നിന്നും അഭിഭാഷകനാകുന്ന മൂന്നാമത്തെയാളാണ് ഫാ. ജോസഫ് താഴത്തുവരിക്കയില്‍. ഫാ. ജോസഫ് കടുപ്പില്‍, ഫാ. ആല്‍വിന്‍ ഏറ്റുമാനൂര്‍ക്കാരന്‍ എന്നിവരാണ് ഫാ. ജോസഫിന് മുമ്പ് അഭിഭാഷകരായത്. ഇതില്‍ ഫാ. ആല്‍വിന്‍ കോടതയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. ഫാ. ജോസഫ് കടുപ്പില്‍ വടവാതൂര്‍ സെമിനാരിയിലാണ് സേവനം അനുഷ്ഠിക്കുന്നത്.
ഭരണങ്ങാനം താഴത്തുവരിക്കയില്‍ തോമസ് - പെണ്ണമ്മ ദമ്പതികളുടെ മകനാണ് 36-കാരനായ അഡ്വ. ഫാ. ജോസഫ് താഴത്തുവരിക്കയില്‍. റോണി, റോസ്മി എന്നിവരാണ് സഹോദരങ്ങള്‍. ഇന്നലെ അഭിഭാഷകനായി സന്നതെടുത്ത അഡ്വ. ഫാ. ജോസഫ് താഴത്തുവരിക്കയിലിനെ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യ വികാരിജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.



0 Comments