മീനച്ചില്‍ താലൂക്കില്‍ സഹകരണ ബാങ്കുകളെ തകര്‍ക്കുവാന്‍ ഗൂഢശ്രമം.. വ്യാജ പ്രചാരണത്തില്‍ ആശങ്കയിലായി നിക്ഷേപം പിന്‍വലിക്കുവാന്‍ നെട്ടോട്ടം.. ആശങ്ക വേണ്ടെന്ന് ഭരണസമിതികള്‍




വളരെ നല്ല പ്രവര്‍ത്തന റിപ്പോര്‍ട്ടും ഉയര്‍ന്ന ലാഭവിഹിതവും നല്‍കി വരുന്ന സഹകരണ ബാങ്കുകള്‍ക്കെതിരെ ഒരു മാസത്തിലധികമായി നടത്തി വരുന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് മീനച്ചില്‍ താലൂക്കിലെ സഹകരണ ബാങ്കിംഗ് മേഖല വന്‍ പ്രതിസന്ധിയിലായി.

ബാങ്കുകള്‍ പ്രതിസന്ധിയിലാണെന്നുള്ള പ്രചാരണം വ്യാജ കത്തുകളും നവ മാദ്ധ്യമങ്ങളും വഴി നടത്തി വരുന്നതില്‍ ആശങ്കപ്പെട്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ബാങ്ക് ശാഖകളിലേക്ക് ഒഴുകി എത്തിയതിനെ തുടര്‍ന്ന് പല ബാങ്കുകളും താത്കാലിക സാമ്പത്തിക പ്രതിസന്ധിയിലായി.

നിക്ഷേപമായി ലഭിച്ച തുകയില്‍ എണ്‍പത് ശതമാനം വരെ വായ്പയായി നല്‍കിയിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൂട്ടമായി എത്തിയ നിക്ഷേപകരെ തുക പിന്‍വലിക്കാതെ  സമാധാനിപ്പിക്കുവാന്‍ വഴി കണ്ടെത്താതെ വിഷമിക്കുന്ന സ്ഥിതിയാണിപ്പോള്‍

ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് നടന്ന ഒരു സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന വാക്ക് പോരിനെ തുടര്‍ന്നുള്ള ആക്ഷേപവും ആരോപണവുമാണ് നിക്ഷേപം പിന്‍വലിക്കുന്നതിന് ഇടയാക്കിയതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. മീനച്ചില്‍ താലൂക്കിലെ മിക്ക ബാങ്കുകളിലും ഇപ്പോള്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് സമയമാണ്. നിലവില്‍ ഭരണ സമിതിയില്‍ ഇടം കിട്ടാത്തവരാണ് മത്സരരംഗം കൊഴുപ്പിക്കുവാന്‍ എതിര്‍ചേരിയിലേക്ക് ആരോപണങ്ങള്‍ അഴിച്ചുവിടുന്നത്.

ഇതോടെ സഹകരണ മേഖലയെ വന്‍ പ്രതിസന്ധിയിലാക്കി ആശങ്കയും ഭീതിയും സൃഷ്ടിക്കപ്പെട്ടതിനാല്‍ പല സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് ശമ്പളം വരെ മുടങ്ങുന്ന സ്ഥിതിയിലുമായി. നിക്ഷേപകര്‍ക്ക് ഒരാശങ്കയും വേണ്ടെന്ന് ഭരണസമിതികളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.

വായ്പ തുകയ്ക്ക് സര്‍ക്കാര്‍ നിരവധി തവണ മോറട്ടോറിയം പ്രഖ്യപിക്കപ്പെട്ടതും വായ്പാതിരിച്ചടവ് തുടരെ മുടക്കിയതും ബാങ്കുകളെ ബുദ്ധിമുട്ടിച്ചു. ഏതാനും ബാങ്കുകളില്‍ നടന്ന വായ്പാ ക്രമക്കേടുകളും നിക്ഷേപകര്‍ക്ക് തുക പിന്‍വലിക്കുന്നതിന് അവസരം ഒരുക്കി.

ഇതിനിടെ വലിയ വായ്പകള്‍ തരപ്പെടുത്തി കുടിശിഖവരുത്തിയവരും ശ്രദ്ധ തിരിക്കുവാന്‍ സ്ഥാപനത്തിനെതിരെ പ്രചാരണം നടത്തുന്നതായും ആരോപണം ഉണ്ട്. മീനച്ചില്‍ താലൂക്കിലെ ബലിഷ്ഠമായ സാമ്പത്തിക അടിത്തറയുള്ള സഹകരണ മേഖലയിലെ മികച്ച പ്രവര്‍ത്തനം നടത്തി വരുന്ന ബാങ്കുകള്‍ക്കെതിരെ നടത്തി വരുന്ന കുപ്രചാരണം അവസാനിപ്പിക്കണമെന്നും വ്യാജ കത്തുകള്‍ വഴിയും സമൂഹ മാദ്ധ്യമങ്ങള്‍ വഴിയും ആശങ്ക പടര്‍ത്തുന്ന പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിക്ഷേപകരുടെ സംശയ ദുരീകരണത്തിന് സഹകരണ വകുപ്പ് അടിയന്തിര ഇടപെടല്‍ നടത്തണമെന്നും നിക്ഷേപ സുരക്ഷ ഉറപ്പുവരുത്തണമെന്നും പാലായില്‍ ചേര്‍ന്ന നിക്ഷേപകരുടേയും സഹകാരികളുടേയും യോഗം ആവശ്യപ്പെട്ടു. 


 

ദീര്‍ഘകാല വായ്പാ കുടിശിഖ ഈടാക്കുന്നതിനായുള്ള നടപടി ക്രമങ്ങളിലെ കാലതാമസം പരിഹരിക്കുവാന്‍ അടിയന്തിര നടപടി വേണമെന്നും ക്രമക്കേടുകള്‍ തടയുവാന്‍ കര്‍ശന നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജയ്‌സണ്‍ മാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments