മഹാഗുരുവിന്റെ സന്നിധിയില്‍ തലയില്‍ കൈവച്ചനുഗ്രഹം വാങ്ങാന്‍ തലനാട്ടിലെ ഭക്തജന സമൂഹമെത്തി. 853-ാം നമ്പര്‍ തലനാട് എസ്.എന്‍.ഡി.പി. ശാഖയിലെ ഭാരവാഹികളും അംഗങ്ങളും ഒത്തുചേര്‍ന്നാണ് ശിവഗിരി കുന്നുകയറി മഹാസമാധിയില്‍ പ്രാര്‍ത്ഥനാ നിരതരായത്. തലനാട് ശാഖയില്‍ പുതുതായി ചുമതലയേറ്റ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ഗുരുദേവ സന്നിധിയില്‍ വേണമെന്ന് നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ശാഖാ പ്രസിഡന്റ് കെ.ആര്‍. ഷാജി ഇദ്ദേഹത്തിന്റെ ഭാര്യയും എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ വനിതാസംഘം കണ്‍വീനറുമായ സോളി ഷാജിയും ഉള്‍പ്പെട്ട ഒരു സംഘം തലേന്നുതന്നെ ശിവഗിരിയിലെത്തി വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. ഇന്നലെ പുലര്‍ച്ചയോടെ ശാഖാ നേതാക്കളും അംഗങ്ങളും ഉള്‍പ്പെട്ട 101 അംഗ സംഘം ശിവഗിരി തീര്‍ത്ഥാടനത്തിന് തലനാട്ടില്‍ നിന്നും പുറപ്പെട്ടു. രാവിലെ 9.30 ഓടെ ശിവഗിരിയിലെത്തിയ സംഘം മഹാഗുരുവിന്റെ സമാധി സന്നിധിയില്‍ രണ്ട് മണിക്കൂറോളം പ്രാര്‍ത്ഥനാ നിമഗ്നരായി നിന്നു.
സമാധി സന്നിധിയിലെ പഞ്ചാരമണലില്‍ ഇരുന്നുള്ള പ്രാര്‍ത്ഥനയ്ക്ക് ശാഖാ പ്രസിഡന്റ് കെ.ആര്‍. ഷാജി കുന്നനാംകുഴി നേതൃത്വം നല്‍കി. തീര്‍ത്ഥാടക സംഘത്തില്‍ പകുതിയോളം സ്ത്രീകളും ഒപ്പം കുട്ടികളുമുണ്ടായിരുന്നു. സംഘം ഒന്നടങ്കം നടത്തിയ പ്രാര്‍ത്ഥന മഹാസന്നിധിയിലെത്തിയ മറ്റ് ഭക്തരെയും ഭക്തിലഹരിയിലാഴ്ത്തി.
ഗുരുസന്നിധിയില്‍ ദീപപ്രോജ്വലനത്തോടെ പ്രദക്ഷിണം നടത്തിയ സംഘം ശ്രീ ശാരദാദേവി ക്ഷേത്രത്തിലും സമാധി സന്നിധിയിങ്കലും വിശേഷല്‍ വഴിപാടുകള്‍ നടത്തിയ ശേഷമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ശാഖാ പ്രസിഡന്റ് കെ.ആര്‍. കുന്നനാംകുഴി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ഏ.ആര്‍. ലെനിന്‍മോന്‍ ആരോലിക്കല്‍, സെക്രട്ടറി പി.ആര്‍. കുമാരന്‍ പഴുക്കാനിയില്‍, യൂണിയന്‍ കമ്മറ്റിയംഗങ്ങളായ പി.എസ്. വിനോദ് പണ്ടന്‍കല്ലുങ്കല്‍, എ.എം. മോഹനന്‍ അള്ളുങ്കല്‍, മാനേജിംഗ് കമ്മറ്റിയംഗങ്ങളായ ബിജുകുമാര്‍ ചൊവ്വേലിക്കുടിയില്‍, ജോതിസ് ഗുരുഭവന്‍, രതീഷ് കലയത്താങ്കല്‍, മണി തങ്കച്ചന്‍, രാജന്‍ താന്നിയാനിക്കല്‍, ബാബു മേവറയാറ്റ്, പഞ്ചായത്തുകമ്മറ്റി അംഗങ്ങളായ തങ്കപ്പന്‍ കൊമ്പനാല്‍, ഓമന സുകുമാരന്‍, രമണി ബാലന്‍ തുടങ്ങിയവര്‍ ചുമതലയേറ്റു. മീനച്ചില്‍ യൂണിയന്‍ വനിതാസംഘം കണ്‍വീനര്‍ സോളി ഷാജി പങ്കെടുത്തു. ശിവഗിരിയില്‍ മഹാഗുരുപൂജ നടത്തി പ്രസാദവുമേറ്റുവാങ്ങിയാണ് സംഘം മടങ്ങിയത്.




0 Comments