മീനച്ചില്‍ പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ടുചെയ്തു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ കഴിഞ്ഞ ദിവസം മരണമടഞ്ഞു.
ആശുപത്രിയിലായിരുന്ന ഇവരുടെ തലഞരമ്പ് പൊട്ടി ഗുരുതരാവസ്ഥയിലുമായിരുന്നു. പൂവരണി പച്ചാത്തോട് പുന്നത്താനത്ത് ആന്‍സി തോമസ് (56) ആണ് മരണമടഞ്ഞത്. മറ്റുമൂന്നുപേര്‍ക്കുകൂടി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ സുഖം പ്രാപിച്ചുവരികയാണ്.
ഡെങ്കിപ്പനിയില്‍ ചികിത്സയിലിരുന്ന ഒരു വീട്ടമ്മ മരണമടഞ്ഞെങ്കിലും ആശങ്ക വേണ്ടെന്ന് മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയും മീനച്ചില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസ് ലീ ഡാനിയേലും പറഞ്ഞു.
പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നത് ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ കൃത്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായും പഞ്ചായത്ത്-ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു. കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത് എന്നതിനാല്‍ കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഓരോ കുടുംബങ്ങളും മുന്നോട്ടുവരണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.
ജനങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
- വീട്ടിനുളളില്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന്റെ ട്രേ, എയര്‍ കണ്ടീഷണര്‍ തുടങ്ങിയവയില്‍ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക.
- വീടിന് പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന ചിരട്ട, പൊട്ടിയ കളി പ്പാട്ടങ്ങള്‍, ടിന്നുകള്‍, ഐസ്‌ക്രീം കപ്പുകള്‍, പ്ലാസ്റ്റിക്ക് ഷീറ്റുകള്‍, ഉപയോഗശൂന്യമായ ടയറുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നിന്ന് കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കുക.
- ഞായറാഴ്ച്ചകളില്‍ കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.
- റബ്ബര്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടകളില്‍ കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കുക.
- വീടിന്റെ ടെറസ്സില്‍ വെള്ളം കെട്ടികിടക്കാതെ ശ്രദ്ധിക്കുക.
- പനി വന്നാല്‍ ഉടന്‍ ചികില്‍സ തേടുക,വിശ്രമം എടുക്കക, ധാരാളം വെള്ളം കുടിക്കുക.
.jpeg)


0 Comments