പതിറ്റാണ്ടു മുമ്പു പണി പൂര്‍ത്തികരിച്ചു പാലത്തിലേയ്ക്കു അടിയന്തരമായി അപ്രോച്ച് റോഡ് നിര്‍മ്മിക്കണമെന്നു ആവശ്യപ്പെട്ട് തരംഗിണി സാംസ്‌കാരിക സംഘത്തിന്റെ നേതൃത്വത്തില്‍ പാലാ പി.ഡബ്ല്യു.ഡി. ഓഫീസ് മുമ്പില്‍ ധര്‍ണ്ണ നടത്തി.
പാലാ ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരമുള്ള ഈ പാലത്തിലേയ്ക്ക് അപ്രോച്ച് റോഡ് തീര്‍ത്താല്‍ മീനച്ചില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ നൂറുകണക്കിനു കുടുംബക്കാര്‍ക്കു മൂന്നര കിലോമീറ്റര്‍ ദൂരം ചുറ്റാതെ പാലാ ടൗണില്‍ എത്താനും ടൗണിലെ ബ്ലോക്ക് ഒഴിവാക്കി അനേകം വാഹനങ്ങള്‍ക്കു പൊന്‍കുന്നം ഭാഗത്തേയ്ക്കു പോകുവാനും, തിരിച്ചു പോകാനും കഴിയുന്നതാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ചൂണ്ടിക്കാട്ടി.
കോടികള്‍ മുടക്കി പണിത പാലം 13 വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു സൈക്കിള്‍ പോലും ഓടിക്കുവാന്‍ കഴിയാത്തത്തിന്റെ കാരണം ജനപ്രതിനിധികളുടെ സാമൂഹ്യ പ്രതിബദ്ധത ഇല്ലായ്മയ്ക്ക് തെളിവാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പാറപ്പള്ളി തരംഗിണി സാംസ്‌കാരിക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ സമരം.
സമരത്തിനു ശേഷം പ്രവര്‍ത്തകരെല്ലാവരും കൂടി സ്ഥലത്തുണ്ടായിരുന്ന മാണി സി. കാപ്പന്‍ എം.എല്‍.എ.യെ നേരിട്ട് കണ്ടു വിവരങ്ങള്‍ ധരിപ്പിച്ചു. സമരത്തിന് ജോസഫ് വെട്ടിക്കല്‍, സണ്ണി വെട്ടം, കുഞ്ഞുമോന്‍ മണര്‍കാട്, ലൈല മാക്കുന്നേല്‍, ജോജി തറക്കുന്നേല്‍, സജീവ് നിരപ്പേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്ഥലം ഏറ്റെടുക്കാന്‍ 13 കോടി അനുവദിച്ചു - എം.എല്‍.എ.
കളരിയാമ്മാക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുക്കാന്‍ 13 കോടി 21 ലക്ഷം രൂപാ അനുവദിച്ചിട്ടുള്ളതായി മാണി സി. കാപ്പന്‍ എം.എല്‍.എ. സമരക്കാരോട് പറഞ്ഞു. ഇതിന്റെ തുടര്‍നടപടികള്‍ക്കായി പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ. വ്യക്തമാക്കി.
0 Comments