മീനച്ചിലാറിന് കുറുകെ കളരിയാംമാക്കല്‍ ഭാഗത്ത് പാലം നിര്‍മ്മിക്കുമ്പോള്‍ അത് ഒരു റോഡിന്റെയും ഭാഗമായിട്ടായിരുന്നില്ലെന്നും ഭാവി നഗരവികസനം ലക്ഷ്യം കണ്ട് ജലസേചന വകുപ്പിന്റെ ഭരണാനുമതിയില്‍ ചെക് ഡാമിനൊപ്പം പാലം കൂടി വിഭാവനം ചെയ്യുകയായിരുന്നുവെന്നും വാദമുയരുന്നു.
ഭരണങ്ങാനം ഭാഗത്ത് ഒരു കി.മീ. ചുറ്റളവില്‍ മീനച്ചിലാറിന് കുറുകെ വട്ടോളി കടവിലും ,വിലങ്ങു പാറയിലും, തറപ്പേക്കടവിലുമായി മൂന്ന് പി.ഡബ്ല്യു.ഡി പാലങ്ങള്‍ ഉണ്ടായതോടെ സമീപ പ്രദേശത്ത് മറ്റൊരു പി.ഡബ്ല്യു.ഡി വക പാലത്തിനു കൂടി അനുമതി നല്‍കുക എന്നത് പ്രയാസമായത് കണക്കിലെടുത്താണ് അന്നത്തെ ധനകാര്യ മന്ത്രി കെ.എം.മാണി ജലസേചന വകുപ്പു വഴി കളരിയാംമാക്കല്‍ പാലത്തിന് ഭരണാനുമതി നല്‍കിയത് എന്ന് ഒരു വിഭാഗം പൊതു പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു..
ഇതോടൊപ്പം നാറ്റ്പാക് സര്‍വ്വേ വഴി പാലാ ടൗണ്‍ റിംഗ് റോഡ് രണ്ടാം ഘട്ടം ഈ പാലം വഴി നിര്‍മ്മിക്കുന്നതിനുള്ള രൂപരേഖ അംഗീകരിക്കുകയും ഒന്നാം ഘട്ടറിംഗ് റോഡ് ഭാഗം പൂര്‍ത്തിയാക്കുകയും ചെയ്തു.റിംഗ് റോഡിനായി അനുവദിച്ച തുകയില്‍ ബാക്കി നില്‍ക്കുന്ന തുക വിനിയോഗിച്ച് കളരിയാംമാക്കല്‍ പാലത്തിന്റെ മറുകരയില്‍ 250 മീറ്ററോളം ഭാഗത്ത് സമീപന റോഡ് നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന് അനുമതി നല്‍കിയിരുന്നു. ഈ ഭാഗത്ത് ഭൂമി അളന്ന് തിട്ടപ്പെടുത്തി റവന്യൂ വകുപ്പിന് റിക്വസിഷനും നല്‍കി. വിജ്ഞാപനവും ഇറക്കി.എന്നാല്‍ സര്‍വ്വേക്കായുള്ള കണ്ടിജന്‍സി ഫണ്ട് അടുത്ത കാലത്താണ് പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയത്.
ഇനി പി.ഡബ്ല്യു.ഡി കല്ലിട്ട് തിരിച്ച ഭാഗത്ത് റവന്യൂ വിഭാഗം സര്‍വ്വേ നടത്തി ഭൂഉടമകളുടെ ഉടമസ്ഥാവകാശവും നഷ്ടപരിഹാര തുകയും തിട്ടപ്പെടുത്തി പാരിസ്ഥിതി ആഘാത പഠനവും നടത്തി റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിന് കൈമാറി നഷ്ടപരിഹാര തുക റവന്യൂ വകുപ്പിന് കൈമാറിയെങ്കിലേ ഭൂമി ഏറ്റെടുക്കല്‍ നടപ്പാകൂ.
ഇതിനിടയിന്‍ പാലാ ബൈപാസില്‍ ഉണ്ടാക്കിയതുപോലെ നഷ്ടപരിഹാര തുകയ്ക്കായി കേസുകള്‍ സൃഷ്ടിച്ചാല്‍ നടപടി അനിശ്ചിതമായി നീളുകയും ചെയ്യും. ൂമി ഏറ്റെടുപ്പ് പൂര്‍ത്തിയായി പി.ഡബ്ല്യു .ഡി യ്ക്ക് കൈമാറിയ ശേഷമേ നിര്‍മാണ ടെന്‍ഡര്‍ നടപടി പോലും ആരംഭിക്കൂ.
എന്നാല്‍ ചെത്തിമറ്റം ഭാഗം മുതല്‍ പാലം വരെയുള്ള ഭാഗത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടികളെ സംബന്ധിച്ച് ഒരു രൂപരേഖയും ഇതേ വരെ ഉണ്ടായിട്ടില്ല എന്നതാണ് പുതിയ വിഷയം. ഇതിനിടെ ഈ ഭാഗത്തെ രൂപരേഖ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുള്ളത് പരിഹരിക്കപ്പെടാത്ത തര്‍ക്കമായി അവശേഷിക്കുന്നു.ഇതില്‍ എന്ന് പരിഹാരവും നടപടിയും ഉണ്ടാവും എന്ന് കണ്ടറിയേണ്ടതുണ്ട്.
റിംഗ് റോഡിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന പന്ത്രണ്ടാം മൈല്‍ ഭാഗം മുതല്‍ പാലത്തിനു സമീപം വരെയുള്ള നിര്‍മ്മാണം കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിനായുള്ള സര്‍വ്വേയും പഠനവും പൂര്‍ത്തിയായതേ ഉള്ളൂ.ഫണ്ട് ഇനി അനുവദിച്ച് ലഭിക്കേണ്ടതുണ്ട്
എല്ലാം തര്‍ക്കരഹിതമായി നടന്നാല്‍ സമയത്ത് നടത്തുവാനായാല്‍ പോലും വര്‍ഷങ്ങള്‍ എടുക്കുമെന്ന് ചുരുക്കം. അതു കൊണ്ട് സമരം വെറും വാര്‍ത്തയ്ക്ക് മാത്രമാണെന്നും ശക്തമായ തുടര്‍ നടപടി ഉണ്ടായാല്‍ മാത്രമേ പാലം കടക്കുവാനാവൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



0 Comments