കഴിഞ്ഞദിവസം അന്തരിച്ച വൈക്കത്തുശ്ശേരില്‍ വി.കെ. ശേഖര്‍ (87) കിടങ്ങൂരിന്റെ സ്വന്തം ''ശേഖരന്‍സാര്‍'' ആയിരുന്നു. മികച്ച അദ്ധ്യാപകന്‍ എന്ന നിലയിലും സാമൂഹ്യ സാംസ്‌കാരിക ആദ്ധ്യാത്മിക മേഖലകളിലെ നിറ സാന്നിദ്ധ്യമെന്ന നിലയിലും ശേഖരന്‍സാര്‍ നാടിന് സുസമ്മതനായിരുന്നു.
ഭാഗവത സപ്താഹ ആചാര്യന്‍ എന്ന നിലയില്‍ കോട്ടയം ജില്ലയിലും സമീപ ജില്ലയിലും പേരെടുത്തിരുന്ന ശേഖരന്‍സാര്‍ ജില്ലയില്‍ ആദ്യമായി ''അയ്യപ്പഭാഗവത''ത്തിനും തുടക്കംകുറിച്ചു. ആറുവര്‍ഷം മുമ്പ് ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലാണ് ജില്ലയിലാദ്യമായി വി.കെ. ശേഖറിന്റെ നേതൃത്വത്തില്‍ അയ്യപ്പഭാഗവതം നടത്തിയത്. ഇതില്‍ മുഖ്യ ആചാര്യസ്ഥാനത്ത് ഇരുന്നുകൊണ്ട് ഇദ്ദേഹം ആവിഷ്‌കരിച്ച വിശേഷാല്‍ വഴിപാടുകളും ചടങ്ങുകളുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യ അയ്യപ്പഭാഗവതത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ കാവിന്‍പുറം ക്ഷേത്രത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.
മികച്ച അദ്ധ്യാപകനുളള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിട്ടുള്ള വി.കെ. ശേഖര്‍ കേരള വിശ്വകര്‍മ്മ മഹാസഭാ സംസ്ഥാന വൈസ് പ്രസിഡന്റും ദീര്‍ഘകാലം മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായിരുന്നു.
വാസ്തുശാസ്ത്ര രംഗത്തെ അതിപ്രഗത്ഭരായിരുന്ന വി.കെ. ഗോപാലനാചാരി, വി.കെ. രാഘവനാചാരി, റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി വി.യു. ലംബോദരന്‍, കമലാക്ഷി, പാറുക്കുട്ടി, രത്‌നമ്മ എന്നിവരുടെ സഹോദരനുംകൂടിയായിരുന്ന വി.കെ. ശേഖര്‍ വാസ്തുശാസ്ത്ര രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ശേഖരന്‍സാറിന്റെ നിര്യാണത്തില്‍ മന്ത്രി വി.എന്‍. വാസവന്‍, എം.പി. മാരായ ജോസ് കെ. മാണി, തോമസ് ചാഴിക്കാടന്‍, മോന്‍സ് ജോസഫ് എം.എല്‍.എ. തുടങ്ങിയവര്‍ അനുശോചിച്ചു. സംസ്‌കാരം വൈകിട്ട് വൈക്കത്തുശ്ശേരില്‍ കുടുംബശ്മശാനത്തില്‍ നടന്നു.



0 Comments