ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മയില്‍ സ്നേഹദീപം പദ്ധതിയില്‍ 4 വീടുകള്‍ക്ക് നാളെ ശിലയിടും.



ഭവനരഹിതരായ ഏറ്റവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നതിനായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സ്നേഹദീപം ഭവനപദ്ധതിപ്രകാരം 4 സ്നേഹവീടുകള്‍ ഉമ്മന്‍ചാണ്ടി ഓര്‍മ്മയില്‍ തുടക്കം കുറിക്കും. 

കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, അകലക്കുന്നം പഞ്ചായത്തുകളിലാണ് ഈ വീടുകള്‍ നിര്‍മ്മിക്കുന്നത്. സ്നേഹദീപം പദ്ധതിപ്രകാരം കഴിഞ്ഞ 18 മാസക്കാലം കൊണ്ട് ഇരുപത്തിയാറ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറുകയും മൂന്ന് വീടുകളുടെ നിര്‍മ്മാണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പദ്ധതിപ്രകാരമുള്ള 30 മുതല്‍ 33 വരെയുള്ള വീടുകളാണ് ഉമ്മന്‍ചാണ്ടിയുടെ സ്മരണയില്‍ തുടക്കം കുറിക്കുന്നത്. 

രാവിലെ 8 ന് കിടങ്ങൂര്‍ പഞ്ചായത്തിലെ മണ്ണികക്കുന്നില്‍ സ്നേഹദീപത്തിലെ മുപ്പതാമത്തെ വീടിന്റെ ശിലാസ്ഥാപനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യും മുപ്പത്തൊന്നാമത്തെ വീടിന്റെ ശിലാസ്ഥപനം ഉച്ചക്കഴിഞ്ഞ് 1.30 ന് മുത്തോലി പന്തത്തലയില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ.യും മുപ്പത്തിരണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപനം ഉച്ചക്കഴിഞ്ഞ് 2.30 ന് പൂവത്തിളപ്പ് മറ്റപ്പള്ളിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യും മൂപ്പത്തിമൂന്നാമത്തെ വീടിന്റെ ശിലാസ്ഥാപനം ഉച്ചക്കഴിഞ്ഞ് 3.30 ന് കെഴുവംകുളം കാളചന്തയില്‍ അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ.യും നിര്‍വ്വഹിക്കുന്നതാണ്. സ്നേഹദീപം പദ്ധതിപ്രകാരം കൊഴുവനാല്‍ പഞ്ചായത്തിലെ പതിനഞ്ചാമത്തേതും മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകളിലെ ഏട്ടാമത്തേതും അകലക്കുന്നം പഞ്ചായത്തിലെ ഒന്നാം സ്നേഹവീടുമാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മയില്‍ നിര്‍മ്മിക്കുന്നത്. 


ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കലിന്റെ ഓണറേറിയവും കൊഴുവനാല്‍ പഞ്ചായത്തിലെ 300 സുമനസ്സുകള്‍ ഒരു മാസം ആയിരം രൂപാ വീതം ഒരു വര്‍ഷത്തേക്ക് നല്‍കിയ തുകയും ഉപയോഗിച്ച് 2022 ല്‍ തുടക്കംകുറിച്ച സ്നേഹദീപം ഭവനപദ്ധതി ഇപ്പോള്‍ കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, അകലക്കുന്നം, എലിക്കുളം പഞ്ചായത്തുകളിലായി ആയിരം സുമനസ്സുകളുടെ സഹകരണത്തോടെയാണ് നടന്നുവരുന്നത്. 

സ്നേഹദീപത്തില്‍ കണ്ണിയായിട്ടുള്ള ഓരോ സുമനസ്സുകളും മിനിമം മാസം ആയിരം രൂപാ വീതം ഒരുവര്‍ഷത്തേയ്ക്ക് നല്‍കുന്നു. ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള എല്ലാ പഞ്ചായത്തുകളിലും രൂപീകരിച്ചിരിക്കുന്ന സ്നേഹദീപം ചാരിറ്റബിള്‍ സൊസൈറ്റികളുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണവും വീട് നിര്‍മ്മാണത്തിനുള്ള അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതും വീട് നിര്‍മ്മാണം നടത്തുന്നതും. ഓരോ പഞ്ചായത്തിലും പ്രത്യേക ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുകയും അക്കൗണ്ടിലൂടെ മാത്രമാണ് എല്ലാപണമിടപാടുകളും നടത്തുന്നതും. 

കഴിഞ്ഞ 18 മാസക്കാലം കൊണ്ട് ആയിരം സുമനസ്സുകളില്‍ നിന്നായി ഒരുകോടി ഇരുപത്ലക്ഷം രൂപാ സമാഹരിക്കുവാനും 40 സെന്റ് സ്ഥലം 8 ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി വ്യത്യസ്ത പ്രദേശങ്ങളില്‍ സൗജന്യമായി ലഭ്യമാക്കുവാനും സാധിച്ചു. മൂന്ന് കിടപ്പുമുറി, രണ്ട് ശുചിമുറി, അടുക്കള, ഹാള്‍, സിറ്റൗട്ട് എന്നിവയോടുകൂടിയ വീട് നാല് ലക്ഷം രൂപയ്ക്കാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. സ്നേഹദീപത്തിലെ എല്ലാവീടുകളുടെയും തറയുടെ നിര്‍മ്മാണം ഗുണഭോക്താവിന്റെ ഉത്തരവാദിത്വത്തിലും ചെലവിലുമാണ് നടത്തുന്നത്. 


 

സ്നേഹദീപം പദ്ധതിയില്‍ വീട് ലഭിക്കുന്ന ഗുണഭോക്താക്കളുടെ പേര് പരസ്യപ്പെടുത്താതെയാണ് വീട് നിര്‍മ്മാണം നടത്തുന്നത്. സ്നേഹദീപത്തിലെ ഏഴാം സ്നേഹവീട് മുന്‍മന്ത്രി കെ.എം. മാണിയുടെ ഓര്‍മ്മയില്‍ മുത്തോലിയില്‍ നിര്‍മ്മിച്ചിരുന്നു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments