മീനച്ചില് കുടിവെള്ള പദ്ധതിക്ക് വേണ്ടി മുട്ടം ടൗണ് ഒഴിവാക്കി ഇടപ്പള്ളി ബൈപാസിലൂടെ പൈപ്പ് ലൈനുകള് സ്ഥാപിക്കാനുള്ള സാധ്യതകള് പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
ബൈപാസിന് വേണ്ടി കണ്ടെത്തിയ സ്ഥലം പരിശോധിക്കാന് ബന്ധപ്പെട്ട അധികൃതര്ക്ക് നിര്ദ്ദേശം നല്കുമെന്നും മന്ത്രി പറഞ്ഞു. മീനച്ചില് കുടിവെള്ള പദ്ധതിക്ക് വേണ്ടി മുട്ടം ടൗണിലെ റോഡുകള് വെട്ടിപ്പോളിച്ച് പൈപ്പുകള് സ്ഥാപിക്കാനാണ് അധികൃതര് തീരുമാനിച്ചിരുന്നത്. ഇതിന് എതിരെ ജനങ്ങളും മര്ച്ചന്റ് അസോസിയേഷന് ഉള്പ്പടെയുള്ള വിവിധ സംഘടനകളും സമരപരിപാടികളുമായി രംഗത്ത് എത്തിയിരുന്നു.
പ്രശ്ന പരിഹാരത്തിന് വേണ്ടി ജനകീയ സമിതിയുടെ നേതൃത്വത്തില് കഴിഞ്ഞ ദിവസം മര്ച്ചന്റ് അസോസിയേഷന് ഹാളില് യോഗം ചേരുകയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, പി ജെ ജോസഫ് എം എല് എ, ഡീന് കുര്യാക്കോസ് എം പി, കളക്ടര് എന്നിവര്ക്ക് പരാതികള് നല്കാനും തീരുമാനിച്ചിരുന്നു.
റോഡ് വെട്ടിപ്പൊളിക്കുന്നത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേര്ളി അഗസ്റ്റിനും വാര്ഡ് മെമ്പര് റെജി ഗോപിയും ജനകീയ സമിതി അംഗങ്ങളും മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയില്പെടുത്തിയപ്പോഴാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്.



0 Comments