പാലാ നഗരത്തിലെ പ്രധാന റോഡായ ടിബി റോഡ് പൊട്ടിപ്പൊളിഞ്ഞ് തകർന്ന അവസ്ഥയിലായിട്ട് നാളുകളായി. ടാറിംഗ് പൂർണ്ണമായും തകർന്ന് കുണ്ടുംകുഴിയും നിറഞ്ഞു.
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലേക്കുള്ള റോഡാണിത്. സിവിൽ സ്റ്റേഷൻ, സ്‌കൂളുകൾ, പിഡബ്ല്യുഡി റസ്റ്റ്ഹൗസ്, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വഴിയും ഇതു തന്നെ.നൂറ് കണക്കിന് വാഹനങ്ങളും നിരവധി കാൽനടക്കാരും ഉപയോഗിക്കുന്ന ടിബി റോഡ് ഇപ്പോൾ യാത്ര ദുസ്സഹമായ അവസ്ഥയിലാണ്. ഗട്ടർ നിറഞ്ഞ റോഡിൽ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും പതിവാണ്.
റോഡിന്റെ ശോച്ചാവസ്ഥക്കെതിരെ വ്യാപാരികളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും റോഡിന്റെ അറ്റകുറ്റപണി നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. നഗരസഭയുടെ കീഴിലുള്ള റോഡാണ്. ആൽത്തറ ശ്രീ രാജ രാജഗണപതി ക്ഷേത്രം മുതൽ മെയിൻ റോഡ് വരെയുള്ള ഭാഗം സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ്. വലിയഗർത്തങ്ങളിൽ ചാടിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. കഴിഞ്ഞദിവസം വ്യാപാരികളുടെ നേതൃത്വത്തിൽ ഇവിടെ മണ്ണിട്ട് കുഴികൾ അടച്ച് താത്കാലിക സംവിധാനമൊരിക്കിയിരുന്നു. മഴപെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനടയാത്രപോലും ദുസ്സഹമാകും.
പാലാ ടിബി റോഡിന്റെ അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് പാലാ പൗരസമിതി ആവശ്യപ്പെട്ടു.
ടിബി റോഡിന്റെ ലിങ്ക് റോഡുകളായ ന്യൂബസാർ റോഡിലും, കട്ടക്കയം റോഡിലെ സ്റ്റേഡിയം ജംഗ്ഷനിലും വലിയ ഗർത്തങ്ങൾ ഗതാഗതതടസ്സം സൃഷ്ടിക്കുന്നുണ്ട്.
പി. പോത്തൻ, സേബി വെള്ളരിങ്ങാട്ട്, സോജൻ, സോണി ഇല്ലിമൂട്ടിൽ, ബേബി കീപ്പുറം തുടങ്ങിയവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിവേദനം നൽകി.




0 Comments