ഇടപ്പാടിയില്‍ മനോഹരമായ വിഷ്ണുക്ഷേത്രം നിര്‍മ്മിക്കണം. ദേവപ്രശ്‌ന വിധിയില്‍ ആഹ്ലാദചിത്തരായി ഭക്തര്‍.



ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയില്‍ നദീതീരത്തോട് ചേര്‍ന്ന് കിഴക്കോട്ട് ദര്‍ശനമായി വിഷ്ണുക്ഷേത്രം നിര്‍മ്മിക്കണമെന്ന് അഷ്ടമംഗല ദേവപ്രശ്‌ന വിധി. പ്രമുഖ ദൈവജ്ഞനായ കോഴിക്കോട് കോട്ടൂര്‍ പ്രസാദ് നമ്പീശന്റെ നേതൃത്വത്തില്‍ രണ്ട് ദിവസമായി നടന്നുവന്ന അഷ്ടമംഗല ദേവപ്രശ്‌ന വിധിയിലാണ് ഈ ദേവഹിതം തെളിഞ്ഞത്.

ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ ശിലയില്‍ തീര്‍ത്ഥവിഗ്രഹം പ്രതിഷ്ഠിക്കണമെന്നാണ് വിധി. കന്യകയായ മാളവിക കര്‍ക്കടകം രാശിയില്‍ സ്വര്‍ണ്ണാരൂഡം സമര്‍പ്പിച്ചതും അവിടെ പത്തില്‍ വ്യാഴം വന്നതും ജ്യോത്സ്യനെ ക്ഷണിക്കുന്നതിനായി ഏകാദശി ദിവസം ക്ഷേത്രം ഭാരവാഹികള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയതും അന്ന് പുണര്‍തം നക്ഷത്രവും ഞായറാഴ്ച ദിനമായിരുന്നതിനാലും അമ്പലക്കദളിക്കുല ദൈവജ്ഞന് സമര്‍പ്പിച്ചതും വിഷ്ണു ക്ഷേത്രത്തിനുള്ള അതിശക്തമായ നിമിത്തങ്ങളാണെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. വ്യാഴത്തെക്കൊണ്ട് ചിന്തിച്ചതില്‍ അഞ്ചോളം പ്രബലമായ യോഗങ്ങളും നിമിത്തങ്ങളും കണ്ടതിനാല്‍ വിഷ്ണുപ്രതിഷ്ഠ നടത്തി ആരാധിച്ചേ മതിയാകൂ എന്നുള്ളതാണ് ദേവഹിതമെന്ന് ദൈവജ്ഞന്‍ കോട്ടൂര്‍ പ്രസാദ് നമ്പീശന്‍ വിശദീകരിച്ചു. കായണ്ണ രതീഷ് പണിക്കര്‍ സഹദൈവജ്ഞനായിരുന്നു.

ശാന്തിമഠം ഉടന്‍ പുനരുദ്ധരിക്കണമെന്നും നിലവില്‍ ശാന്തിക്കാര്‍ക്കുള്ള സങ്കടങ്ങള്‍ എത്രയുംവേഗം പരിഹരിക്കണമെന്നും പ്രശ്‌നചിന്തയില്‍ തെളിഞ്ഞു. മൂന്നേക്കറോളം വിശാലമായ ക്ഷേത്രസന്നിധിയിലെ കന്നിമൂലയില്‍ മൂന്ന് സെന്റ് സ്ഥലം കാവ് എന്ന സങ്കല്‍പ്പത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. പുതുതായി നിര്‍മ്മിക്കുന്ന വിഷ്ണുക്ഷേത്രത്തില്‍ നിത്യപൂജ ഉണ്ടാകണം. എന്നാല്‍ ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രമെന്ന പേരില്‍ തന്നെയാകും ഇതറിയപ്പെടുക. ഇതിലൊരു മാറ്റവും വരുത്താന്‍ പാടില്ലെന്നും ദൈവജ്ഞര്‍ നിര്‍ദ്ദേശിച്ചു.



ദേവപ്രശ്‌ന വേദിയില്‍ തന്നെ വിഷ്ണു ക്ഷേത്രത്തിന് ഭക്തരുടെ സഹായപ്രവാഹം

പുതുതായി വിഷ്ണുക്ഷേത്രം നിര്‍മ്മിക്കണമെന്നും ഇതിനായി ഭക്തജനങ്ങള്‍ മുന്നോട്ട് വരണമെന്നും മുഖ്യ ദൈവജ്ഞന്‍ കോട്ടൂര്‍ പ്രസാദ് നമ്പീശന്‍ ദേവഹിതമായി അറിയിച്ചതോടെ ക്ഷേത്രനിര്‍മ്മാണത്തിന് സഹകരണവുമായി ഇതേ വേദിയില്‍തന്നെ നിരവധി ഭക്തരാണ് മുന്നോട്ടുവന്നത്. വിഗ്രഹം സമര്‍പ്പിക്കാന്‍ ഒരു ഭക്തന്‍ തയ്യാറായെങ്കിലും മുഴുവന്‍ ഭക്തരുടെയും ചെറുതും വലുതുമായ ധന സഹായസഹകരണത്തോടുകൂടി മാത്രമേ വിഗ്രഹം നിര്‍മ്മിക്കാവൂവെന്ന് ദൈവജ്ഞന്‍ നിര്‍ദ്ദേശിച്ചു. 

വിഗ്രഹ സമര്‍പ്പണനിധിയിലേക്കുള്ള ആദ്യസംഭാവന ഏഴാച്ചേരി തുമ്പയില്‍ എസ്. അഭിനവ് കൃഷ്ണ് (മജീഷ്യന്‍ കണ്ണന്‍മോന്‍) മുഖ്യദൈവജ്ഞന്‍ കോട്ടൂര്‍ പ്രസാദ് നമ്പീശന് സമര്‍പ്പിച്ചു. അദ്ദേഹമത് ഇടപ്പാടി ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേലിനും വൈസ് പ്രസിഡന്റ് സതീഷ് മണിക്കും കൈമാറി. ദേവപ്രശ്‌നം കേള്‍ക്കാനെത്തിയ വല്‍സാ ബോസ്, സുജ വിനോദ്, ഓമന കരുണാകരന്‍, കെ.ബി. കലേഷ്, കുഞ്ഞുകുഞ്ഞ് ശാന്തി, രഞ്ജന്‍ ശാന്തി, സനീഷ് ശാന്തി, കാരണത്തില്ലത്ത് മധു നമ്പൂതിരി, രാജന്‍ ഈട്ടിക്കല്‍, പ്രസന്നന്‍, സുമ തച്ചിലേട്ട്, രാധമ്മ കോട്ടയം, സിന്ധു രാജന്‍ തുടങ്ങിയവരും ദേവപ്രശ്‌ന വേദിയില്‍തന്നെ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സാമ്പത്തികം ഉള്‍പ്പെടെ പലവിധ വാഗ്ദാനങ്ങള്‍ സമര്‍പ്പിച്ചു.  






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments